പെൺകുട്ടിക്കു നേരെയുള്ള അക്രമം: മദ്യലഹരിയിലെന്ന് പ്രതിയുടെ കുറ്റസമ്മതം

Friday 03 February 2023 3:00 AM IST

തിരുവനന്തപുരം: സുഹൃത്തിനൊപ്പം സൈക്ലിംഗിനെത്തിയ പെൺകുട്ടിയെ ചൊവ്വാഴ്ച രാത്രി വെള്ളയമ്പലത്തു വച്ച് ആക്രമിച്ചത് മദ്യലഹരിയിലെന്ന് പ്രതി മനുവിന്റെ കുറ്റസമ്മതം.ബുധനാഴ്ച രാവിലെ പേയാട്ടെ വീട്ടിൽ നിന്ന് പിടിയിലാകുമ്പോൾ കുറ്രം നിഷേധിച്ച പ്രതി സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ നിരത്തിയുള്ള പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം ഏറ്റുപറഞ്ഞു. പ്രതിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനും 354, 354എ വകുപ്പുകൾ ചുമത്തി. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. നഗരത്തിലെ പെയിന്റിംഗ് ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങവെ മദ്യലഹരിയിലായിരുന്നു പ്രതി. വെള്ളയമ്പലം ഭാഗത്തെത്തിയപ്പോഴാണ് സൈക്കിളിൽ പോയ യുവതിയെയും സുഹൃത്തിനെയും കാണുന്നതും പിന്തുടരുന്നതും. തുടർന്ന് ബൈക്ക് വേഗത കുറച്ച് ഇവർക്കരികിലെത്തി യുവതിയെ പിന്നിൽ നിന്ന് അടിക്കുകയായിരുന്നു തുടർന്നുള്ള അക്രമശ്രമം ഇവർ ചെറുത്ത് ബഹളംവച്ചതോടെ മനു ശാസ്‌തമംഗലം ഭാഗത്തേക്ക് ബൈക്ക് വേഗത്തിലോടിച്ച് രക്ഷപ്പെട്ടു. തുട‌‌ർന്ന് ഇരുവരും മ്യൂസിയം സ്റ്റേഷനിലെത്തി വിവരമറിയിച്ചു. ഇത്തവണ ഉണർന്ന് പ്രവർത്തിച്ച മ്യൂസിയം പൊലീസ് പേയാട് കുരിശുംമുട്ടം കെ.വി നഗറിലെ വീട്ടിൽ നിന്ന് മനുവിനെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി. അക്രമത്തിന് ശേഷം പ്രതി നേരെ പോയത് വീട്ടിലായിരുന്നു.

സുരക്ഷ അമ്പേ പരാജയം

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പതിവാകുമ്പോഴും നഗരത്തിലെ സർക്കാർ സുരക്ഷാ സംവിധാനങ്ങൾ അമ്പേ പരാജയപ്പെടുന്നുവെന്ന ആക്ഷേപം ശക്തമായി. മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ് ഹൗസ്,​രാജ്ഭവൻ,​കവടിയാറിലെ ഉന്നത ഉദ്യോഗസ്ഥരുടെ വസതികൾ,​മന്ത്രിമാരുടെ വസതികൾ,​കനകക്കുന്ന്, ​മ്യൂസിയം,​പബ്ളിക്ക് ഓഫീസ് എന്നിവയടങ്ങുന്ന അതീവസുരക്ഷ മേഖലയിൽ സ്ത്രീകൾ തുടരെ ആക്രമിക്കപ്പെടുന്നത് പൊലീസിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. രാത്രിയിലെ പട്രോളിംഗ് സംവിധാനം കൃത്യമല്ലെന്നും പൊലീസുകാർ സ്ഥിരമായി ഒരിടത്തുതന്നെ തമ്പടിച്ചുകിടക്കുന്നുവെന്നും ആക്ഷേപമുണ്ട്. സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് പട്രോളിംഗ് വീഴ്‌ച ന്യായീകരിക്കുന്നത്. അതേസമയം പട്രോളിംഗ് ശക്തമാക്കണമെന്ന പതിവ് നിർദ്ദേശമല്ലാതെ പൊലീസിന്റെ ഭാഗത്ത് നിന്ന് വേറൊരു നടപടിയുമുണ്ടായിട്ടില്ല.

കൺട്രോൾ റൂം വെഹിക്കിൾ,​ഹൈവേ പൊലീസ്,​അതത് സ്റ്റേഷനുകളിലെ പൊലീസ് സംഘം എന്നിവ പട്രോളിംഗ് നടത്തണമെന്നാണ് നിർദ്ദേശം.

Advertisement
Advertisement