' ഗർഭിണിയായിട്ടാണോ ജീൻസും വലിച്ചുകയറ്റി ചായവും പൂശി നടക്കുന്നത് '

Friday 03 February 2023 3:07 AM IST

 വാഹന പരിശോധനയ്‌ക്കിടെ ഗർഭിണിയെ അപമാനിച്ച് പൊലീസ്

തിരുവനന്തപുരം: വാഹന പരിശോധനയ്‌ക്കിടെ ഗർഭിണിയെയും ഭർത്താവിനെയും പൊലീസ് അപമാനിച്ചതായി പരാതി. ' ഇവൾ ഗർഭിണിയായിട്ടാണോ ജീൻസും വലിച്ചുകയറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നത് ' എന്നായിരുന്നു കിഴക്കേകോട്ടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്.ഐയുടെ പരാമർശം. ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചേകാലോടെ കിഴക്കേകോട്ട താലൂക്ക് ഓഫീസിന് സമീപത്തായിരുന്നു സംഭവം.

എസ്.ഐക്കെതിരെ നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയും ഡി.ജി.പി അനിൽകാന്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഇ-മെയിൽ വഴി പരാതി നൽകി. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ താലൂക്ക് ഓഫീസിന് സമീപത്തുനിന്ന് മണക്കാട് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പൊലീസ് തടയുകയായിരുന്നു. പിന്നാലെ ഇത് വൺവേയാണെന്നും നിയമം ലംഘിച്ചതിനാൽ 1000 രൂപ പിഴയടയ്‌ക്കണമെന്നും ആവശ്യപ്പെട്ടു.

വൺവേ ആണെന്ന് അറിയാതെ റോഡിലേക്ക് കയറിയതാണെന്നും കൈയിൽ പണമില്ലാത്തതിനാൽ തുക കോടതിയിൽ കെട്ടിവയ്‌ക്കാമെന്നും വിജിത്ത് പൊലീസിനോടു പറഞ്ഞു. എന്നാൽ പൊലീസുകാർ ഇതിന് വഴങ്ങാതെ ഇരുവരെയും പിടിച്ചുനിറുത്തുകയായിരുന്നു. ഭാര്യ ഗർഭിണിയാണെന്ന് പറഞ്ഞിട്ടും വിട്ടയയ്‌ക്കാൻ തയ്യാറായില്ലെന്ന് വിജിത്ത് പരാതിയിൽ വ്യക്തമാക്കി.