വന്ദേ മെട്രോ - ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ വരുന്നു

Friday 03 February 2023 4:09 AM IST

ന്യൂഡൽഹി:അന്തരീക്ഷ മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിനുകൾ ഡിസംബർ മുതൽ ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. വന്ദേ മെട്രോ എന്ന പേരിൽ തദ്ദേശീയമായി നിർമ്മിക്കുന്ന ട്രെയിൻ ഹിമാചൽ പ്രദേശിലെ കൽക്ക - സിംല ഹെറിറ്റേജ് പാതയിലാകും ഓടിത്തുടങ്ങുക.

ചെലവ്‌ കൂടുതലായതിനാൽ ഉടൻ വ്യാപകമാകാനിടയില്ല. ലോകത്ത് ഇപ്പോഴും ശൈശവാവസ്ഥയിലുള്ള ഹൈഡ്രജൻ ട്രെയിൻ (ഹൈഡ്രെയിൽ) ഹരിത സംരംഭങ്ങളിലേക്കുള്ള ഇന്ത്യയുടെ സുപ്രധാന ചുവടുവയ‌്പാണ്.

ഡീസൽ എഞ്ചിനിൽ നിന്ന് വ്യത്യസ‌്‌തമായി ഹൈഡ്രജൻ ഇന്ധന ബാറ്ററികളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് പ്രവർത്തനം. ഹൈഡ്രജനും ഒാക്‌സിജനും ചേർത്താണ് വൈദ്യുതിയുണ്ടാക്കുക.

ഗുണങ്ങൾ:

കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് പോലുള്ള ദോഷകരമായ വസ്‌തുക്കൾ പുറത്തേക്ക് വിടില്ല. നീരാവിയും വെള്ളവും മാത്രമാണ് ഉപ ഉൽപ്പന്നങ്ങൾ. ശബ്‌ദ മലിനീകരണമില്ല. ഒറ്റ ചാർജിൽ 1000 കിലോമീറ്റർ വരെ ഓടിക്കാം. മണിക്കൂറിൽ 140കിലോമീറ്റർ വരെ വേഗത

ചെലവ് ഭീമം ചെലവ് ഡീസൽ എഞ്ചിനേക്കാൾ 27% കൂടുതൽ. ഗ്രീൻ ഹൈഡ്രജന് ഇന്ത്യയിൽ വില കിലോയ്‌ക്ക് 492രൂപ.

ഒാട്ടം നാരോ ഗേജിൽ:

ആദ്യം കൽക്ക - സിംല റൂട്ടിൽ. തുടർന്ന് ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, മാഥേരൻ ഹിൽ റെയിൽവേ, കാൻഗ്ര വാലി, ബിൽമോറ വാഗായ്, മാർവാർ-ദേവ്ഗഢ് മദ്രിയ തുടങ്ങിയ ചരിത്രപ്രധാനമായ നാരോ ഗേജ് റൂട്ടുകളിൽ. ടൂറിസത്തിന് പ്രാധാന്യമുള്ള റൂട്ടുകളിൽ പരിസ്ഥിതി സൗഹൃദ യാത്രയാണ് ലക്ഷ്യം.

ആദ്യ ട്രെയിൻ ജർമ്മനിയിൽ

ഹൈഡ്രജൻ ട്രെയിൻ 2016ൽ ജർമ്മനിയിലാണ് ആദ്യം അവതരിപ്പിച്ചത്. 2018ൽ സർവീസ് തുടങ്ങി. ബ്രിട്ടനിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ, ഹൈഡ്രോഫ്ലെക്സ്, 2019 ൽ തുടങ്ങി. യു.എസ്, ചൈന, ജപ്പാൻ, തായ്‌വാൻ എന്നിവിടങ്ങളിലും ഹൈഡ്രജൻ ട്രെയിനുകളുണ്ട്.