ഓടിക്കൊണ്ടിരിക്കെ പുക ഉയർന്നു; പുറത്തെത്തിച്ചത് ഡോർ തകർത്ത്

Thursday 02 February 2023 10:14 PM IST

കണ്ണൂർ : ഓടിക്കൊണ്ടിരിക്കെ കാറിൽ തീ പിടിച്ച് മരിച്ച പ്രജിത്തിനേയും റീഷയേയും പുറത്ത് എത്തിച്ചത് കാറിന്റെ ഡോർ തകർത്ത്. തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയാണ് ഇരുവരെയും പുറത്ത് എത്തിച്ചത്. കാറിനുള്ളിൽ രണ്ട് പേർ തീപ്പിടിച്ചു നിലവിളിക്കുന്നത് കണ്ട ബൈക്ക് യാത്രികനാണ് ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചത്.

പത്തോളം ഉദ്യോഗസ്ഥർ പൊടുന്നനെ തന്നെ സംഭവ സ്ഥലത്തെത്തി തീയണച്ചു. ഫയർ സ്റ്റേഷന്റെ 100 മീറ്റർ അടുത്താണ് ദാരുണമായ സംഭവം നടന്നതെങ്കിലും ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും രണ്ട് പേരും മരണത്തിന് കീഴടങ്ങിയിരുന്നു. കാറിന്റെ ഡോർ വലിച്ചു തുറക്കാൻ പറ്റാത്തതിനെ തുടർന്ന് തല്ലി പൊളിക്കുകയായിരുന്നുവെന്ന് കണ്ണൂർ ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.വി.ലക്ഷ്മണൻ പറഞ്ഞു. ഡോർ കൈ കൊണ്ട് തുറക്കാൻ സാധിക്കാത്ത രീതിയിൽ ലോക്ക് ആയിരുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ ഡോറുകളോട് ചേർന്ന് ചാഞ്ഞ് ഇരിക്കുന്ന രീതിയിലായിരുന്നു. കാറിന്റെ മുൻ വശത്ത് ആയിരുന്നു കൂടുതലായി തീ പിടിച്ചത്.

കാറിന്റെ ഉൾവശം പൂർണമായും കത്തിയ നിലയിലാണ്. സ്റ്റേഷൻ ഓഫീസർ കെ. വി ലക്ഷ്മണൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. രാജീവൻ,ഫയർ ഓഫീസർമമാരായ വി.എം സതീശൻ, പി.മനോജ്‌,എം.സജാദ്, വി.കെ.റസീഫ്, എം.രജീഷ്,കെ. ഐ.അനൂപ്, കെ.പി.നസീർ, കെ.രാജേഷ്, എം.അനീഷ് കുമാർ എന്നിവർ ചേർന്നാണ് തീയണച്ചത്.