തീ പടർന്നത് സ്റ്റിയറിംഗ് വീലിൽ നിന്ന്

Thursday 02 February 2023 10:17 PM IST

എക്സ്ട്രാ ഫിറ്റിംഗായി ക്യാമറയും സ്‌ക്രീനും മാത്രം

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിക്കാനിടയായ തീ പടർന്നത് കാറിന്റെ സ്റ്റിയറിംഗ് വീലിന്റെ സമീപത്തു നിന്ന്. ആദ്യം കത്തിയത് കാറിന്റെ ഡാഷ് ബോർഡായിരുന്നു. പിന്നീടാണ് സീറ്റുകൾ ഉൾപ്പെടെയുള്ള മറ്റുള്ള ഉപകരണങ്ങളിലേക്ക് തീ പടർന്നത്. കാറിനകം പൂ‍ർണമായും കത്തി നശിച്ചെങ്കിലും എൻജിൻ റൂമിനോ ടയറുകൾക്കോ ഒരു തകരാറും സംഭവിച്ചില്ല.

ഷോർട്ട് സർക്ക്യൂട്ടാകാം അപകട കാരണമെന്നാണ് ഫോറൻസിക് ഉദ്യോഗസ്ഥർ പറയുന്നത്. എ.സിയിൽ നിന്ന് ഗ്യാസ് ലീക്കായതാണോ എന്നുൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷിക്കും. തീ പടരാൻ ഇടയാക്കിയ യഥാർത്ഥ കാരണമെന്തെന്ന് വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ സാധിക്കു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് നടത്തിയ പരിശോധനയിൽ കാറിൽ എക്സ്ട്രാ ഫിറ്റിംഗ് നടത്തിയത് ക്യാമറയും ക്യാമറ സ്ക്രീനും മാത്രമാണെന്നാണ് കണ്ടെത്തിയത്.ഉൾവശം പൂർണമായി കത്തി നശിച്ചതിനാൽ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. കാറിൽ എക്സ്ട്രാ ഫിറ്റിംഗ് നടത്തുമ്പോൾ വയറുകൾ മുറിക്കുകയും കൂട്ടിച്ചേർക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകൾ തമ്മിൽ ഗുണമേന്മയിലുള്ള വ്യത്യാസം പലപ്പോഴും ഷോര്‍ട്ട് സർക്യൂട്ടിനും അഗ്നിബാധയ്ക്കും കാരണമാകാറുണ്ടെന്നും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ പറയുന്നു. ചെറിയ ഷോർട്ട് സർക്യൂട്ട് നിമിഷങ്ങൾക്കകം ആളിക്കത്തിയത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

സ്റ്റിയറിംഗ് വീലിൽ നിന്ന് കത്താൻ ആരംഭിച്ച തീ ഡാഷ് ബോർഡിലേക്കും വണ്ടി ഓടിച്ച പ്രജിത്തിന്റെ കാലിലേക്കും ആണ് പടർന്നത്. അത് വളരെ പെട്ടെന്ന് കാറിനുൾവശത്തേക്ക് വ്യാപിക്കുകയായിരുന്നു. പെട്ടെന്ന് തീ കത്താൻ സഹായിക്കുന്ന എന്തെങ്കിലും വസ്തുക്കൾ കാറിലുണ്ടായിരുന്നോ എന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു.