ചായയിൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കേണ്ടത് ശർക്കര, ചെറിയൊരു മാറ്റം കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ അനവധിയാണ്; ഉടനെ തന്നെ പരീക്ഷിച്ച് നോക്കൂ

Thursday 02 February 2023 10:33 PM IST

പഞ്ചസാരയെ വെളുത്ത വിഷം എന്ന പേരിലാണ് പ്രകൃതിയോട് ഇണങ്ങുന്ന ഭക്ഷണം കഴിക്കണമെന്ന് വാദിക്കുന്നവർ വിശേഷിപ്പിക്കുന്നത്. മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം ശർക്കരയോ, ഇതിന് സമാനമായ മറ്റ് സാധനങ്ങളോ ഉപയോഗിക്കുന്നവരും ഉണ്ട്. അമിതമായി പഞ്ചസാര ഉപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, വീക്കം, ശരീരഭാരം, പ്രമേഹം, ഫാറ്റി ലിവർ തുടങ്ങിയ അസുഖങ്ങൾക്ക് ഇടവരുത്താം. ഇതിനാൽ ചായയിലും പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നവരുണ്ട്. മധുര പലഹാരങ്ങളിൽ പണ്ട് കാലം തൊട്ടേ ശർക്കര ഉപയോഗിച്ചു വരുന്നു.

പഞ്ചസാരയ്ക്ക് പകരക്കാരനായി ശർക്കരയെ ഉപയോഗിച്ചത് കൊണ്ട് പ്രമേഹം അടക്കമുള്ള രോഗങ്ങളെ മാറ്റി നിർത്താനാകില്ല. കൂടാതെ സീസണുകളിൽ വരുന്ന മാറ്റത്തിനനുസരിച്ച് ശർക്കര ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ആരോഗ്യപ്രദം. പ്രത്യേകിച്ച് ശൈത്യകാലത്ത് പഞ്ചസാരയേക്കാൾ ശർക്കര ചായയിൽ അടക്കം ഉൾപ്പെടുത്തുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളെന്തെല്ലാം എന്ന് നോക്കാം.

ചിട്ടയായ വ്യായാമത്തിനൊപ്പം ഭക്ഷണത്തിലെ നിയന്ത്രണമില്ലായ്മ മൂലം പലരിലും അമിത വണ്ണം ഉണ്ടാകാറുണ്ട്. ഭക്ഷണക്രമത്തിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങുന്ന ബേക്കറി പലഹാരങ്ങൾ ഉൾപ്പെടുത്തുന്നതും അമിത വണ്ണത്തിന് കാരണമാകും. അതിനാൽ പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായകരമാണ്. കലോറി കുറവായതിനാൽ തന്നെ അമിത ആശങ്കയില്ലാതെ തന്നെ ചായയിൽ അടക്കം ഉപയോഗിക്കാവുന്നതാണ്.

ശരീരത്തിൽ അയണിന്റ അഭാവം മൂലമാണ് വിളർച്ച എന്ന അവസ്ഥയുണ്ടാകുന്നത്. എന്നാൽ ഇതിന് പ്രതിവിധിയായി ശർക്കര ഉപയോഗിക്കാവുന്നതാണ്. ശർക്കരയിലെ അയണിന്റെ സാന്നിദ്ധ്യം തന്നെയാണ് ഇതിന് കാരണം.

ചുമയും കഫക്കെട്ടും വരുന്ന സമയത്ത് പലരും പാൽ അടങ്ങിയ കോഫിയും ചായയും ഒഴിവാക്കാറുണ്ട്. പാൽ ഒഴിവാക്കി കട്ടൻചായ ഉപയോഗിക്കുന്നതിനോടൊപ്പം പഞ്ചസാരയ്ക്ക് പകരമായി ശർക്കര കൂടി ഉൾപ്പെടുത്തിയാൽ ഈ രോഗവസ്ഥകൾക്ക് ശമനമുണ്ടാകും. കൂടാതെ ഹൃദയസംബന്ധമായ രോഗങ്ങൾ രക്തസമ്മർദ്ദം എന്നിവ ഒരു പരിധി വിടാതെ നിയന്ത്രിക്കുന്നതിനും ശർക്കര ഉപയോഗിക്കാവുന്നതാണ്.