ഒന്നാം വിളയുടെ കടം നിൽക്കെ രണ്ടാംവിളയ്‌ക്ക് കതിരു വന്നു

Friday 03 February 2023 12:00 AM IST

നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് നീ​ക്കി​​​വെ​ച്ച പ​ണം തീ​ർ​ന്ന​തോ​ടെ സംസ്ഥാനത്തെ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് മു​ന്നിൽ കൈ​മ​ല​ർ​ത്തുകയാണ് സ​പ്ലൈ​കോ. നെ​ല്ല് അളന്ന വ​ക​യി​ൽ 236.74 കോ​ടി രൂ​പ ക​ർ​ഷ​ക​ർ​ക്ക് സ​പ്ലൈകോ ന​ൽ​കാനുണ്ട്. സം​ഭ​രി​ച്ച് ഒ​രാ​ഴ്ച ക​ഴി​യു​മ്പോ​ഴേക്കും അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തു​മെ​ന്ന സ​ർ​ക്കാ​റി​ന്റെ ഉ​റ​പ്പ് പാ​ഴാ​യ​തോ​ടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക​ർ​ഷ​ക​ സമൂഹം ആശങ്കയിലാണ്.

നിലവിൽ കേ​ര​ള ബാ​ങ്കി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് കർഷകർക്കുള്ള കുടിശി​ക കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​പ്ലൈ​കോ. ഇതിന്റെ ന​ടപ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ തന്നെ ഒ​രു​മാ​സ​ത്തോ​ളം സമയമെ​ടു​ക്കും. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ നെല്ലളന്ന ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ക്കൂ.

ഇ​തു​വ​രെ 1.97 ല​ക്ഷം മെ​ട്രി​ക് ട​ൺ നെ​ല്ലാ​ണ് സ​പ്ലൈ​കോ സം​ഭ​രി​ച്ച​ത്. 557.55 കോ​ടി രൂ​പയാണ് ക​ർ​ഷ​ക​ർ​ക്ക് ഈ​ ഇ​ന​ത്തി​ൽ ന​ൽ​കാനുള്ളത്. ഇ​തു​വ​രെ 320.81 കോ​ടി രൂ​പ മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. ഏ​റ്റ​വും കൂടുതൽ തുക ലഭിക്കാനുള്ളത് നെല്ലറയായ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്കാണ് - 134.53 കോ​ടി രൂ​പ. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ര​ണ്ടാം വി​ളകൊയ്ത്ത് പ​ല​യി​ട​ത്തും ആരംഭിച്ചിട്ടും ഒ​ന്നാം വി​ള​യു​ടെ പ​ണം ല​ഭി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ​നി​ന്ന് യ​ഥാ​ക്ര​മം 1.2 മെ​ട്രി​ക് ട​ൺ, 7817 മെ​ട്രി​ക് ട​ൺ വീ​തം നെ​ല്ല് സം​ഭ​രി​ച്ചെ​ങ്കി​ലും സം​ഖ്യ ന​ൽ​കി​യി​ട്ടി​ല്ല. പ​ത്ത​നം​തി​ട്ട​യി​ലെ ക​ർ​ഷ​ക​ർ​ക്ക് 36,519 രൂ​പ​യും വ​യ​നാ​ട്ടി​ൽ 22.04 കോ​ടി രൂ​പ​യും ന​ൽ​കാ​നു​ണ്ട്.

മൂന്നിലൊന്ന് പേർക്കുപോലും

പണം നൽകിയില്ല

ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണം പൂർത്തിയായിട്ട് മാസം മൂന്നായി. പാലക്കാട്ടെ മൂന്നിലൊന്ന് കർഷകർക്ക് ഇപ്പോഴും സംഭരിച്ച നെല്ലിന്റെ വില സപ്ലൈക്കോ നൽകിയിട്ടില്ല. 2022 നവംബർ പത്തൊമ്പതോടെയാണ് പലരും സപ്ലൈക്കോയ്ക്ക് നെല്ല് നൽകിയത്. പലർക്കും രണ്ടരലക്ഷം രൂപയ്ക്ക് മേൽ കിട്ടാനുണ്ട്. പണം മുടങ്ങിയതോടെ രണ്ടാംവിള കൃഷിക്കും വളം ഇറക്കാനും പണമില്ലാതെ വലയുകയാണ് കർഷകർ. പാലക്കാട് മൂന്നിലൊന്ന് കർഷകർക്ക് നെല്ലുവില കിട്ടിയില്ല. 14,994 കർഷകർക്കാണ് പണം കിട്ടാനുള്ളത്.

പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 45,635 കർഷകരിൽ നിന്ന് നെല്ലെടുത്തു. 1,12,730 ടെൺ നെല്ലാണ് ആകെ സംഭരിച്ചത്. കാലാവസ്ഥാവ്യതിയാനവും വന്യമൃഗശല്യവും ഉൾപ്പെടെ വെല്ലുവിളികൾ നേരിട്ട് വിളവെടുത്ത നെല്ല് സപ്ലൈക്കോയ്ക്ക് അളന്നാൽ അതിന്റെ തുകകിട്ടാൻ സമരം ചെയ്യേണ്ട ഗതികേടിലാണ് കേരളത്തിലെ കർഷകർ.

സാമ്പത്തിക

പ്രതിസന്ധി രൂക്ഷം

നവംബറിൽ നെല്ലളന്നവർക്കു പോലും ഇനിയും വില ലഭിച്ചിട്ടില്ല. ഒന്നരമാസമായി വില വിതരണം സ്തംഭിച്ചിരിക്കുകയാണ്. എന്നു പുനരാരംഭിക്കുമെന്നതിലും വ്യക്തതയില്ല. കൃഷിക്കാർക്കു നൽകാനുള്ള തുകയെക്കുറിച്ച് സപ്ലൈകോയ്ക്കും മറുപടിയില്ല.

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു നെല്ലിന്റെ വില വിതരണത്തെയും ബാധിച്ചത്. ഡിസംബർ 9 വരെ പേയ്മെന്റ് ഓർഡർ അനുവദിച്ച കൃഷിക്കാരുടെ അക്കൗണ്ടിലേക്കു സംഭരണവില നൽകിയെന്നാണ് സപ്ലൈകോയുടെ അറിയിപ്പ്. അതേസമയം നവംബർ 20നു നെല്ലളന്നവർക്കു പോലും ഇനിയും തുക ലഭിക്കാനുണ്ടെന്ന് പറയുന്നു.

പാലക്കാട് ജില്ലയിൽ ഒന്നാം വിളയിൽ 1.13 ലക്ഷം മെട്രിക് ടൺ നെല്ലാണു ശേഖരിച്ചിട്ടുള്ളത്. 59,938 കൃഷിക്കാരാണ് ഒന്നാംവിള നെല്ലു സംഭരണത്തിനായി സപ്ലൈകോയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 45,635 കർഷകർ കോർപറേഷനു നെല്ലളന്നു. ജില്ലയിൽ ഇതുവരെ 226.9 കോടി രൂപയാണു നെല്ലിന്റെ വിലയിനത്തിൽ നൽകിയിട്ടുള്ളത്. ഒന്നാം വിളയിൽ സംഭരിച്ച നെല്ലിന്റെ വില കിട്ടാതായതോടെ കൃഷിക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

മില്ലുകാരുടെ ലാഭം

53.11 കോടി

റേഷൻകടകളിലേക്ക് നൽകുന്ന അരിയുടെ കസ്റ്റം മിൽഡ് റൈസ് ( സി.എം.ആർ ) തോത് പുനസ്ഥാപിച്ചതോടെ നെല്ല് സംഭരിക്കുന്ന മില്ലുകാരുടെ ലാഭം വർദ്ധിച്ചു. സി.എം.ആർ ക്വിന്റലിന് 68 ൽ നിന്ന് 64 ശതമാനമാക്കിയതോടെ മില്ലുകാർക്ക് പാലക്കാട് ജില്ലയിൽ നിന്ന് മാത്രമുള്ള ലാഭം 53.11 കോടി രൂപയാണ്. ഒരുകിലോ നെല്ലിൽ നിന്ന് ലഭിക്കുന്ന ശരാശരി അരിയുടെ തോത് 680 ഗ്രാമിൽ കൂടുതലായതാണ് കാരണം.

സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ നെല്ലുത്‌പാദനം നടക്കുന്നത് പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ്. ഈ രണ്ട് ജില്ലകളിലും ഉത്പാദനം കൂടിയ ഉമ മട്ട, പൊന്മണി നെല്ലിനങ്ങളാണ് ഉപയോഗിക്കുന്നത്. പൂന്തൽപ്പാടങ്ങൾ (ചെളികൂടിയ താഴ്ചപ്പാടങ്ങൾ) ആണ് ആലപ്പുഴയിലെ കുട്ടനാടിന്റെ പ്രത്യേകത. ഇവിടെ ശരാശരി ഉത്പാദനം 64 ശതമാനമാണെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് സി.എം.ആർ തോത് കേന്ദ്രമാനദണ്ഡമായ 68ൽ നിന്ന് 64 ശതമാനമാക്കി കുറയ്ക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചതും.

രണ്ടുവിളകളിലായി 60,000 ഹെക്ടറോളം നെൽക്കൃഷിയുള്ള പാലക്കാട്ട് സ്ഥിതി പക്ഷേ, വേറെയാണ്. പാലക്കാട്ടെ കൃഷിയിടങ്ങളിൽ ഉമ മട്ട, പൊന്മണി നെല്ലിൽ നിന്ന് ലഭിക്കുന്ന അരിയുടെ അളവ് കൂടുതലാണ്. ഒരു കിലോയിൽ നിന്ന് 680 ഗ്രാമിൽ കൂടുതൽ അരി ലഭിക്കും. ഒരു ക്വിന്റലിൽ (100 കിലോഗ്രാം) നിന്ന് 68 കിലോ അരി ലഭിക്കും. എന്നാൽ, ഇതിൽ 64 കിലോമാത്രം റേഷൻകടകളിലേക്ക് നൽകിയാൽ മതി. ഇതോടെ ഓരോ കിന്റൽ നെല്ല് അരിയാക്കുമ്പോഴും മില്ലുകാർക്ക് നാല് കിലോ അരി അധികം ലഭിക്കും. ഒരു കിലോ അരിക്ക്‌ പൊതുവിപണിയിൽ 40 രൂപ വിലകണക്കാക്കിയാൽ ഒരുക്വിന്റൽ നെല്ലിൽ മില്ലുകാർക്ക് ലാഭം 160 രൂപയാണ്. പാലക്കാട് ജില്ലയിൽ നിന്ന് 2022- രണ്ടാംവിളയിൽ സംഭരിച്ചത് 21,89,736 ക്വിന്റൽ നെല്ലാണ്. 2022-23 ഒന്നാംവിളയിൽ ജനുവരി 30വരെ 11,30,062 ക്വിന്റലും. ഇത്രയും നെല്ലിൽനിന്ന് 1,32,66,276 കിലോ അരി മില്ലുകാർക്ക് അധികം ലഭിക്കും. ഇതിന്റെ വില 53.17 കോടി രൂപ വരും. സർക്കാരിനുണ്ടാവുന്ന ഈ നഷ്ടം സപ്ലൈകോയ്ക്കുവേണ്ടി നെല്ലുസംഭരിക്കുന്ന 58 സ്വകാര്യ മില്ലുകൾക്കും രണ്ട് സർക്കാർ മില്ലുകൾക്കും ലാഭമായി മാറുന്നു. നെല്ലളന്ന കർഷകർക്ക് കോടികൾ കുടിശികയായി നിൽക്കുമ്പോഴാണ് മില്ലുകാർക്ക് ഈ ലാഭം.