ബാലചന്ദ്രന്റെ വേതാളരാഗവും ആനപ്രസവത്തിന്റെ വേദനയും

Friday 03 February 2023 12:00 AM IST

ബുധനാഴ്ച ഭാരത് ജോഡോ യാത്രയുടെ മഹത്വം അവതരിപ്പിച്ച് കത്തിക്കയറിയ കോൺഗ്രസ് അംഗം ഡോ.മാത്യു കുഴൽനാടൻ അതിന്റെ ആവേശജ്വാലയിൽ നിന്നുകൊണ്ടാണ് ഇന്നലെ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സി.പി.എം നേതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ച് സഭനിറുത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. അങ്ങനെ ചെയ്യേണ്ടതില്ലെന്ന് മന്ത്രി എം.ബി.രാജേഷ് ഉറപ്പിച്ച് പറഞ്ഞതോടെ കുഴൽനാടൻ ഉറഞ്ഞുതുള്ളി. ഒരുവിഭാഗം നേതാക്കൾ പാർട്ടിയുടെ പടികൾ ചവുട്ടിക്കയറുന്നത് മയക്കുമരുന്ന് ഇടപാടിലൂടെ പണം സമാഹരിച്ചാണെന്ന് കൂടി തള്ളിവിട്ടതോടെ ഭരണപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു.

ആലപ്പുഴയിൽ പി.പി ചിത്തരഞ്ജനെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ശ്രമിച്ചയാളാണ് കേസിലെ പ്രതിയെന്ന് കുഴൽനാടൻ പറഞ്ഞതോടെ , താൻ 'മാവിലായിക്കാര'നെന്ന മട്ടിൽ ചിത്തരഞ്ജൻ ഇരിപ്പിടത്തിൽ ഒന്നിളകി ഇരുന്നു. വിശദീകരണവുമായി എഴുന്നേറ്റ മന്ത്രി രാജേഷ്, മലർന്നുകിടന്ന് തുപ്പാൻ പാടുണ്ടോയെന്ന ചോദ്യവുമായാണ് കുഴൽനാടനെ പ്രതിരോധിച്ചത്.

ഗവർണറുടെ പ്രസംഗത്തിൽ നയവുമില്ല, പ്രഖ്യാപനവുമില്ലെന്ന് പരിഹസിച്ച ടി.സിദ്ദിഖിന് ആനപ്രസവത്തിന്റെ നൊമ്പരമാണ് പറയാനുണ്ടായിരുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാവപ്പെട്ടവർക്ക് 4,57,000 വീടുകൾ വച്ചുകൊടുത്തത് ആരും പറയാത്തതിലുള്ള പരിഭവമായിരുന്നു സിദ്ദിഖിന്. ഇടതുസർക്കാർ മൂന്നുലക്ഷത്തോളം വീടുകളാണ് ആകെ നൽകിയത്. ആന പ്രസവിച്ചാൽ ആരുമറിയില്ല, കോഴി മുട്ടയിട്ടാൽ ലോകം മുഴുവനറിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം. പുതിയൊരു രാഗവും അവതരിപ്പിച്ചാണ് സി.പി.ഐ അംഗം പി.ബാലചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തത്. സ്വന്തം ബഡ്ജറ്റിനെ 'അമൃതകാലത്തിന്റെ ശംഖൊലി' എന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ വിശേഷിപ്പിച്ചത് ബാലചന്ദ്രന് രസിച്ചില്ല. 'ദുരിതകാലത്തിന്റെ വേതാള രാഗ'മെന്നാണ് ബാലചന്ദ്രൻ ബഡ്ജറ്റിനെ വിശേഷിപ്പിച്ചത്. ഒപ്പനയിൽ മണവാട്ടിവരുംപോലെ ഗവർണർവന്ന് നയപ്രഖ്യാപനം നടത്തിയത് ആരും അപേക്ഷയുമായി പോയിട്ടല്ലെന്നും ബാലചന്ദ്രൻ പ്രതിപക്ഷത്തെ ഓർമിപ്പിച്ചു.

വെയിലുകൊണ്ട് രാജ്യം മുഴുവൻ നടക്കാനുള്ള ബാദ്ധ്യത രാഹുൽ ഗാന്ധിക്കുണ്ടെന്നാണ് എം.എം.മണിയുടെ പക്ഷം. ഗാന്ധിയെ വധിച്ചവർക്ക് ഭരണം കൊണ്ടുക്കൊടുത്തത് കോൺഗ്രസല്ലേ. രാഹുലും മാതാവും പെങ്ങളുമെല്ലാം വെയിലുകൊണ്ട് നടക്കേണ്ടതാണ്. ഇന്നത്തെ കോൺഗ്രസാണ് നാളത്തെ ബി.ജെ.പിയെന്നും മണി കണ്ടെത്തി. കുഴൽനാടൻ നാളെ താമരയും കൊണ്ടു നടക്കുന്നത് കാണാൻ ഇടവരാതിരിക്കട്ടെന്നും ആശംസിച്ചു. നാളെ മോദി തോറ്റെന്നിരിക്കട്ടെ, കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കേണ്ടിവരുമ്പോൾ തന്റെ പാർട്ടി കൃത്യമായ നിലപാടെടുക്കുമെന്നു പറഞ്ഞ മണി പ്രതിപക്ഷത്തോട് ഒരു ചോദ്യവും തൊടുത്തു, 'അറക്കും മുമ്പ് പിടയ്‌ക്കേണ്ട കാര്യമുണ്ടോ?​.

Advertisement
Advertisement