വിദേശരാജ്യങ്ങൾ സന്ദർശിക്കാനായി ഇത് വരെ ചെലവഴിച്ചത് 22 കോടി; പ്രധാനമന്ത്രിയുടെ വിദേശപര്യടനത്തിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ

Thursday 02 February 2023 11:17 PM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾക്കായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്ത്. 2019 മുതലുള്ള വിദേശപര്യടനത്തിനായി 22 കോടിയിലധികം രൂപയാണ് വിനിയോഗിച്ചുള്ലത്. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലായിരുന്നു പ്രധാനമന്ത്രിയുടെ യാത്രാചെലവിനായി 22.76 കോടി രൂപ ഇത് വരെ ചെലവഴിച്ചതായി വെളിപ്പെടുത്തിയത്.

21 വിദേശ സന്ദർശനങ്ങളാണ് ഈ കാലയളവിൽ പ്രധാനമന്ത്രി നടത്തിയത്. കൂടാതെ എട്ട് വിദേശയാത്രകൾ വഴി രാഷ്ട്രപതി 6.24 കോടി രൂപയും കേന്ദ്ര വിദേശകാര്യമന്ത്രി 86 യാത്രകൾ വഴി 20.87 കോടി രൂപയും പൊതു ഖജനാവിൽ നിന്നും ചെലവാക്കിയിട്ടുണ്ട്. കൃത്യമായ കണക്കുകൾ പ്രകാരം ₹ 6,24,31,424 രൂപയാണ് രാഷ്ട്രപതി ചെലവാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും യഥാക്രം ₹22,76,76,934 , ₹22,76,76,934 വീതം ചെലവാക്കിയിട്ടുണ്ട്.

2019 മുതൽ പ്രധാനമന്ത്രി ജപ്പാൻ മൂന്ന് തവണ സന്ദർശിച്ചതായും അമേരിക്ക, യുഎഇ എന്നീ രാജ്യങ്ങൾ രണ്ട് തവണ സന്ദർശിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രപതി എന്ന നിലയിൽ രംനാഥ് കൊവിന്ദ് ആണ് എട്ടിൽ ഏഴ് വിദേശയാത്രകളും നടത്തിയിട്ടുള്ളത്. അതേസമയം നിലവിലെ പ്രഥമവനിതയായ ദ്രൗപതി മുർമു എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ ബ്രിട്ടൺ സന്ദർശിച്ചിരുന്നു.