അക്രമം: 20 ഓളം വ്യാപാരികൾ ഗോഡൗൺ മാറ്റി സ്ഥാപിക്കും

Friday 03 February 2023 4:19 AM IST

തളിപ്പറമ്പ്: ചുമട്ടു തൊഴിലാളികൾ വ്യാപാരിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് മാർക്കറ്റ് റോഡിൽ നിന്ന് ഗോഡൗൺ മാറ്റിസ്ഥാപിക്കാനൊരുങ്ങി വ്യാപാരികൾ. മാർക്കറ്റ് റോഡിലെ ചുമട്ടു തൊഴിലാളികളും വ്യാപാരികളും നിരന്തരം തർക്കത്തിലാകുന്നത് ഒഴിവാക്കാനാണ് വ്യാപാരികൾ ഇത്തരമൊരു നടപടിക്കൊരുങ്ങുന്നത്. മാർക്കറ്റ് റോഡിൽ വെച്ച് കഴിഞ്ഞദിവസം വ്യാപാരി ഇസഹാക്കിന് മർദ്ദനമേറ്റിരുന്നു.

20 ഓളം വ്യാപാരികളുടെ കച്ചവടമാണ് ഇപ്പോൾ മാർക്കറ്റ് റോഡിൽ നടക്കുന്നത്. ഇവർ ഒന്നിച്ച് ഒരു സ്ഥലം ലീസിനെടുത്ത് സെൻട്രലൈസ്ഡ് ഗോഡൗൺ തുടങ്ങാനാണ് പരിപാടി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഈ വ്യാപാരികളുടെ പ്രത്യേകം യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. പുഷ്പഗിരിയിലടക്കം വിശാലമായ സ്ഥലം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഒരുകാലത്ത് തളിപ്പറമ്പ് താലൂക്കിന്റെ വ്യാപാര കേന്ദ്രമായിരുന്നു ഗോദയും മാർക്കറ്റ് റോഡും. പല കാരണങ്ങളാൽ ഇപ്പോൾ ഗോദയിൽ കാര്യമായ വ്യാപാരമൊന്നും നടക്കുന്നില്ല. അവശേഷിച്ചത് മാർക്കറ്റ് റോഡിലെ കച്ചവടമായിരുന്നു. ഇവിടുത്തെ ചുമട്ടുതൊഴിലാളികളെക്കുറിച്ച് പരാതി ഉണ്ടായതിനെ തുടർന്ന് നാല് പ്രമുഖ വ്യാപാരികൾ അവരുടെ ഗോഡൗൺ ഉണ്ടപ്പറമ്പ്, പുഴക്കുളങ്ങര, സയ്യിദ്നഗർ, കാര്യാമ്പലം എന്നിവിടങ്ങളിലേക്ക് മാറ്റി. ഇവിടെ സ്ഥലം ലീസിനെടുത്താണ് ഇവർ ഗോഡൗൺ പണിതത്. അവശേഷിക്കുന്ന വ്യാപാരികളാണ് ഇപ്പോൾ ഗോഡൗൺ മാറ്റുന്നത്.

ഗോഡൗൺ സ്ഥാപിക്കുന്നതിന്റെ മൊത്തം ചിലവ് ഇവർ തുല്യമായി എടുക്കാനും ആവശ്യമായ സ്ഥലം ഓരോ വ്യാപാരികൾക്ക് നൽകാനും മേൽനോട്ടം വ്യാപാരി വ്യവസായി ഏകോപനസമിതി നിർവഹിക്കാനുമാണ് ധാരണയിലെത്തിയിരിക്കുന്നത്.

ചുമട്ടുതൊഴിലാളികളെ

ആശ്രയിക്കേണ്ട

പുതിയ ഹൈക്കോടതി വിധിപ്രകാരം ചുറ്റുമതിലിനുള്ളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്വന്തം തൊഴിലാളികളെ വച്ച് ചരക്ക് ഇറക്കാനും കയറ്റാനും അവകാശമുണ്ടെന്നിരിക്കെ ഇവിടങ്ങളിൽ ചുമട്ടുതൊഴിലാളികളെ ആശ്രയിക്കേണ്ടിവരില്ല. ഏത് സമയത്തും ലോറിയിൽ നിന്ന് ചരക്ക് ഇറക്കാനും കയറ്റാനും സൗകര്യം ഉണ്ടാകുകയും ചെയ്യും. നിലവിൽ ചുമട്ടുതൊഴിലാളികൾക്ക് നൽകുന്നതിന്റെ പത്ത് ശതമാനം പോലും വേതനം നൽകേണ്ടിവരികയുമില്ല. ഈ കുറവ് ഉപഭോക്താക്കൾക്ക് നൽകുന്നതോടെ വ്യാപാരം വർദ്ധിക്കുമെന്നാണ് വ്യാപാരികളുടെ നിഗമനം.