അയോദ്ധ്യ ക്ഷേത്രത്തി​ലേക്ക് നേപ്പാളി​ൽ നി​ന്ന് സാള​​ഗ്രാമം  സംഘത്തി​ന് പൂജകളോടെ വരവേല്പ്

Thursday 02 February 2023 11:29 PM IST

അയോദ്ധ്യ: രാമജൻമഭൂമി ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന ശ്രീരാമന്റെയും ജാനകിയുടെയും പ്രതിമകളുടെ നിർമ്മാണത്തിനായി നേപ്പാളിൽ നിന്നെത്തിച്ച രണ്ട് കൂറ്റൻ സാളഗ്രാമ കല്ലുകൾക്ക് പുരോഹിതരും നാട്ടുകാരും ചേർന്ന് ഇന്നലെ സ്വീകരണം നൽകി. ശ്രീരാമ ജൻമഭൂമി തീർത്ഥ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറുന്നതിന് മുമ്പായി കല്ലുകൾ പൂമാലകൾകൊണ്ടലങ്കരിക്കുകയും പൂജാകർമ്മങ്ങൾ നടത്തുകയും ചെയ്തു. അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ പ്രധാന സമുച്ചയത്തിൽ പ്രതിമകൾ സ്ഥാപിക്കും.

നേപ്പാളിലെ മ്യാഗ്ദി, മുസ്താംഗ് ജില്ലകളിലൂടെ ഒഴുകുന്ന കാലി ഗന്ധകി പുഴയുടെ തീരത്ത് കാണപ്പെടുന്ന സാളഗ്രാമ കല്ലുകളാണ് എത്തിച്ചത്. സീതയുടെ ജൻമദേശമായി കരുതുന്ന ജനക്പൂരിൽ നിന്നാണ് വലിയ ട്രക്കുകളിൽ 18 ടണ്ണും 16 ടണ്ണും വരുന്ന കല്ലുകൾ എത്തിച്ചത്. ഗോരഖ്പൂരിൽ ബുധനാഴ്ച എത്തിയ ട്രക്കുകൾക്ക് വഴിനീളെ ഭക്തർ സ്വീകരണമൊരുക്കിയിരുന്നു. കല്ലുകൾ നൽകിയത് കൂടാതെ അയോദ്ധ്യയിൽ രാമപ്രതിമയിൽ ചേർക്കാനുള്ള വില്ലും നേപ്പാൾ നൽകുമെന്ന് നേപ്പാളി കോൺഗ്രസ് ലീഡറും മുൻ ഡപ്യൂട്ടി പ്രധാനമന്തിയും ജനക്പൂരിലെ ജാനിക ക്ഷേത്ര ഭാരവാഹിയുമായ ബിമലേന്ദ്ര നിധി പറഞ്ഞു.