ജമ്മുവിൽ പെർഫ്യൂം ബോംബുമായി അദ്ധ്യാപകനായ ഭീകരൻ പിടിയിൽ  പെർഫ്യൂം ബോംബ് രാജ്യത്ത് ആദ്യം

Thursday 02 February 2023 11:41 PM IST

ശ്രീനഗർ: ജമ്മുവിലെ നർവാൾ മേഖലയിലുണ്ടായ ഇരട്ട സ്ഫോടനക്കേസിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായ ലഷ്കർ-ഇ-ത്വയ്ബ ഭീകരനെ ജമ്മു-കാശ്മീർ പൊലീസ് അറസ്റ്റുചെയ്തു. റിയാസി ജില്ലക്കാരനായ ആരിഫ് അഹമ്മദാണ് അറസ്റ്റിലായ കൊടുംഭീകരൻ. ഇയാളുടെ പക്കൽ നിന്ന് പെർഫ്യൂം ബോംബ് പിടിച്ചെടുത്തു. രാജ്യത്ത് ആദ്യമായാണ് പെർഫ്യൂം കുപ്പിയിൽ സ്ഫോടക വസ്തു നിറച്ച ബോംബ് പിടിച്ചെടുക്കുന്നതെന്ന് ഡി.ജി.പി ദിൽബാഗ് സിംഗ് പറഞ്ഞു.

ജമ്മുവിൽ ജനുവരി 21ന് 9 പേർക്ക് പരിക്കേറ്റ നർവാൽ ഇരട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആരിഫിലേക്ക് എത്തിയത്. കഴിഞ്ഞവർഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്ഫോടനത്തിലും മേയ് 24ന് നാലു പേർ കൊല്ലപ്പെട്ട വൈഷ്ണോദേവി ക്ഷേത്ര തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ നടത്തിയ ആക്രമണത്തിലും ഇയാൾ പങ്കാളിയാണ്. നിരപരാധികളായ ആളുകളെ വകവരുത്തി വർഗ്ഗീയ സംഘർഷം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പിടിക്കപ്പെടാതിരിക്കാൻ ആക്രമണത്തിന് ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും ഉപയോഗിച്ച മൊബൈലും കത്തിച്ചു കളയുന്നതാണ് ഇയാളുടെ രീതിയെന്നതിനാൽ മറ്റ് ചില സൂചനകൾ പൊലീസിന് ലഭിച്ചതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യാനായത്.
പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. പെർഫ്യൂം ബോട്ടിലിനുള്ളിൽ മാരകശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച ബോംബ് പാകിസ്ഥാനിൽ നിന്നാണ് ആരിഫിന് ബോംബ് ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കുറച്ചുനാളുകളായി പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ ഇന്ത്യയുടെ അതിർത്തി പ്രദേശത്തേക്ക് എത്തുന്നുണ്ട്. ഡ്രോൺ വഴി അതിർത്തിയിൽ എത്തിച്ചതാവാം ബോംബുകൾ എന്നാണ് പൊലീസിന്റെ അനുമാനം. കണ്ടെത്തിയ പെർഫ്യൂം ബോംബ് നിർവീര്യമാക്കാനുള്ള നടപടികൾ തുടരുകയാണ്.

പെർഫ്യൂം ബോംബ്

പെർഫ്യൂം കുപ്പിയിൽ സ്ഫോടകവസ്തുക്കൾ നിറച്ച് നിർമ്മിക്കുന്ന ബോംബിൽ പെർഫ്യൂം പുറത്തുവരാനുള്ള ഭാഗത്തുള്ള ബട്ടണിൽ (ആക്ച്വേറ്റർ) വിരലമർത്തിയാൽ ഉഗ്രസ്ഫോടനം നടക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അമർത്തിയാൽ സ്ഫോടനം നടക്കുന്ന സംവിധാനം കൂടാതെ ടൈമർ ഉപയോഗിക്കുന്ന ബോംബും ഇവർ നിർമ്മിച്ചിട്ടുണ്ടെന്നാണ് അന്വേഷണോദ്യോഗസ്ഥർ കരുതുന്നത്.

Advertisement
Advertisement