വിഴിഞ്ഞത്ത് വിദേശവനിതയെ അപമാനിച്ച സംഭവം; ടാക്സി ഡ്രൈവർ അടക്കം അ‌ഞ്ച് പേർക്കെതിരെ കേസ്

Thursday 02 February 2023 11:42 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ബീച്ചിൽ പിന്തുടർന്ന് ശല്യം ചെയ്തതിന് ആന്റണി എന്ന ടാക്സി ഡ്രൈവർക്കും സംഘത്തിനുമെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി അടിമലത്തുറയിൽ വെച്ചായിരുന്നു സംഭവം. ബീച്ചിൽ നടക്കാനിറങ്ങിയ ഇവരെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരെ മ‌ർദ്ദിച്ചതിനും ആന്റണി അടക്കം അഞ്ച് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ആന്റണിയുടെ ടാക്സിയിൽ യുവതി നേരത്തെ സഞ്ചരിച്ചിരുന്നു. ഈ ബന്ധം മുതലെടുത്ത് ഫോൺ നമ്പർ കൈക്കലാക്കി ഇയാൾ യുവതിയെ ഫോൺ വഴിയും ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. യുവതിയെ അപമാനിക്കുന്നത് തടയാൻ ശ്രമിച്ച ഷെഫ് രാജ് ഷെയ്ക്കിന് സംഘത്തിന്റെ മർദ്ദനമേറ്റിരുന്നു. സംഭവത്തിൽ വിദേശവനിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.