പുനർ നി​ർമ്മി​ച്ച റോഡുകളും പൊളി​യുന്നു . നഗരത്തിൽ വീണ്ടും അപകടക്കെണി​

Friday 03 February 2023 12:41 AM IST
പുനർ നി​ർമ്മി​ച്ച റോഡുകളും

ആലപ്പുഴ: വീതിക്കുറവും ഗതാഗതക്കുരുക്കും കൊണ്ട് വീർപ്പുമുട്ടുന്ന ആലപ്പുഴ നഗരത്തിൽ, കോടികൾ ചെലവഴിച്ച് പുനർ നിർമ്മിച്ച റോഡുകളിലെ കുഴി​കൾ അപകടക്കെണി​യാവുന്നു. പൊലീസ് കൺട്രോൾ റൂം മുതൽ കെ.എസ്.ആർ.ടി.സി വഴി ചുങ്കം റോഡ്, കനാൽ കരയിലൂടെ പള്ളാത്തുരുത്തി പൊലീസ് ഔട്ട് പോസ്റ്റ് റോഡ്, കല്ലുപാലം- ചുങ്കംപാലം, കല്ലുപാലം- പഴവീട്, തിരുവമ്പാടി- കുതിരപ്പന്തി റോഡുകളും ഇടറോഡുകളുമാണ് തകർന്ന നിലയിലായത്. വൈറ്റ് ടോപ്പിംഗ് പദ്ധതിയിലുൾപ്പെടുത്തി കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ച റോഡുകളി​ൽ ഇന്റർ ലോക്ക് ജോലികൾ നടക്കുമ്പോഴും അപകടക്കെണിയാവുന്ന കുഴി​കൾ അടയ്ക്കുന്നതി​ൽ അലംഭാവം തുടരുകയാണ്. പൊലീസ് കൺട്രോൾ റൂമിനു മുന്നിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലും രൂപപ്പെട്ട കുഴികൾ ഇരുചക്ര വാഹനക്കാർക്ക് അപകടക്കെണിയാണ്. പൊലീസ് കൺട്രോൾ റൂമിന് മുന്നിൽ നിലവിലുണ്ടായിരുന്ന ഇന്റർ ലോക്ക് പുനസ്ഥാപി​ക്കൽ വൈകുന്നതാണ് പ്രധാന പ്രശ്നം. ഇതുവഴി മൂന്ന് ഭാഗത്തേക്ക് ബസുകളും മറ്റു വാഹനങ്ങളും തിരി​ഞ്ഞു പോകുന്നുണ്ട്.

രാത്രിയിൽ ഇവിടെ തെരുവ് വിളക്കുകൾ തെളി​യാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് മുന്നിലെ റോഡും യാർഡും തകർന്നിട്ട് നാളുകൾ കഴിഞ്ഞു. അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ കുഴികളിൽ വെള്ളം നിറയുന്നതും അപകടം വർദ്ധിക്കാൻ ഇടയാകുന്നു. കയർ യന്ത്രനിർമ്മാണ ഫാക്ടറി മുതൽ വൈ.എം. സി.എ വരെയുള്ള റോഡ് പൊളിച്ചിട്ടിരിക്കുന്നതും അപകടക്കെണി​യാണ്.

പൊതുമരാമത്ത് വകുപ്പ് ശരിയായ തരത്തിൽ റോഡുകളിലെ കുഴി അടച്ച് അപകടം ഒഴിക്കാക്കണം.

പ്രദേശവാസി​കൾ