അമ്പലപ്പുഴ- എറണാകുളം റെയി​ൽപാത ഇരട്ടിപ്പിക്കൽ . കേന്ദ്ര ബഡ്ജറ്റി​ൽ കാശി​ല്ല കാത്തി​രി​ക്കണം ഇനി​യും!

Friday 03 February 2023 1:48 AM IST
റെയി​ൽപാത ഇരട്ടിപ്പിക്കൽ

ആലപ്പുഴ: അമ്പലപ്പുഴ- എറണാകുളം തീരദേശപാത ഇരട്ടിപ്പിക്കാൻ കേന്ദ്ര ബഡ്ജറ്റിൽ ആവശ്യമായ ഫണ്ട് നീക്കി വയ്ക്കാത്തതിനാൽ ഇനിയും ഏറെനാൾ കാത്തി​രി​ക്കേണ്ട അവസ്ഥ! 2024ൽ പദ്ധതി പൂർത്തീകരിക്കലായിരുന്നു ലക്ഷ്യം.

110 കിലോമീറ്റർ ദൈർഘ്യമുള്ള കായംകുളം-എറണാകുളം പാതയിൽ അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ള 70 കിലോമീറ്ററാണ് ഇരട്ടിപ്പിക്കാനുള്ളത്. ഇതിൽ കുമ്പളങ്ങി- തുറവൂർ പാത ഇരട്ടിപ്പിക്കാൻ 560 കോടി നേരത്തെ അനുവദിച്ചിരുന്നു. തുറവൂർ- അമ്പലപ്പുഴ പാതയുടെ നിർമ്മാണം പൂർത്തീകരിക്കാൻ 1,500 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ബഡ്ജറ്റിൽ ഒരു രൂപ പോലും നീക്കി വയ്ക്കാത്ത സാഹചര്യത്തിൽ 2024ൽ പാത ഇരട്ടിപ്പിക്കൽ നടപ്പാവി​ല്ല.

സ്ഥലമുടമകൾക്ക് നഷ്ടപരിഹാരത്തുക പൂർണമായും റെയിൽവേ ബോർഡ് നൽകുമെന്നാണ് പറഞ്ഞിരുന്നത്. അമ്പലപ്പുഴ- തുറവൂർ പാതയുടെ വികസനത്തിനായി അടുത്ത മാസം 62 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിന് ആവശ്യമായ വിജ്ഞാപനം പോലും നടത്താനായിട്ടില്ല. തുറവൂർ- കുമ്പളങ്ങി പാതയ്ക്ക് അനുവദിച്ച തുക ഉപയോഗിച്ചുള്ള നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ആലപ്പുഴ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കൈതപ്പുഴ കായലിലെ പ്രധാന പാലം ഉൾപ്പെടെ നാല് പാലങ്ങളുടെ ടെണ്ടർ പൂർത്തിയായി. കൈതപ്പുഴ കായലിൽ ഒരുകിലോമീറ്ററുള്ളതാണ് പാലം.

# ഭൂമി ഏറ്റെടുക്കൽ ഇഴയുന്നു

തുറവൂർ മുതൽ ആലപ്പുഴ വരെ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമായി. ആലപ്പുഴ- അമ്പലപ്പുഴ ഭാഗത്ത് ഒന്നുമായില്ല. നിലവിൽ തീരദേശ പാതയിലൂടെ സർവീസ് നടത്തുന്ന മുഴുവൻ ട്രെയിനുകളും വൈകിയോടുന്നത് യാത്രക്കാരെ വലയ്ക്കുകയാണ്. കോട്ടയം വഴിയുള്ള സർവീസുകൾക്ക് തടസമുണ്ടായൽ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടാൻ കഴിയുന്ന വിധം പാത ഇരട്ടിപ്പിക്കണമെന്ന് റെയിൽവേ ബോർഡ് മുൻ ചെയർമാൻ ജോൺ തോമസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മിഷൻ 2024ൽ ഉൾപ്പെടുത്തിയത്. തിരുവനന്തപുരം ചീഫ് എൻജിനീയറുടെ പരിധിയിലുള്ള കായംകുളം - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ പൂർത്തീകരിച്ചു. എറണാകുളം മുതൽ അമ്പലപ്പുഴ വരെ എറണാകുളം ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ പരിധിയിലാണ്. ഇത് എങ്ങുമെത്തിയിട്ടില്ല.

മിഷൻ 2024ൽ ഉൾപ്പെടുത്തിയ തുറവൂർ- അമ്പലപ്പുഴ തീരപാതയുടെ വികസനത്തിന് ബഡ്ജറ്റിൽ തുക പ്രത്യേകമായി അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല. റെയിൽവേയ്ക്ക് അനുവദിച്ച തുകയിൽ നിന്ന് പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ തുക അനുവദിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയിട്ടുണ്ട്. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ തുക അനുവദിക്കണമെന്ന് ബഡ്ജറ്റിന് മുമ്പ് തന്നെ അധികൃതരെ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു

എ.എം. ആരിഫ് എം.പി, ആലപ്പുഴ

തീരദേശ പാതയുടെ വികസനത്തിന് പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും പാത ഇരട്ടിപ്പിക്കലിന് കേന്ദ്ര ബഡ്ജറ്റിൽ തുക അനുവദിക്കാത്തത് വഞ്ചനയാണ്. ദേശീയപാതയ്ക്ക് സമാന്തരമായുള്ള പാതയുടെ വികസനത്തിന് കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലും തുക അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്

അഡ്വ. ബി.ബാബു പ്രസാദ്, ഡി.സി.സി പ്രസിഡന്റ്

റെയിൽവേയുടെ വികസനത്തിന് കേന്ദ്രം നീക്കിവച്ചിട്ടുള്ള വിഹിതത്തിൽ നിന്ന് കായംകുളം-എറണാകുളം തീരപാതയുടെ ഇരട്ടിപ്പിക്കൽ ഉൾപ്പെടെയുള്ള വികസനത്തിന് ആവശ്യമായ തുക ലഭിക്കും. ആശങ്കപ്പെടെണ്ട കാര്യമില്ല

എം.വി.ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്

Advertisement
Advertisement