പല്ല് ഇല്ലാത്തതല്ലേ സ്റ്റൈൽ...

Friday 03 February 2023 12:53 AM IST

 ഹരിതകർമ്മസേനാംഗങ്ങളെ അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: 'എല്ലാവർക്കും പല്ലുള്ള ലോകത്ത് പല്ലില്ലാതെ ഇരിക്കുന്നതല്ലേ സ്റ്റൈൽ..' പല്ലില്ലാത്തതിനാൽ ഫോട്ടോയ്ക്ക് ചിരിക്കാൻ വിമുഖത കാട്ടിയ കരിമഠം കോളനിയിലെ ഹരിതകർമ്മ സേനാംഗമായ ബേബിയമ്മയോട് (72) മന്ത്രി എം.ബി.രാജേഷ് പറഞ്ഞതിങ്ങനെ. തങ്ങൾക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് മണക്കാട് വാർഡിലെ 60 വയസ് കഴിഞ്ഞ് ഒറ്റപ്പെട്ട് താമസിക്കുന്നവർക്കും രോഗികൾക്കും അവശ്യസാധനങ്ങളടങ്ങിയ കിറ്റെത്തിക്കുന്ന ഹരിതകർമ്മ സേനാസംഘത്തെ കരിമഠം കോളനിയിൽ അഭിനന്ദിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ശാരീരിക അവശതകൾക്കിടയിലും മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്ന ബേബിയെപ്പോലുള്ള 16 അംഗ സംഘമായ ഹരിതകർമ്മ സേനയാണ് ശുചിത്വ കേരളത്തിനായുള്ള കേരളത്തിന്റെ സേനയെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ശുചിത്വ തൊഴിലാളികളോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയർ ആര്യാ രാജേന്ദ്രനും മന്ത്രിക്കൊപ്പം കോളനിയിലെത്തി. ഹരിതക‌ർമ്മ സേനാംഗങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മേയർ ചോദിച്ചറിഞ്ഞു. സർക്കാർ നിർമ്മിച്ചുനൽകിയ സെൽവിയുടെ വീട് ഇരുവരും സന്ദർശിച്ചു.

പ്രചോദനമായത് കൈപ്പേറിയ അനുഭവങ്ങൾ

കരിമഠം കോളനിയിലെ ദാരിദ്ര്യമേറിയ ജീവിതമാണ് മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ സേനാംഗങ്ങൾക്ക് പ്രചോദനമായത്. പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്,​ തങ്ങളുടെ അവസ്ഥ മറ്റാർക്കും വരരുതെന്ന ചിന്തയാണ് ഈ പദ്ധതിക്ക് കാരണമായത്. ആറുമാസം മുമ്പ് ആരംഭിച്ച പദ്ധതി രണ്ടുമാസം കൊണ്ട് മണക്കാട് വാർഡിലെ ഭൂരിഭാഗം വീടുകളിലും വ്യാപിപ്പിച്ചു. ശമ്പളത്തിൽ നിന്ന് ഓരോ അംഗവും മാറ്റിവയ്ക്കുന്ന 1000 രൂപയാണ് മൂലധനം. നിലവിൽ 15 കുടുംബങ്ങളിൽ കിറ്റ് എത്തിക്കുന്നുണ്ട്. മാലിന്യശേഖരണത്തിലെ വരുമാനം കൂടുന്നതനുസരിച്ച് കൂടുതൽ വീടുകളിൽ ഭക്ഷ്യക്കിറ്റ് എത്തിക്കാനാവും. വരുമാനം ഒരു കോടിയാക്കുമെന്ന് കോഓർഡിനേറ്റർ അശ്വതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.