കാലിത്തീറ്റ വീണ്ടും വില്ലനായി: 47 കന്നുകാലികൾക്കും രണ്ട് ആടിനും ഭക്ഷ്യവിഷബാധ

Friday 03 February 2023 12:11 AM IST

കോട്ടയം: കാലത്തീറ്റ കഴിച്ചതിനെ തുടർന്ന് ജില്ലയിലെ 47 കന്നുകാലികൾക്കും രണ്ട് ആടിനും വീണ്ടും ഭക്ഷ്യവിഷബാധ. ഇതോടെ ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ കന്നുകാലികളുടെ എണ്ണം 201 ആയി. ഇന്നലെ 10 പഞ്ചായത്തുകളിലെ മൃഗങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മാഞ്ഞൂർ, വെളിയന്നൂർ, എലിക്കുളം, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്.

വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. 18 കർഷകരുടെ 47 കന്നുകാലികൾക്കും രണ്ട് ആടുകൾക്കും ഇന്നലെ രോഗം റിപ്പോർട്ടു ചെയ്തു.

കടുത്തുരുത്തിയിൽ ചത്ത കന്നുകാലിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദഹനേന്ദ്രീയ വ്യവസ്ഥ പൂർണമായും രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും കണ്ടെത്തിയതായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു. ആന്തരിക അവയവങ്ങളും കാലിത്തീറ്റ സാമ്പിളും രാസപരിശോധനയ്ക്കായി തിരുവനന്തപുരം റീജിയണൽ കെമിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. കാലിത്തീറ്റ, വൈക്കോൽ, കൈതയില എന്നിവയുടെ സാമ്പിളും വിദഗ്‌ദ്ധ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

'കാലിത്തീറ്റ കഴിച്ച് രോഗാവസ്ഥയിലായ കന്നുകാലികളുടെ പാൽ ഉത്പാദനം പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട്. രോഗം ഭേദമായ കന്നുകാലികളിലും പാലുത്പാദനം ചുരുങ്ങിയിട്ടുണ്ട്".

- ഡോ. പി.കെ. മനോജ് കുമാർ

ഇന്നലെ രോഗം സ്ഥിരീകരിച്ചത്

 മാഞ്ഞൂർ -14

 എലിക്കുളം-7

 കുറവിലങ്ങാട്-3

 വെളിയന്നൂർ-4

 നീണ്ടൂർ-2

 മീനടം-3

 ആർപ്പൂക്കര- 8

 വാഴൂർ- 1

 പാമ്പാടി- 2

 അതിരമ്പുഴ- 5

 ആകെ- 49

 ഇതുവരെ രോഗം സ്ഥിരീകരിച്ചത്- 201