തെലങ്കാന മുഖ്യമന്ത്രിക്ക് ഷൂസുമായി വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷ

Friday 03 February 2023 12:15 AM IST

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ ‘ഒപ്പം നടക്കാൻ’ ക്ഷണിച്ച് വൈ.എസ്.ആർ തെലങ്കാന പാർട്ടിയുടെ അദ്ധ്യക്ഷ വൈ.എസ്. ഷർമ്മിള ഒരു ജോഡി ഷൂസുവുമായി രംഗത്തെത്തി. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനായി തനിക്കൊപ്പം ഒരു ദിവസത്തെ പദയാത്രയ്ക്ക് മുഖ്യമന്ത്രിക്ക് സമ്മതമാണെങ്കിൽ ധരിക്കാനുള്ള ഷൂസ് സമ്മാനമായി നൽകുമെന്ന് ഒരു ജോഡി ഷൂസ് ഉയർത്തിപ്പിടിച്ചു കൊണ്ട് ഷർമ്മിള അറിയിച്ചു.

മുഖ്യമന്ത്രിക്ക് പാകമാകുന്ന സൈസാണ് ഇതെന്നാണ് താൻ കരുതുന്നതെന്നും പാകമായില്ലെങ്കിൽ മാറ്റിയെടുക്കാനായി ബില്ലും ഇതോടൊപ്പമുണ്ടെന്നും ഷർമ്മിള മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് താൻ പറയുന്നത് തെറ്റാണെന്നു തെളിഞ്ഞാൽ മാപ്പു പറഞ്ഞ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വീട്ടിലേക്കു പോകുമെന്നും ഷർമ്മിള പറഞ്ഞു. എന്നാൽ, പറയുന്ന കാര്യങ്ങൾ യാഥാർത്ഥ്യമെന്ന് വ്യക്തമായാൽ മുഖ്യമന്ത്രി രാജിവച്ച് ജനങ്ങളോട് മാപ്പു പറയണം. സമ്പന്നമായ സുവർണ സംസ്ഥാനമെന്ന് പറയുമ്പോഴും കർഷകർ കടക്കെണിയിലാണ്, സ്ത്രീകൾ പട്ടിണിയിലാണ്. തൊഴിൽ ലഭിക്കാതെ യുവാക്കൾ ആത്മഹത്യ ചെയ്യുകയാണെന്നും അവർ പറഞ്ഞു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുടെ സഹോദരിയാണ് വൈ.എസ്.ആർ. ഷർമ്മിള. ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള പ്രജാപ്രസ്ഥാനം പദയാത്രയുടെ ഭാഗമായാണ് എത്തിയത്. മാസങ്ങൾക്ക് മുമ്പ് പദയാത്രയ്ക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് നിറുത്തിവച്ചിരിക്കുകയായിരുന്നു.