ബഡ്‌ജറ്റ് സ്വപ്‌നങ്ങളിൽ വിമാനത്താവളവും റബറും

Friday 03 February 2023 12:16 AM IST

കോട്ടയം: ഇന്നവതരിപ്പിക്കുന്ന സംസ്ഥാന ബഡ്‌ജറ്റിൽ വിമാനത്താവളവും റബറിനുള്ള കൈത്താങ്ങുമുൾപ്പെടെ നിറഞ്ഞ പ്രതീക്ഷകളാണ് കോട്ടയത്തിന്. കാർഷിക, വ്യാവസായിക, ഗതാഗത മേഖലയ്‌ക്കുള്ള പദ്ധതികളാണ് ജില്ല പ്രതീക്ഷിക്കുന്നത്. കോമ്പൗണ്ട് റബറിന്റെ ഇറക്കുമതി തീരുവ വർദ്ധനയിലൂടെ കേന്ദ്രത്തിന്റെ സഹായം കർഷകർക്ക് ലഭിക്കുമ്പോൾ വിലസ്ഥിരതാ ഫണ്ട് വർദ്ധിപ്പിച്ചുള്ള ബംമ്പർ സംസ്ഥാന ബഡ്ജറ്റിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. റബർ വില 250 ആക്കണമെന്ന് ജോസ് കെ. മാണി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതും ബഡ്‌ജറ്റ് മുന്നിൽക്കണ്ടാണ്. താങ്ങുവില 200 ആക്കിയാലും നേട്ടമാകും. വെള്ളൂരിൽ നിർമ്മാണം ആരംഭിക്കുന്ന റബർ പാർക്കിന് കൂടുതൽ പരിഗണന ലഭിക്കുമെന്ന് വ്യവസായ ലോകവും കരുതുന്നു. നെല്ലിന്റെ താങ്ങുവില വർദ്ധനയും സംഭരണ തുക യഥാസമയം നൽകുന്നതിനുള്ള പദ്ധതിയും കർഷകർ പ്രതീക്ഷിക്കുന്നുണ്ട്.

വെള്ളൂർ കെ.പി.പി.എല്ലിനായി കൂടുതൽ തുക വകയിരുത്തുമെന്നും പ്രതീക്ഷയുണ്ട്. നിലവിൽ ഇവിടെ പേപ്പർ നിർമ്മിക്കുന്നുണ്ടെങ്കിലും ബുക്ക് പേപ്പറുൾപ്പെടെയുള്ള ഉത്പാദനത്തിന് സർക്കാരിന്റെ കൈത്താങ്ങ് ആവശ്യമാണ്. വ്യവസായങ്ങൾക്ക് ആവശ്യമായ പിന്തുണ ബഡ്ജറ്റിൽ ഉണ്ടാകുമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരും വിശ്വസിക്കുന്നു.

 ചിറകടിക്കുമോ ശബരിമല വിമാനത്താവളം
കഴിഞ്ഞ വർഷം രണ്ടു കോടി രൂപ നീക്കിവയ്‌ക്കുകയും മണ്ണു പരിശോധിക്കുകയും ചെയ്ത ശബരിമല വിമാനത്താവളത്തിന്റെ തുടർ പ്രവർത്തനത്തിന് കൂടുതൽ തുകയും പ്രതീക്ഷിക്കുന്നുണ്ട്. വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടതുപ്രകാരം സാങ്കേതിക, സാമ്പത്തിക സാദ്ധ്യതാ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വലിയ റൺവേക്കുള്ള സാദ്ധ്യതാ പഠനവും ഇവിടെ കഴിഞ്ഞു. ഭൂമി ഏറ്റെടുക്കലിന് വീണ്ടും വിജ്ഞാപനം നടത്തിയ സാഹചര്യത്തിൽ സർക്കാരിന്റെ പിന്തുണ ആവശ്യമാണ്.

അതേസമയം എം.സി റോഡ് നവീകരണത്തിന് കഴിഞ്ഞ ബഡ്ജറ്റിൽ 150 കോടി അനുവദിച്ചിരുന്നു. കൈയേറ്റമൊഴിപ്പിച്ചു തുടങ്ങിയിരുന്നു. സമാനമായ രീതിയിൽ ജില്ലയിലെ പ്രധാന പാതകൾ നവീകരിക്കാൻ ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. പടിഞ്ഞാറൻ മേഖലയിലുൾപ്പെടെ പുതു റോഡുകൾക്കായി പണം നീക്കിവയ്ക്കുമെന്നും അഭ്യൂഹമുണ്ട്.

മെഡിക്കൽ കോളേജിനും എം.ജി സർവകലാശാല ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടുതൽ കരുതലുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. കുറവിലങ്ങാട്ടെ സയൻസ് സിറ്റിയുടെ പൂർത്തീകരണത്തിനായുള്ള കൈത്താങ്ങും ഉണ്ടായേക്കും.

കഴിഞ്ഞ ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ എന്തായി
 എം.ജി സർവകലാശാലയ്‌ക്ക് അനുവദിച്ച 40 കോടിയ്‌ക്ക് സോളാർ ഊർജകേന്ദ്രം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് തുടക്കമിട്ടു. സീപാസ് മരുന്നു പരിശോധനാ ലാബും തുടങ്ങുന്നു.
 ചാവറ സ്‌മാരകത്തിന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. പ്രാരംഭ നടപടികളായി. കഴിഞ്ഞ ദിവസം പ്രോജക്ട് അംഗീകരിച്ചു.
 മേലുകാവ് പഞ്ചായത്തിലെ കുരിശുങ്കൽ പാലത്തിന് അഞ്ചു കോടിയും മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നവീകരണത്തിന് രണ്ടുകോടി യും അനുവദിച്ചു. സൊസൈറ്റിക്ക് പുതിയ ഭരണസമിതിയെ നിയമിച്ചു. സൊസൈറ്റിയുടെ നവീകരണം തുടങ്ങിയിട്ടില്ല.
 കൃഷ്ണപിള്ള സ്മാരകത്തിന് രണ്ട് കോടി അനുവദിച്ചെങ്കിലും തുടങ്ങിയില്ല.
 വേമ്പനാട് കായൽ ശുചീകരണത്തിന് 20 കോടി. പക്ഷേ തുടങ്ങിയില്ല.
 കാഞ്ഞിരപ്പള്ളി ചിറക്കൽപാറയിൽ പുതിയ പാലത്തിന് 13 കോടി രൂപ ഉൾപ്പെടെ 20 പ്രവൃത്തികൾ. റോഡുകൾ, സ്‌കൂളുകൾ കെട്ടിടങ്ങൾ, ആരോഗ്യ മേഖലയിൽ ആശുപത്രി കെട്ടിടങ്ങൾ എന്നിങ്ങനെ പദ്ധതികൾ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പുതിയ ബ്ലോക്ക് ആരംഭിക്കാനായില്ല. ചമ്പക്കര ഗവ. എൽ.പി സ്‌കൂൾ, കങ്ങഴ ഗവ. എൽ.പി. സ്‌കൂൾ കാഞ്ഞിരപ്പള്ളി ഗവ. സ്‌കൂൾ എന്നിവയുടെ കെട്ടിട നിർമാണവും ആരംഭിച്ചിട്ടില്ല.
 ചങ്ങനാശേരിയിൽ പടിഞ്ഞാറൻ ബൈപ്പാസ് പദ്ധതിയെ പൊതുമരാമത്തുവകുപ്പ് അവഗണിച്ച നിലയിൽ. മനയ്ക്കച്ചിറ ടൂറിസം കേന്ദ്രം, ടേക് എ ബ്രേക്ക് പദ്ധതി എന്നിവ പാതിവഴിയിൽ.
 കോട്ടയത്ത് ശാസ്ത്രിറോഡിന്റെ നവീകരണം പൂർത്തിയായി. മറ്റ് പലതിലും പ്രാഥമിക പേപ്പർ ജോലികൾ മാത്രം.
 മുണ്ടക്കയത്ത് ഫയർ സ്റ്റേഷനായി കെട്ടിടം കണ്ടെത്തി. ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 10 കോടി, ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തൽ തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ തുടങ്ങിയില്ല.

Advertisement
Advertisement