ജാമ്യം ലഭിച്ചിട്ടും മോചനം വൈകുന്നത് ഒഴിവാക്കാൻ സുപ്രീംകോടതി മാർഗ്ഗനിർദ്ദേശം
ന്യൂഡൽഹി: ജാമ്യ ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ ജാമ്യം ലഭിച്ചതിന് ശേഷവും ജയിലിൽ കഴിയുന്ന സാഹചര്യമുണ്ടാകരുതെന്ന് സുപ്രീംകോടതി. സാമ്പത്തിക സ്ഥിതി മെച്ചമെല്ലാത്ത ഒരു തടവുകാരൻ ബോണ്ടോ ജാമ്യമോ നൽകുന്നത് വരെ താത്ക്കാലിക ജാമ്യം അനുവദിക്കുന്നത് കോടതികൾക്ക് പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ മാർഗ്ഗരേഖയിൽ പറയുന്നു.
കോടതിയുടെ ജാമ്യ ഉത്തരവ് അതേ ദിവസമോ അടുത്ത ദിവസമോ ജയിൽ സൂപ്രണ്ട് വഴി ഇ മെയിലായി തടവുകാരന് അയക്കണം. ജാമ്യം അനുവദിച്ച തീയതി മുതൽ ഏഴ് ദിവസത്തിനുള്ളിൽ തടവുകാരനെ വിട്ടയച്ചില്ലെങ്കിൽ പാരാ ലീഗൽ വോളണ്ടിയറെ അനുവദിക്കാനായി ഡി.എൽ.എസ്.എ സെക്രട്ടറിയെ ഇക്കാര്യം അറിയിക്കേണ്ടത് ജയിൽ സൂപ്രണ്ടിന്റെ കടമയാണ്. പ്രതിയുടെ സാമ്പത്തിക സ്ഥിതി കണ്ടെത്താൻ ഡി.എൽ.എസ്.എ സെക്രട്ടറിക്ക് പാരാ ലീഗൽ വോളണ്ടിയർമാരുടെ സഹായം തേടാം.
ഒരു മാസം കഴിഞ്ഞിട്ടും ജാമ്യ ബോണ്ടുകൾ നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട കോടതി സ്വമേധയ കേസെടുത്ത് ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യമുണ്ടോയെന്ന് പരിഗണിക്കാം. ജാമ്യം ലഭിക്കുന്നത് വൈകുന്നതിന് ഒരു കാരണം പ്രാദേശിക തലത്തിലുള്ള ജാമ്യത്തിനുള്ള നിർബ്ബന്ധമാണ്. അത്തരം കേസുകളിൽ കോടതി പ്രാദേശിക ജാമ്യത്തിന്റെ വ്യവസ്ഥകൾ ചുമത്തരുതെന്നും ജസ്റ്റിസ് സഞ്ജയ്കിഷൻ കൗൾ, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിർദേശിക്കുന്നു.