മീനച്ചിലാറിലെ മണൽ ഖനനം നിറുത്തണമെന്ന് ന​ദീ സംരക്ഷണസമിതി

Friday 03 February 2023 12:40 AM IST

കോട്ടയം: പുഴയ്‌ക്കും തീരത്തിനും ആഘാതമുണ്ടാക്കുന്ന മീനച്ചിലാറിലെ മണൽ ഖനനം അവസാനിപ്പിക്കണമെന്ന് കേരളാ ന​ദീ സംരക്ഷണസമിതി ആവശ്യപ്പെട്ടു. 2001ലെ നദീതീരസംരക്ഷണ നിയമത്തി​ന്റെ അടിസ്ഥാനത്തിലാണ് മണൽ ഖനനം നടത്തേണ്ടത്. പത്തു വർഷം മുമ്പ് റവന്യൂ വകുപ്പ് പുഴകളിൽ മണൽ ഓഡിറ്റ് നടത്തിയിരുന്നു. ഇതി​ന്റെ അടിസ്ഥാനത്തിൽ മീനച്ചിൽ ഉൾപ്പെടെയുള്ള പുഴകളിലെ മണൽ ഖനനം താത്കാലികമായി നിരോധിച്ചിരുന്നു. വീണ്ടും ഓഡിറ്റ് നടത്തിയ ശേഷമേ മണൽ വാരാവൂ.

പ്രളയനിയന്ത്രണത്തിനെന്ന വാദം ഉയർത്തി നിയമങ്ങളും മാർ​ഗനിർദ്ദേശങ്ങളും കാറ്റിൽപ്പറത്തിയാണ് പുഴയുടെ തീരങ്ങൾ വരെ ഇടിക്കുന്നത്. ഇതുമൂലം അടിത്തട്ട് ഏറെ താഴ്‌ത്തുന്നത് പുഴയുടെ സ്വാഭാവികമായ ചെരിവ് ഇല്ലാതാക്കും. തുടർന്ന് നീരൊഴുക്കി​ന്റെ വേ​ഗത കുറയ്ക്കും. ഇത് പ്രളയസ്ഥിതി രൂക്ഷമാക്കും. ജലനിരപ്പ് താഴുന്നത് വേനൽക്കാലത്ത് പരിസരപ്ര​​ദേശങ്ങളിൽ രൂക്ഷമായ ജലദൗർലഭ്യത്തിന് വഴിയൊരുക്കുമെന്നും സമിതി പറഞ്ഞു.