കേരള അഗ്രോ ഫുഡ് പ്രൊ നാളെ മുതൽ തൃശൂരിൽ

Friday 03 February 2023 1:07 AM IST

തൃശൂർ : കാർഷിക ഭക്ഷ്യ സംസ്‌കരണ സംരംഭകർക്ക് സുസ്ഥിരമായ വിപണി ഉറപ്പു വരുത്താനും ഈ മേഖലയിലെ സമഗ്ര പുരോഗതിയും ലക്ഷ്യം വെച്ച് വ്യവസായ വാണിജ്യ വകുപ്പ് നടത്തുന്ന കേരള അഗ്രോ ഫുഡ് പ്രൊ ഫെബ്രുവരി 4 മുതൽ 7 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ:കെ.എസ് കൃപകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ മേഖലയിലെ മൂല്യവർദ്ധിത ഉൽപാദക സംരംഭകർ, യന്ത്ര നിർമ്മാതാക്കൾ, നാനോ ഗൃഹസംരംഭകർ, എന്റർപ്രെണർഷിപ്പ് ക്ലബുകൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവർ മേളയിൽ പങ്കെടുക്കും. പ്രദർശന വിപണനമേള, സാങ്കേതിക ശില്പശാലകൾ, തനത് ഭക്ഷ്യമേള, സാങ്കേതികവിദ്യാ കൈമാറ്റം, യന്ത്രപ്രദർശനവും വിവരണവും, കലാ സംസ്‌കാരിക പരിപാടികൾ, വിഷയാധിഷ്ഠിത പാചക മത്സരം എന്നിവയാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

മേള നാലിന് രാവിലെ 11ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ടി.എൻ.പ്രതാപൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വാർഡ് കൗൺസിലർ പൂർണ്ണിമ സുരേഷ് എന്നിവർ പങ്കെടുക്കും.

എം.എസ്.എം.ഇ.ഡി.എഫ്.ഒ ഡയറക്ടർ ജി.എസ്.പ്രകാശ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ഭവദാസ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ജിഷ.കെ.എ, ഡെപ്യൂട്ടി രജിസ്ട്രാർ സി.ലിനോ ജോർജ്ജ് എന്നിവർ പങ്കെടുത്തു.