പെഷവാർ സ്ഫോടനം : ചാവേർ എത്തിയത് പൊലീസുകാരന്റെ വേഷത്തിൽ

Friday 03 February 2023 6:26 AM IST

ഇസ്ലാമാബാദ് : തിങ്കളാഴ്ച പാകിസ്ഥാനിലെ പെഷവാറിൽ മുസ്ലിം പള്ളിയിൽ ബോംബാക്രമണം നടത്തിയ ചാവേർ എത്തിയത് പൊലീസ് വേഷത്തിൽ. പെഷവാറിലെ പൊലീസ് ആസ്ഥാനമടക്കം സ്ഥിതി ചെയ്യുന്ന സമുച്ചയത്തോട് ചേർന്ന് പൊലീസുകാർക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യത്തിനായി നിർമ്മിച്ച അതീവ സുരക്ഷാ വലയത്തിലുള്ള പള്ളിയിലേക്ക് ചാവേർ വേഷം മാറി നുഴഞ്ഞു കയറുകയായിരുന്നു. ആക്രമണത്തിന് പിറ്റേന്ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പൊലീസ് കണ്ടെടുത്ത തല ചാവേറിന്റേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ 101 പേർ കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യറിപ്പോർട്ട്. എന്നാൽ, മരണ സംഖ്യ 84 ആണെന്ന് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന സ്ത്രീ ഒഴികെ മരിച്ച മറ്റെല്ലാവരും പൊലീസുകാരാണ്.

ഭീകര ശൃംഖലയുടെ ഭാഗമായ ചാവേർ മോട്ടോർ സൈക്കിളിലാണ് എത്തിയതെന്നും ആക്രമണത്തിന് പിന്നിലെ ഭീകര ഗ്രൂപ്പിലേക്ക് തങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് യൂണിഫോം ധരിച്ചിരുന്നതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ പരിശോധിച്ചില്ലെന്നും ഇത് ഗുരുതര വീഴ്ചയാണെന്നും ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലെ പൊലീസ് തലവൻ മൗസം ജാ അൻസാരി പറഞ്ഞു. ചാവേറിന്റെ സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും ഇയാൾ മാസ്കും ഹെൽമറ്റും ധരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ, ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാൻ (തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ - ടി.ടി.പി) ആദ്യം ഏറ്റെടുത്തിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞിരുന്നു. മറ്റ് ഭീകര സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുമില്ല. പ്രാദേശിക ഭീകരവാദ ഗ്രൂപ്പുകളെയാണ് സംശയിക്കുന്നത്.

400ഓളം പൊലീസ് ഉദ്യോഗസ്ഥർ ആക്രമണ സമയത്ത് പള്ളിയ്ക്കകത്തും പുറത്തുമായുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് പള്ളിയിൽ പ്രാർത്ഥനക്കായി മുൻ നിരയിലിരുന്നവർക്കൊപ്പം ഇരുന്ന ചാവേർ പൊട്ടിത്തെറിച്ചത്. ബോംബാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.