മ്യാൻമറിൽ അടിയന്തരാവസ്ഥ നീട്ടി

Friday 03 February 2023 6:27 AM IST

യാങ്കോൺ: മ്യാൻമറിൽ അടിയന്തരാവസ്ഥ ആറ് മാസത്തേക്ക് കൂടി നീട്ടിയെന്ന് നാഷണൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. 2021 ഫെബ്രുവരിയിൽ ഓംഗ് സാൻ സൂചി ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത സൈന്യം രാജ്യത്ത് അടിയന്തരാവസ്ഥ ഏ‌ർപ്പെടുത്തുകയായിരുന്നു. വരുന്ന ഓഗസ്റ്റോടെ രാജ്യത്ത് സ്വതന്ത്രവും ന്യായവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പട്ടാള തലവൻ മിൻ ഓംഗ് ഹ്ലെയിംഗ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ,​ ജനുവരി അവസാനത്തോടെ കാലാവധി കഴിയേണ്ടിയിരുന്ന അടിയന്തരാവസ്ഥ വീണ്ടും നീട്ടിയതിനാൽ തിരഞ്ഞെടുപ്പ് വൈകാനിടയുണ്ട്.