നോട്ടിൽ നിന്ന് എലിസബത്ത് രാജ്ഞിയെ ഒഴിവാക്കാൻ ഓസ്ട്രേലിയ

Friday 03 February 2023 6:36 AM IST

കാൻബെറ : ഓസ്‌ട്രേലിയയിൽ അഞ്ച് ഡോളറിന്റെ കറൻസിയിൽ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം ഒഴിവാക്കുന്നു. രാജ്യത്തെ തദ്ദേശീയ ജനതയുടെ സംസ്‌കാരവും പാരമ്പര്യവും ഇടകലർന്ന ചിത്രം പകരം ചേർക്കാനാണ് ഓസ്‌ട്രേലിയൻ റിസേർവ് ബാങ്കിന്റെ നീക്കം.

തീരുമാനത്തിന് സർക്കാരും പിന്തുണയറിയിച്ചു. അതേ സമയം,​ കറൻസിയുടെ മറുവശത്തുള്ള ഓസ്‌ട്രേലിയൻ പാർലമെന്റിന്റെ ചിത്രം നിലനിറുത്തും. മാറ്റങ്ങൾ നിലവിൽ വരാൻ ഏതാനും വർഷങ്ങൾ വേണ്ടി വരും. അതുവരെ നിലവിലെ കറൻസി തന്നെ തുടരും.

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ചാൾസ് മൂന്നാമൻ രാജാവാണ് ഓസ്‌ട്രേലിയ അടക്കമുള്ള കോമൺവെൽത്ത് രാജ്യങ്ങളുടെ ഭരണാധികാരിയെന്ന പദവി വഹിക്കുന്നത്. ആചാരപരമായി ഒതുങ്ങുന്ന പദവിയാണെങ്കിലും രാജവാഴ്ച തുടച്ചുനീക്കണമെന്ന ആവശ്യം ഓസ്ട്രേലിയയിലുൾപ്പെടെ ജനങ്ങൾക്കിടെ സജീവമാണ്.