തത്ത ഡോക്ടറെ വീഴ്ത്തി, ഉടമയ്ക്ക് പണി കിട്ടി !
തായ്‌പെയ് : വളർത്തുതത്ത ഒരു ഡോക്ടറെ മുറുവേൽപ്പിച്ചെന്ന കുറ്റത്തിന് ഉടമയ്ക്ക് 91,350 ഡോളർ ( 74 ലക്ഷം രൂപ ) പിഴയും രണ്ട് മാസം ജയിൽ ശിക്ഷയും. തായ്‌വാനിലാണ് സംഭവം. ഡോ. ലിൻ ആണ് അയൽക്കാരനായ ഹുവാങ്ങിനെതിരെ കേസ് കൊടുത്തത്. ' പ്രതിയായ " മക്കോ ഇനത്തിലെ വളർത്തു തത്തയേയും ഇതേ ഇനത്തിലെ തന്നെ മറ്റൊരു തത്തയേയും ഹുവാങ്ങ് ജോഗിങ്ങിന് ഒപ്പം കൂട്ടി. അവയെ സ്വതന്ത്രമായി പറക്കാനും അനുവദിച്ചു. ഇതിനിടെ തത്ത പിറകിൽ നിന്ന് പറന്ന് അവിടെ ഓടിക്കൊണ്ടിരുന്ന ലിന്നിന്റെ തോളിൽ ചെന്നിരിക്കുകയും കൂറ്റൻ ചിറകുകൾ തുടർച്ചയായി അടിക്കുകയും ചെയ്തു. ഞെട്ടിപ്പോയ ലിൻ പെട്ടെന്ന് തെന്നി നിലത്തുവീണു. വീഴ്ചയിൽ അദ്ദേഹത്തിന്റെ ഇടുപ്പെല്ല് പൊട്ടി സ്ഥാന ചലനമുണ്ടായി. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞ ലിന്നിന് ആറ് മാസത്തേക്ക് ജോലി ചെയ്യാനാകില്ല. മൂന്ന് മാസം പ്രത്യേക പരിചരണവും വേണം. തുടർന്ന് ഹുവാങ്ങിനെതിരെ ലിൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. ഒരു പ്ലാസ്റ്റിക് സർജനായതിനാൽ ഏറെ നേരം നിന്ന് ശസ്ത്രക്രിയകൾ ചെയ്തിരുന്നയാളാണ് ലിൻ. നടക്കാൻ കഴിയുമെങ്കിലും ഇനി ലിന്നിന് അത്രയും നേരം നിൽക്കാനായേക്കില്ലത്രെ. ഇതോടെയാണ് നഷ്ടപരിഹാരത്തിനായി അദ്ദേഹം തായ്‌നാൻ ഡിസ്ട്രിക്ട് കോടതിയെ സമീപിച്ചത്. കേസ് വളരെ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. ഹുവാങ്ങിന്റെ അശ്രദ്ധയാണ് അപകടത്തിൽ കലാശിച്ചതെന്ന് കോടതി പറഞ്ഞു. 40 സെന്റീമീറ്റർ ഉയരവും ചിറകുകൾ തമ്മിൽ 60 സെന്റീമീറ്റർ വീതിയുമുള്ള കൂറ്റൻ തത്തയെ വളർത്തുമ്പോൾ അതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളും ഹുവാങ്ങ് അവലംബിക്കേണ്ടിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. അതേ സമയം, കോടതി വിധി മാനിക്കുന്നെന്ന് പറഞ്ഞ ഹുവാങ്ങ് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പറഞ്ഞു. ഇത്രയും ഭീമമായ തുക തനിക്ക് നൽകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറയുന്നു.