മോദിയുടെ യു.എസ് സന്ദർശനം: സ്ഥിരീകരിക്കാതെ വിദേശകാര്യ മന്ത്രാലയം
ന്യൂയോർക്ക് : യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണിലോ ജൂലായിലോ യു.എസ് സന്ദർശിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നിർദ്ദിഷ്ട സന്ദർശനത്തെയോ തീയതിയോ കുറിച്ച് സംസാരിക്കാൻ ഇപ്പോഴാകില്ലെന്നും നിരവധി നയതന്ത്ര സന്ദർശനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
' മാദ്ധ്യമ റിപ്പോർട്ടുകളെ പറ്റി അഭിപ്രായം പറയാനാകില്ല. ഉചിതമായ സമയത്താണ് ഞങ്ങൾ ഉന്നതതല സന്ദർശനങ്ങൾ പ്രഖ്യാപിക്കുന്നത്. മാദ്ധ്യമ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അത്തരം റിപ്പോർട്ടുകളോട് അഭിപ്രായം പറയുന്നില്ല " മോദിയുടെ സന്ദർശനം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
യു.എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന മോദി വൈറ്റ്ഹൗസിലെ അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്നും സന്ദർശന തീയതി നിശ്ചയിക്കാൻ ഇന്ത്യയിലെയും യു.എസിലെയും നയതന്ത്ര ഉദ്യോഗസ്ഥർ ചർച്ച ആരംഭിച്ചെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു.