പാർട്ടി നടത്താൻ മൃഗശാലയിലെ ആടുകളെ കൊന്ന് ഡയറക്ടർ
മെക്സിക്കോ സിറ്റി : ക്രിസ്മസ് പാർട്ടിക്കായി മൃഗശാലയിലെ ജീവികളെ ഡയറക്ടർ കൊന്നതായി ആരോപണം. തെക്കൻ മെക്സിക്കോയിലെ ചിൽപാൻസീങ്കോ പട്ടണത്തിലെ ഒരു പ്രാദേശിക മൃഗശാലയിലാണ് സംഭവം. ആരോപണ വിധേയനായ മൃഗശാല ഡയറക്ടർ ജോസ് റൂബൻ നാവയെ ജനുവരി 12ന് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. മൃഗശാലയിലെ നാല് പിഗ്മി ആടുകളെ ജോസ് കൊന്ന് മൃഗശാല വളപ്പിൽ വച്ച് പാകം ചെയ്ത് ക്രിസ്മസ് പാർട്ടി നടത്തി ജീവനക്കാർ അടക്കമുള്ള അതിഥികൾക്ക് വിളമ്പിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ ആടുകൾ ഭക്ഷ്യയോഗ്യമായിരുന്നില്ലെന്നും ജോസിന്റെ പ്രവർത്തി നിരവധി മനുഷ്യജീവനുകളെ അപകടത്തിലാക്കിയെന്നും അധികൃതർ പറയുന്നു. മാത്രമല്ല, മൃഗശാലയിലെ ജീവികളെ ഇയാൾ സ്വകാര്യ വ്യക്തികൾക്ക് വിറ്റെന്നും കണ്ടെത്തി. കന്നുകാലികളെയും മാനുകളെയുമാണ് ഇയാൾ വിറ്റത്. കഴിഞ്ഞ മാസം മൃഗശാലയിൽ നിന്ന് പരിക്കേറ്റ നിലയിലെ ഒരു മാൻ പുറത്ത് ചാടുകയും പിന്നാലെ അതിനെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ തുടങ്ങിയ അന്വേഷണമാണ് ജോസിൽ എത്തിനിൽക്കുന്നത്. മൃഗശാലയ്ക്ക് ചുറ്റുമുള്ള ചില അറ്റക്കുറ്റപ്പണികൾക്കായി ഉപകരണങ്ങൾ വാങ്ങാൻ ഒരു സീബ്രയേയും ഇയാൾ വിറ്റെന്ന് പറയപ്പെടുന്നു. എന്നാൽ മൃഗശാല പരിസരത്ത് അത്തരം ഉപകരണങ്ങളൊന്നും കണ്ടെത്താനായില്ല. അതേ സമയം, ഡസൻ കണക്കിന് ജീവികളെ മൃഗശാലയിൽ നിന്ന് കാണാതായിട്ടുണ്ട്. ഇവയ്ക്കായുള്ള അന്വേഷണം തുടരുകയാണ്.