സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു; വിടവാങ്ങിയത് 'ശങ്കരാഭരണം' ഉൾപ്പടെ ശ്രദ്ധേയമായ ചിത്രങ്ങളൊരുക്കിയ പ്രതിഭ

Friday 03 February 2023 8:24 AM IST

ഹൈദരാബാദ്: തെലുങ്ക് സിനിമാ സംവിധായകനും ചലച്ചിത്രനടനുമായ കെ.വിശ്വനാഥ് അന്തരിച്ചു. 91 വയസായിരുന്നു. കാശിനാധുണി വിശ്വനാഥ് എന്ന കെ.വിശ്വനാഥ് 1980ൽ സംവിധാനം ചെയ്‌ത ശങ്കരാഭരണം ആദ്യകാലത്തെ പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. മലയാളത്തിലടക്കം ചിത്രം മൊഴിമാ‌റ്റി പ്രദർശിപ്പിച്ച് വൻ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു.

1930ൽ ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച വിശ്വനാഥ് 1951ൽ പാതാളഭൈരവി എന്ന തെലുങ്ക് ചിത്രത്തിന്റെ സഹസംവിധായകനായാണ് ചലച്ചിത്ര ലോകത്തെത്തിയത്. 1965ൽ 'ആത്മഗൗരവം' എന്ന ചിത്രത്തിലൂടെ സംവിധായകനായി. സാഗര സംഗമം, സ്വാതികിരണം, സ്വർണ കമലം, ശ്രുതിലയമു, സ്വരാഭിഷേകം എന്നിങ്ങനെ നിരവധി ശ്രദ്ധേയചിത്രങ്ങൾ അദ്ദേഹം ഒരുക്കി.

ശങ്കരാഭരണത്തിന് 1980ലെ മികച്ച ചിത്രത്തിനുളള സ്വർണ്ണകമലം ലഭിച്ചു. ആറ് തവണ നന്ദി പുരസ്‌കാരങ്ങളും അഞ്ച് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടി. 1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2016ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും ലഭിച്ചു.