ഒന്നിച്ച് ജീവിക്കണമെന്ന ആവശ്യവുമായി പീഡിപ്പിച്ചയാൾക്കൊപ്പം പെൺകുട്ടി സ്റ്റേഷനിൽ, യുവാവ് ഭാര്യയും കുട്ടിയുമുള്ള ടിപ്പർ ഡ്രൈവർ, വിട്ടയച്ച് കോടതി

Friday 03 February 2023 9:46 AM IST

പത്തനംതിട്ട: പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡ് കഴിഞ്ഞിറങ്ങിയ പ്രതി ഇരയ്‌ക്കൊപ്പം സ്റ്റേഷനിൽ ഹാജരായി. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിയോടൊപ്പം പോയാൽ മതിയെന്ന് പെൺകുട്ടി പറഞ്ഞതോടെ ഇയാൾക്കൊപ്പം വിട്ടയച്ചു. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

പത്തനംതിട്ട വനിതാ സ്‌റ്റേഷനിൽ കഴിഞ്ഞ നവംബർ 10 ന് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പ്രതി ഇലവുംതിട്ട അയത്തിൽ മംഗലശേരിൽ വീട്ടിൽ അരവിന്ദാണ് (37) റിമാൻഡ് കാലാവധിക്കുശേഷം ഇരയായ പെൺകുട്ടിയുമായി മുങ്ങിയത്.

പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന കേസിലാണ് ഇയാളെ അറസ്റ്റുചെയ്തത്. ടിപ്പർ ഡ്രൈവറായ അരവിന്ദിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

വീട്ടിൽ അതിക്രമിച്ചു കയറി നിരന്തരം പീഡിപ്പിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ഈ കേസിൽ റിമാൻഡിലായിരുന്ന അരവിന്ദ് പുറത്തിറങ്ങിയിട്ട് ഒരാഴ്ചയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ചയാണ് അരവിന്ദ് പെൺകുട്ടിയുമായി കടന്നത്. നിലവിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ട്.