കൃഷ്ണൻ കുട്ടിയുടെ  ചെറിയ ചായക്കടയ്ക്ക്  മുന്നിൽ യാദൃശ്ചികമായെത്തിയ വൃദ്ധൻ ജീവിതം മാറ്റിമറിച്ചു, ഇന്ന് ഇത് നാടൻ കടികളുടെ സൂപ്പർ മാർക്കറ്റ് 

Friday 03 February 2023 10:04 AM IST

ഇരവിനെല്ലൂർ പോസ്റ്റ് ഓഫീസ് പരിസരത്തെ കൃഷ്ണൻകുട്ടിയുടെ ബോണ്ടക്കട നാടിന്റെ രുചിയായിട്ട് ഒന്നര പതിറ്റാണ്ടിലേറെയായി. ഒറ്റവാക്കിൽ പറഞ്ഞാൽ നാടൻ കടികളുടെ സൂപ്പർ മാർക്കറ്റാണ് പുതുപ്പള്ളി മേച്ചേരിക്കാലായിൽ കൃഷ്ണൻകുട്ടിയുടെ കട. മാവിൽ ശർക്കരയും കടലയും പഴവും ചേർന്ന് എണ്ണയിൽ തിളക്കുന്ന വലിയ ബോണ്ട. പാത്രങ്ങളിൽ കുന്ന്‌പോലെ സുഖിയനും മടക്കുസാനും വെട്ടകേക്കും നെയ്യപ്പവും ഉഴുന്നുവടയും. ബോണ്ടാക്കടയുടെ രുചിയറിയാൻ അന്യജില്ലക്കാർ വരെ പിടിച്ചെത്തുന്നുണ്ട്. രാവിലെ തയ്യാറാക്കുന്നത് ഉച്ചയ്ക്ക് മുമ്പ് തീരും. അതിനനുസരിച്ച് വിറകടുപ്പിലെ തിളച്ച എണ്ണയിൽ പലഹാരങ്ങൾ മുങ്ങിപ്പൊങ്ങും.

രാവിലെ എഴിന് കൃഷ്ണൻ കുട്ടിയും ഭാര്യ സുശീലയും ഹാജർ. സഹായത്തിന് പ്രസാദും നാരായണനുമൊക്കെയുണ്ട്. രാത്രി 8.30വരെ തിരക്കാണ്. പാഴ്സൽ വാങ്ങാനും ചായയ്‌ക്കൊപ്പം കൊറിക്കാനും ആളുകളുടെ നിര. നാലുമണിക്കാലത്ത് കടയുടെ പരിസരത്ത് നീണ്ട ക്യൂ. ഒരുദിവസം പോലും വിശ്രമമില്ല. മക്കൾ: ശ്രീജിത്, ശ്രീകാന്ത്, ശ്രീക്കുട്ടി.

പതിനെട്ട് വർഷത്തെ രുചിമേളം

കൂലിപ്പണിക്കാരനായിരുന്ന കൃഷ്ണൻകുട്ടി യാദൃശ്ചികമായാണ് ചായക്കട തുടങ്ങുന്നത്. ഇരവിനെല്ലൂരിലെ പീടിക വാടകയ്‌ക്കെടുത്ത് ദോശയും ചെറുകടികളുമൊക്കെയായി ആരംഭിച്ചു. ഒരുദിവസം കടയ്ക്ക് മുന്നിലെത്തിയ ഒരു വൃദ്ധനെ കണ്ടു. പേര് ശശി. സംസാരിച്ചപ്പോഴാണ് ശശി നന്നായി പലഹാരമുണ്ടാക്കുമെന്നറിയുന്നത്. അന്നു മുതൽ പലഹാരങ്ങൾക്കൊണ്ട് കട നിറഞ്ഞു. ബോണ്ടാക്കടയെന്ന പേരുമിട്ടു.

സാധാരണക്കാർ മുതൽ രാഷ്ട്രീയക്കാരും ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുമൊക്കെ ബോണ്ടാക്കടയുടെ രുചിയറിയാൻ ദിവസവുമെത്തും.

'പന്ത്രണ്ട് രൂപയാണ് കടികൾക്ക്. നാടൻരീതിയിലാണ് ഉണ്ടാക്കുന്നത്. ചേരുവകളുടെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചയുമില്ലാത്തതാണ് ആളുകൾ ഇഷ്ടപ്പെടാൻ കാരണം'.

കൃഷ്ണൻകുട്ടി