ബഡ്ജറ്റിന് കൈയടിയുമായി അഫ്ഗാനിൽ നിന്നും താലിബാൻ! ആകർഷിച്ചത്  ഈ വാഗ്‌ദാനം

Friday 03 February 2023 2:07 PM IST

കാബൂൾ : കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് താലിബാൻ. കേന്ദ്ര ബഡ്ജറ്റിൽ അഫ്ഗാനിസ്ഥാന് ഇന്ത്യ പ്രഖ്യാപിച്ച 200 കോടി രൂപയുടെ സഹായ പാക്കേജിനെ താലിബാൻ അഭിനന്ദിച്ചു. താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ സഹായ ഹസ്തം നീട്ടുന്നതെന്ന് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.


'അഫ്ഗാനിസ്ഥാന്റെ വികസനത്തിന് ഇന്ത്യ നൽകുന്ന പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കും,' താലിബാൻ സർക്കാർ പ്രതിനിധി സുഹൈൽ ഷഹീൻ പറഞ്ഞു. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുക്കും മുൻപ് കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ ഇന്ത്യ മുൻകൈ എടുത്ത് നടത്തിയിരുന്നു. എന്നാൽ താലിബാൻ അധികാരത്തിൽ വന്നതോടെ ഇന്ത്യ അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം നിർത്തലാക്കി. അതേസയമം മാനുഷിക സഹായങ്ങൾ തുടരുകയും ചെയ്തു.

'അഫ്ഗാനിസ്ഥാനിൽ ഇന്ത്യ ധനസഹായം നൽകുന്ന വിവിധ പദ്ധതികൾ ഉണ്ടായിരുന്നു. ഈ പദ്ധതികളുടെ പ്രവർത്തനം ഇന്ത്യ പുനരാരംഭിച്ചാൽ, അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും അവിശ്വാസം ഇല്ലാതാക്കാനുമാവും' എന്നാണ് ഇതിനെ കുറിച്ച് താലിബാൻ പ്രതിനിധി പറയുന്നത്.

Advertisement
Advertisement