എറണാകുളത്തെ സ്‌കൂൾ പരിസരങ്ങളിൽ കളിപ്പാട്ടക്കച്ചവടം നടത്തിയിരുന്ന മിങ്കു ഭായ് ഇത്തരക്കാരനാണെന്ന് നാട്ടുകാർ അറിഞ്ഞത് വളരെ വൈകിയാണ്

Friday 03 February 2023 3:40 PM IST

കൊച്ചി : എറണാകുളത്ത് സ്‌കൂൾ പരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തി കഴിഞ്ഞിരുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺഷുഗറുമായി പിടിയിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശിയായ 70 വയസുള്ള വിപിൻ കുമാർ റസ്‌തോജി എന്ന മിങ്കു ഭായിയാണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. അത്യന്തം വിനാശകാരിയായ ഇനത്തിൽപ്പെട്ട ബ്രൗൺ ഷുഗറാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 60 ചെറു പാക്കറ്റുകളിലായി ആകെ 4.5 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.

കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തുന്ന ഇയാളുടെ പക്കലേക്ക് വൈകുന്നേരമാകുന്നതോടെ സ്ഥിരമായി യുവതി യുവാക്കൾ വന്ന് പോകുന്നുവെന്ന് എക്‌സൈസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സംഘം വേഷം മാറി ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ഇയാൾക്ക് മയക്കുമരുന്ന് വില്പന ഉണ്ടെന്നു മനസ്സിലാക്കുകയും ചെയ്തു.

കസ്റ്റഡിയിൽ എടുത്ത ശേഷം ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ ബ്രൗൺ ഷുഗർ കണ്ടെടുക്കുകയായിരുന്നു. മില്ലിഗ്രാം മാത്രം തൂക്കം വരുന്ന ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ബ്രൗൺഷുഗർ ഉത്തർപ്രദേശിൽ നിന്ന് വാങ്ങിക്കൊണ്ട് വന്നതാണെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു. കൊച്ചുകുട്ടികൾക്ക് 'പ്രിയപ്പെട്ട' മിങ്കു ബാപ്പുവിന്റെ പക്കൽ നിന്ന് മാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തത് പരിസരവാസികളിൽ അമ്പരപ്പ് ഉണ്ടാക്കി.

പ്രതിയുടെ മയക്ക് മരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും, ഇതിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർ എൻ.എ. മനോജ്, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.എം. ജെയിസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.