വണ്ണം കുറയ്ക്കാനും, തിളങ്ങുന്ന ചർമ്മം ലഭിക്കുമെന്നും കരുതി ദിവസവും കരിക്ക് കഴിക്കാറുണ്ടോ ? എങ്കിലത് അപകടമാണ്
ആരോഗ്യത്തിന് നല്ലതാണെന്ന കാരണത്താൽ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി കരിക്ക് കഴിക്കുന്നവർ ധാരാളമാണ്. പ്രകൃതിദത്തമായ ഈ പാനീയത്തിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നതും ആളുകളെ കരിക്ക് കുടിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ നിത്യവും കരിക്ക് കഴിക്കുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടുമെന്നതാണ് കാരണം.
സ്ഥിരമായി കരിക്കിൻവെള്ളം കഴിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദത്തിന് കാരണമാകും. അതിനാൽ കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ സ്ഥിരമായി കരിക്ക് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
പ്രമേഹ രോഗികളും നിത്യവും കരിക്ക് കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഉയർന്ന കലോറിയും, ഷുഗറും അടങ്ങിയിട്ടുള്ളതിനാൽ കരിക്ക് ശരീരത്തിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാവും.
കരിക്ക് കഴിക്കുന്നത് വയറിളക്കം പോലുള്ള ദഹനപ്രശ്നങ്ങൾക്കും ഇടയാക്കാറുണ്ട്. വസ്തുക്കളെ പുളിപ്പിക്കാൻ കഴിവുള്ള ഒലിഗോസാക്കറൈഡുകൾ, ഡിസാക്കറൈഡുകൾ, മോണോസാക്കറൈഡുകൾ, പോളിയോളുകൾ എന്നിവ കരിക്കിൽ അടങ്ങിയിരിക്കുന്നു.