കമ്മ്യൂണിസ്റ്റ് തട്ടകത്തിൽ നേതൃത്വം ചോദ്യമുനയിൽ
സി.പി.എം നേതൃത്വത്തെ ചോദ്യം ചെയ്യാത്ത അച്ചടക്കത്തിന്റെ ഉരുക്കു കോട്ടയായിരുന്നു കണ്ണൂർ. ഇടതുപക്ഷത്തിന്റെ ഏറ്റവും ഊഷ്മളമായ അടിത്തറ. കണ്ണൂരിൽ ചരിത്രം തിരുത്തി നേതാക്കൾ ഉന്നത നേതൃത്വത്തെ ചോദ്യം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മേയ് 15 മുതൽ 18 വരെ കണ്ണൂരിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവർക്കെതിരെ പേര് ചൊല്ലിയുള്ള, നിർദ്ദേശ വിമർശനങ്ങൾ ഉയർത്തി. ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ, സി.പി.എം മത്സരിച്ച എട്ട് മണ്ഡലങ്ങളിൽ 2021ൽ ലഭിച്ച 6,77,606 വോട്ടുകൾ ഇക്കുറി 5,92,820 ആയി ചുരുങ്ങി 84,786 വോട്ടിന്റെ ഇടിവ്. ആകെ വോട്ടർമാർ ഏകദേശം ഒരു ലക്ഷം കൂടിയ സ്ഥിതിക്ക് ഈ ഇടിവ് ഒന്നേകാൽ ലക്ഷം വോട്ടിന്റെ ക്ഷതമായി മാറി. ഇതേ മണ്ഡലങ്ങളിൽ യു.ഡി.എഫ് 1,44,703 വോട്ടിന്റെ വളർച്ച നേടി. മാറിപ്പോയ ഇടത് വോട്ടുകൾ ഒഴുകിയെത്തിയത് യു.ഡി.എഫ്. പ്രവാഹത്തിലേക്കാണ് എന്ന് കണക്കുകൾ വ്യക്തത നൽകുന്നു. കഴിഞ്ഞ തവണ 11ൽ ഒൻപത് മണ്ഡലങ്ങൾ ജയിച്ച ജില്ലയിൽ ഇക്കുറി ആറ് മണ്ഡലങ്ങൾ മാത്രം. ഇത് ഒരു ചരിത്ര ദുരന്തം. ഒരു ഘട്ടത്തിൽ 50,000ലേറെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്ന പിണറായിക്ക് ഇക്കുറി ആദ്യ ആറ് റൗണ്ടുകളിൽ ലീഡ് ചെയ്യാൻ പോലും കഴിഞ്ഞില്ലെന്ന വസ്തുത അണികളെ ഞെട്ടിച്ചു.
ഭരണ വിരുദ്ധ വികാരമല്ല, 'ശൈലി'യാണ് ശത്രു അവലോകന യോഗങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ നിലപാട് ഇതാണ്: ഭരണ വിരുദ്ധ വികാരം ഉണ്ടായതല്ല, നേതൃത്വത്തിന്റെ ശൈലിയും ധാർഷ്ട്യവുമാണ് ജനങ്ങളെ അകറ്റിയതെന്ന് സ്വന്തം അംഗങ്ങൾ ഉറക്കെ ചൊല്ലി. 'ഡാഷ്‌മോൻ, വീട്ടിൽ പോയി ചോദിച്ചാൽ മതി' എന്ന പിണറായിയുടെ ഒരു പ്രചാരണ കാലത്തെ പ്രയോഗം ഉദ്ധരിച്ചുകൊണ്ടാണ് ഒരംഗം ഈ ശൈലി ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ അകൽച്ച വ്യക്തമാക്കിയത്. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കാണുമ്പോഴുള്ള ഭാഷയും ശരീരഭാഷയും ലക്ഷങ്ങൾ കണ്ടിട്ടുണ്ടെന്നും അത് പ്രവർത്തകരിലും അനുഭാവികളിലും അവമതിപ്പ് ജനിപ്പിച്ചെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ഭാര്യയുടെ സ്ഥാനാർത്ഥിത്വം ബോദ്ധ്യമായില്ല ജില്ലയിലെ ഏറ്റവും ചൂടുള്ള ചർച്ചകളിലൊന്ന് തളിപ്പറമ്പ് മണ്ഡലത്തെ ചുറ്റിപ്പറ്റിയായിരുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ ഒഴിഞ്ഞ ഈ സ്ഥാനത്ത് ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനം, മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുകയായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടു. എൻ. സുകന്യ ഉൾപ്പെടെ മറ്റ് പേരുകൾ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും ജില്ലാ സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗവും ഒരൊറ്റ പേര് ശ്യാമള മാത്രം സ്റ്റേറ്റ് സെക്രട്ടറിക്ക് കൈമാറി. ഈ ഇടനിലക്കളി അണികൾ മനസ്സിലാക്കിയെന്നായിരുന്നു ഒരു വിമർശനം. ടി.കെ. ഗോവിന്ദൻ പാർട്ടി വിടുമെന്ന് ഇ.പി. ജയരാജനും എം.വി. ജയരാജനും അടക്കം മുൻകൂട്ടി അറിഞ്ഞിരുന്നു. 'പിണറായി ഒന്ന് വിളിച്ചിരുന്നുവെങ്കിൽ ഞാൻ പോകുമായിരുന്നില്ല' എന്ന ടി.കെ. ഗോവിന്ദന്റെ തന്നെ പ്രസ്താവന ഉദ്ധരിച്ച്, 'എന്തേ ജില്ലാ സെക്രട്ടറി ഇക്കാര്യം അറിയിച്ചില്ല?' എന്ന ചോദ്യം ഉയർന്നു. 'പോകുന്നവർ പോകട്ടെ' എന്ന നിലപാടായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് എന്നാണ് വിമർശനം ഉയർന്നത്.
പയ്യന്നൂർ ഫണ്ട് വിവാദം ആശയകുഴപ്പമുണ്ടാക്കി ഒൻപത് വർഷം മുൻപ് പൊട്ടിത്തെറിക്കാൻ തുടങ്ങിയ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദം സി.പി.എമ്മിൽ ഇപ്പോഴും നീറ്റൽ ഉണ്ടാക്കുന്ന ഒരു മുറിവാണ്. ഫണ്ട് ദുരുപയോഗ ആരോപണം ഉന്നയിച്ച് ടി.ഐ. മധുസൂദനനെതിരെ തെളിവ് സഹിതം വിരൽ ചൂണ്ടിയ വി. കുഞ്ഞിക്കൃഷ്ണനെ 'വർഗ വഞ്ചകൻ' എന്ന് മുദ്ര ചാർത്തി ഒതുക്കി. ആ 'ഒതുക്ക'ലിനോടുള്ള അണികളുടെ പ്രതിഷേധം ബാലറ്റ് പേപ്പറിൽ അടയാളപ്പെടുത്തി. ആരോപണ വിധേയനായ മധുസൂദനനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതോടെ 50,000 വോട്ടിൽ ജയിച്ച മണ്ഡലത്തിൽ 7,000 വോട്ടിന് തോൽക്കുന്ന ദുരന്തമുണ്ടായി. 'കുഞ്ഞിക്കൃഷ്ണനെ ചെറുതായി കണ്ടു' ഇതായിരുന്നു ആ യോഗത്തിലെ വിമർശനം.
ഒതുക്കലിന്റെ ഇരകൾ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റപ്പെട്ടത് അവർ തോൽക്കണം എന്ന ഉദ്ദേശ്യത്തോടെ ആണോ ഇക്കാര്യം പ്രത്യക്ഷമായി ചോദ്യം ചെയ്യപ്പെട്ടു. 'ബോധപൂർവം പേരാവൂരിൽ മത്സരിപ്പിച്ച് തോൽപ്പിച്ചു' എന്ന ആരോപണം ജില്ലാ കമ്മിറ്റി ചർച്ചയിൽ ഉറക്കെ ഉയർന്നു. ഒപ്പം, 'പി. ജയരാജനെ ഒതുക്കാനും ശ്രമം നടന്നു' എന്ന ആരോപണവും ഉന്നയിക്കപ്പെട്ടു. ഈ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത: പി. ജയരാജനും എം.വി. ജയരാജനും ഉൾപ്പെടെ ജില്ലയിലെ മുതിർന്ന നേതാക്കൾ ഈ വിമർശനങ്ങൾ പൂർണമായും തള്ളിക്കളഞ്ഞില്ല എന്നതാണ്. ഏറ്റവും ആഴത്തിൽ തൊടുന്ന ഒരു നീരിക്ഷണവും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നു. ഭരണ ആനുകൂല്യങ്ങൾ കിട്ടിയവർ ആഹ്ളാദിച്ചു; ഇതൊന്നും ലഭ്യമാകാതെ പ്രസ്ഥാനത്തിനുവേണ്ടി ജീവൻ ഉഴിഞ്ഞ് വച്ചവർ അകന്നു. ഗുണഭോക്താക്കളല്ലാത്ത ഒരു വലിയ ജനക്കൂട്ടം 'ഞങ്ങൾ എന്തിന് ഇക്കൂടെ നിൽക്കണം?' എന്ന് ചോദ്യം ഉള്ളിൽ വഹിച്ചു. വിമത സ്ഥാനാർത്ഥികൾക്ക് ചില നേതാക്കൾ രഹസ്യ പിന്തുണ നൽകി എന്ന ആരോപണവും ഉയർന്നു.
ഉത്തരം കണ്ടെത്താൻ കമ്മിഷൻ പയ്യന്നൂർ, തളിപ്പറമ്പ് തോൽവി അന്വേഷിക്കാൻ രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിഷനെ നിശ്ചയിച്ചു. ഏരിയ, ലോക്കൽ, ബ്രാഞ്ച് തലം വരെ അഭിപ്രായം ശേഖരിച്ച് മേൽ കമ്മിറ്റിക്ക് രേഖാ റിപ്പോർട്ടായി നൽകണം.