ഇന്ത്യയുടെ വികസന പ്രയാണം

Tuesday 26 May 2026 12:00 AM IST

ഞാൻ തിരുപ്പൂരിലെ സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, നമ്മുടെ രാജ്യത്തെക്കുറിച്ച് എനിക്ക് ഒരുപാടു സ്വപ്നങ്ങളുണ്ടായിരുന്നു. എന്നിൽ നിരന്തരം ചോദ്യങ്ങൾ ഉയർന്നുവരുമായിരുന്നു: എപ്പോഴായിരിക്കും രാജ്യം അതിന്റെ മഹത്വം വീണ്ടെടുക്കുക? ലോകവേദിയിൽ കരുത്തുറ്റ രാഷ്ട്രമായി അത് എപ്പോൾ ഉയർന്നുവരും? പാവപ്പെട്ടവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ നമ്മുടെ സഹോദരീസഹോദരന്മാർക്ക് അന്തസ്സുറ്റ ജീവിതം എപ്പോഴാണു ലഭിക്കുക? എന്റെ കൗമാരപ്രായത്തിൽ ഉണ്ടായ ആ ചിന്തകൾ ഇപ്പോൾ യാഥാർത്ഥ്യമാകുന്നതു കാണുമ്പോൾ എനിക്ക് അതിയായ സന്തോഷമുണ്ട്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി നമ്മുടെ രാജ്യം അതിശക്തമായ ഊർജസ്വലതയോടെയും ദൃഢനിശ്ചയത്തോടും കൂടി പ്രവർത്തിക്കുന്നതു കാണുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.

രാജ്യം അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നു നമുക്കു കാണാൻ സാധിക്കും. കഴിഞ്ഞ പതിറ്റാണ്ടിൽ രാഷ്ട്രം കൈവരിച്ച പുരോഗതി ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയും രാഷ്ട്രത്തെ ശ്രദ്ധകേന്ദ്രമാക്കുകയും ചെയ്തിട്ടുണ്ട്.

ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യവും അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന ഒരു സമയത്തും ഇന്ത്യയുടെ സമ്പദ്‌‌ വ്യവസ്ഥ ശക്തമായും അതിവേഗത്തിലും വളരുകയാണ്. ദുർബലമായ സമ്പദ്‌ വ്യവസ്ഥയിൽനിന്ന് ഇന്നു നമ്മുടെ രാജ്യം നാലാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി മാറിയിരിക്കുന്നു. വൈകാതെ, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി മാറാനുള്ള പാതയിലാണു നാം. കഴിഞ്ഞ പതിറ്റാണ്ടിൽ, ഏതാണ്ട് 25 കോടി ഇന്ത്യക്കാർക്കു കടുത്ത ദാരിദ്ര്യത്തിൽനിന്നു മുക്തരായി അന്തസ്സുറ്റ ജീവിതം നയിക്കാൻ സാധിച്ചു. ഭവനരഹിതരായ പാവപ്പെട്ടവർക്കായി ഇതുവരെ ഏതാണ്ട് 4 കോടി സ്ഥിരംവീടുകൾ നിർമ്മിച്ചു.

12 കോടിയിലധികം വ്യക്തികൾക്കു ടാപ്പിലൂടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കി. തുറസായ സ്ഥലങ്ങളിലെ മലമൂത്രവിസർജനത്തിൽനിന്നു മുക്തമായ രാജ്യമായി മാറാൻ നാം ആഗ്രഹിച്ചു; വെറും 60 മാസങ്ങൾക്കുള്ളിൽ 60 കോടി ജനങ്ങൾക്കായി രാജ്യം ഇതു സാദ്ധ്യമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതിപ്രകാരം വർഷംതോറും 80 കോടി ജനങ്ങൾക്ക് 2.3 ലക്ഷം കോടി രൂപ ചെലവിൽ 5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകിവരുന്നു. ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ ഏവർക്കും ലഭ്യമാകുമെന്ന് ഉറപ്പാക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെ രാജ്യം ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഫലമായി, 44 കോടിയിലധികം പേർക്ക് ഇപ്പോൾ 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയുണ്ട്.

നമ്മുടെ കർഷകർ കഠിനാദ്ധ്വാനത്തിലൂടെ 350 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുകയും, ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭക്ഷ്യ ഉത്പാദക രാജ്യം എന്ന പദവിയിലേക്ക് ഉയർത്തുകയും ചെയ്തു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിപ്രകാരം ഇതുവരെ 4 ലക്ഷം കോടിയിലധികം രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറിയിട്ടുണ്ട്.

നാരീശക്തി

നമ്മുടെ നാരീശക്തിക്കു രാജ്യത്തിന്റെ വികസനത്തിൽ പൂർണമായി സംഭാവന നൽകാനുള്ള അവസരങ്ങളാണ് ഇപ്പോൾ തുറക്കപ്പെട്ടിരിക്കുന്നത്. 3 കോടിയിലധികം സ്ത്രീകൾ 'ലഖ്പതി ദീദി'മാരും 'നമോ ഡ്രോൺ ദീദി'മാരുമായി മാറിക്കഴിഞ്ഞു. കൃഷി, വിദ്യാഭ്യാസം, ചികിത്സ, ശാസ്ത്രസങ്കേതികവിദ്യ/ബഹിരാകാശ സങ്കേതികവിദ്യ എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നോട്ടുവന്നിട്ടുണ്ട്. നാരീശക്തി വന്ദൻ അധിനിയമം പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പങ്കാളിത്തം ഇനിയും വർദ്ധിപ്പിക്കും.

യുവാക്കൾക്കായി, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ മാത്രം 13 പുതിയ IITകൾ സ്ഥാപിക്കപ്പെട്ടു, ഇതോടെ അവയുടെ ആകെ എണ്ണം 23 ആയി ഉയർന്നു. IIMകളുടെ എണ്ണവും 13ൽനിന്ന് 21 ആയി. AIIMSകളുടെ എണ്ണം 7ൽനിന്ന് 23 എന്ന നിലയിൽ മൂന്നിരട്ടിയാക്കുകയും, മെഡിക്കൽ കേളേജുകളുടെ എണ്ണം 387ൽനിന്ന് 823 ആയി ഇരട്ടിയിലധികമായി വർദ്ധിപ്പിക്കുകയും ചെയ്തു.

അടിസ്ഥാനസൗകര്യ വികസനം

അടിസ്ഥാനസൗകര്യ വികസനത്തിലും നാം ലേകോത്തര നിലവാരത്തിലേക്കു മുന്നേറുകയാണ്. റെയിൽവേയുടെ ഏതാണ്ട് 99 ശതമാനവും വൈദ്യുതവത്കരിച്ചു. രാജ്യത്തുടനീളം ഓടുന്ന 164 വന്ദേഭാരത് ട്രെയിനുകൾ പുതിയ യുഗത്തിനു തുടക്കം കുറിച്ചു. വിമാനത്താവളങ്ങളുടെ എണ്ണം 74ൽനിന്ന് 163 ആയി ഇരട്ടിപ്പിക്കുകയും, 'ഉഡാൻ' പദ്ധതിയിലൂടെ സാധാരണക്കാർക്കു വിമാനയാത്ര പ്രാപ്യമാക്കുകയും ചെയ്തു.

രാജ്യത്തുടനീളം ലേകോത്തര നിലവാരത്തിലുള്ള നാലുവരി, എട്ടുവരി പാതകളും, അതോടൊപ്പം വിദൂര ഗ്രാമങ്ങളിലേക്കു വരെയുള്ള റോഡ് കണക്ടിവിറ്റിയും വലിയ തോതിൽ വികസിപ്പിച്ചിട്ടുണ്ട്. പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതികളും ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും യഥാക്രമം പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കു വലിയ രീതിയിൽ പ്രയോജനം ചെയ്തിട്ടുണ്ട്.

ഒരുകാലത്ത് ഇന്ത്യയുടെ അവസാന ഗ്രാമങ്ങളായി കണക്കാക്കപ്പെട്ടിരുന്ന അതിർത്തിഗ്രാമങ്ങൾ ഇപ്പോൾ ഒന്നാമത്തെ ഗ്രാമങ്ങളായി മാറുകയും, 'ഊർജസ്വല ഗ്രാമം' പദ്ധതിയിലൂടെ അവ വികസിപ്പിക്കുകയും ചെയ്യുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ 'അഷ്ടലക്ഷ്മി' എന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചതു ഞാൻ സന്തോഷത്തോടെ ഓർക്കുന്നു.

ശാസ്ത്രം, സങ്കേതികവിദ്യ

ശാസ്ത്രം, സങ്കേതികവിദ്യ, നൂതനാശയങ്ങൾ എന്നിവയിൽ രാജ്യം കൈവരിച്ച പുരോഗതി നമ്മെ അഭിമാനം കൊള്ളിക്കുന്നതാണ്. കൊവിഡ് മഹാമാരിയുടെ സമയത്ത്, വാക്സിൻ വികസനശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുകയും വാക്സിനുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും വളരെ വേഗത്തിൽ എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു.

ചന്ദ്രയാൻ 3ന്റെ വിജയകരമായ വിക്ഷേപണം ഇന്ത്യയെ നൂതന ബഹിരാകാശ പര്യവേക്ഷണത്തിന്റെ യുഗത്തിലേക്കു നയിച്ചു. നിർമ്മിതബുദ്ധി മേഖലയിൽ, ആഗോള കമ്പനികൾ ഇന്ത്യയെ ഹബ്ബായി തിരഞ്ഞെടുക്കുന്നു. സെമികണ്ടക്ടർ നിർമ്മാണത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തിനു മാതൃകയായി ഉയർന്നുവരികയാണ്. മൊബൈൽ ഫോൺ ഉത്പാദനത്തിൽ ആഗോളതലത്തിൽ നാം രണ്ടാംസ്ഥാനവും സ്വന്തമാക്കി.

പതിറ്റാണ്ടുകളായി നമ്മുടെ രാജ്യം ഭീകരവാദം മാത്രമല്ല, വിഘടനവാദവും ഇടതുതീവ്രവാദം ഉയർത്തുന്ന വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. ധീരമായ നയ തീരുമാനങ്ങളിലൂടെയും നിയമവാഴ്ച ഉറപ്പാക്കുന്നതിലൂടെയും രാജ്യത്തു സമാധാനം നിലനിൽക്കുന്നു. ഈ മേഖലകളിൽ വികസനത്തിന്റെ വാതിലുകൾ തുറക്കപ്പെടുകയും ചെയ്തു.

അമൃതകാലം

2047ഓടെ, അതായത് സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിൽ, ഇന്ത്യ പ്രമുഖ ആഗോള ശക്തിയാകണമെന്നും ലോകത്തെ നയിക്കുന്ന പദവിയിലെത്തണമെന്നും നാം ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കഠിനാദ്ധ്വാനത്തിന്റെ ഈ കാലഘട്ടമാണ് 'അമൃതകാലം'. ഈ അമൃതകാലത്ത്, യുവാക്കളുടെ ചിന്തകളും പരിശ്രമങ്ങളും ദേശസ്‌നേഹം നിറഞ്ഞതാകണം. ഉന്നതമായ ആശയങ്ങളും സ്വഭാവശുദ്ധിയുമുള്ള വ്യക്തികളായി അവർ വളരേണ്ടതുണ്ട്. എങ്കിൽ, 2047ൽ വികസിത ഇന്ത്യക്കു സാക്ഷ്യം വഹിക്കാൻ നമുക്കു സാധിക്കും.