മഞ്ഞിൽ എഴുതിയ മോഹനകാവ്യം
(കഴിഞ്ഞ ലക്കത്തിൽ നിന്ന് തുടർച്ച)
മഞ്ഞുപുതച്ചു കിടക്കുന്ന മലനിരകൾ. ആകാശംമുട്ടെ തലയുയർത്തി നില്ക്കുന്ന പൈൻ മരങ്ങൾ. വർണ വൈവിദ്ധ്യങ്ങളുടെ വസന്തകാന്തി വിളിച്ചറിയിക്കുന്ന പൂമരങ്ങളും വള്ളിപ്പടർപ്പുകളും. സൗന്ദര്യച്ചെപ്പുകളായ തടാകങ്ങളും വരിവരിയായി വർണവിസ്മയത്താൽ കാണികളെ തരളിതരാക്കുന്ന ടുലിപ് സുന്ദരികളും ഒക്കെകൂടിയാകുമ്പോൾ കാശ്മീർ, സൗന്ദര്യത്തിന്റെ പറുദീസയായി മാറുന്നു.
മുഗൾ രാജാക്കന്മാരുടെ, പ്രത്യേകിച്ച് ജഹാംഗീറിന്റെ നിത്യസ്മാരകമായ ഷാലിമാറും നിഷാന്തും ചശ്മാശാഹിയും പോലുള്ള ഉദ്യാനങ്ങളും, ജവഹർലാൽ നെഹ്റു മെമ്മോറിയൽ ബൊട്ടാണിക്കൽ ഗാർഡനും, കൊച്ചുകൊച്ചു പൂന്തോട്ടങ്ങളുമെല്ലാം കാശ്മീരിന്റെ സൗന്ദര്യമാണ്. അമർനാഥിലേക്കു പോകുന്ന നാഷണൽ ഹൈവേ- ഒന്നിലൂടെയും കാശ്മീർ മുതൽ കന്യാകുമാരി വരെ നീളുന്ന നാഷണൽ ഹൈവേ 44-ലൂടെയുമുള്ള (ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റോഡ്) യാത്രകൾ അവാച്യമായ അനുഭവമാണ്. പാംപോറിലെ കുങ്കുമപ്പാടങ്ങളും പഹൽഗാമിന്റെ വശ്യമോഹനതയും ആരുവാലിയും ചന്ദൻവാരിയും ബീറ്റാബ് വാലിയും ഒരുക്കുന്ന പ്രകൃതിസൗന്ദര്യത്തിന്റെ വിസ്മയലോകവുമെല്ലാം കാശ്മീരിന്റെ സ്വന്തമാണ്!
ഉല്ലാസത്തിന്റെ
മഞ്ഞുതടാകം
ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ (സമുദ്ര നിരപ്പിൽ നിന്ന് 3050 മീറ്റർ) കേബിൾകാർ- ഗുൽമാർഗിലെ ഗൊണ്ടോള റൈഡ്... കാശ്മീർ യാത്രയിൽ നമ്മെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്നാണ് ശ്രീനഗറിന്റെ ഹൃദയം എന്നു വിശേഷിപ്പിക്കാവുന്ന ഡാൽ തടാകവും, ശിക്കാര ബോട്ടിലെ ഉല്ലാസയാത്രയും. കുട്ടനാട്ടിലെ കൊതുമ്പു വളളത്തിന്റെ നീളവും രണ്ടിരട്ടി വീതിയും മേൽക്കൂരയുമുള്ള കൊച്ചു വള്ളം. ഉളളിൽ അഭിമുഖമായി (ഒരു വശത്ത് രണ്ടുപേർ) ഇരുന്ന് നാലുപേർക്ക് കാഴ്ചകൾ ആസ്വദിക്കാം.
ഏതാണ്ട് 24 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന ഡാൽ തടാകം പ്രകൃതിയുടെ വരദാനമാണ്. ഏഴടി മുതൽ 15 അടി വരെയാണ് തടാകത്തിന്റെ ആഴം. വലുതും ചെറുതുമായ നാലായിരത്തിലധികം ശിക്കാര വള്ളങ്ങൾ നീന്തിത്തുടിച്ച് ഒഴുകുന്നതു കാണാൻ നല്ല രസമാണ്. ഇത്രയധികം വള്ളങ്ങൾ സഞ്ചാരികളുമായി നീന്തിത്തുടിച്ചു നടന്നിട്ടും അവ തമ്മിൽ കൂട്ടിയിടിക്കലോ, വള്ളക്കാർ തമ്മിൽ മത്സരമോ വഴക്കോ ഒന്നും കാണാനില്ലെന്നത് പ്രത്യേകം പറയണം. തടാകത്തിലൂടെ ഉല്ലാസയാത്ര നടത്തുമ്പോൾ പഴക്കച്ചവടക്കാരും ചായക്കച്ചവടക്കാരും കരകൗശല ഉത്പന്നങ്ങൾ വില്ക്കുന്നവരുമൊക്കെ വള്ളങ്ങളിൽ ചുറ്റും അണിനിരക്കും.
കാശ്മീരി സിൽക്ക് സാരികളും ചുരിദാറുകളും മറ്റും വില്ക്കുന്ന വലിയ കടകൾ തടാകത്തിലെ കൊച്ചുകൊച്ച് ദ്വീപുകളിലുണ്ട്. ശിക്കാരവള്ളം നിർത്തി ഇത്തരം കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം. ഈ ദ്വീപുകളിലെല്ലാം കൂടി ഒന്നരലക്ഷത്തിലധികം ആളുകൾ താമസിക്കുന്നു. അവരുടെയെല്ലാം ഉപജീവനം ഈ തടാകവും തടാകത്തിലെ ബോട്ടുകളും ചുറ്റുമുളള കച്ചവട സ്ഥാപനങ്ങളുമാണ്. തടാകത്തിന്റെ വടക്കേ അരികിലായി ഒതുക്കിയിട്ടിരിക്കുന്ന വലിയ ഹൗസ്‌ബോട്ടുകളിൽ പഞ്ചനക്ഷത്ര സൗകര്യമുള്ളവ വരെയുണ്ട്! സമ്മേളനങ്ങളും വിവാഹ സത്കാരങ്ങളും ബോർഡ് മീറ്റിംഗുകളും മറ്റും നടത്തുന്നതിനുള്ള പ്രൗഢഗംഭീരമായ ഹാളുകളും ഈ ബോട്ടുകളിലുണ്ട്.
മുഗൾ കാലഘട്ടങ്ങൾക്കു ശേഷം കാശ്മീരിന്റെ ടൂറിസം ഭൂപടത്തിൽ പുതുതായി ചേർക്കപ്പെട്ട രണ്ട് അദ്ധ്യായങ്ങളാണ് ജവഹർലാൽ നെഹ്റു മെമ്മോറിയൽ ബൊട്ടാണിക്കൽ ഗാർഡനും, ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനും. കാശ്മീരിന്റെ സൗന്ദര്യത്തെയും ഗംഗാ നദിയെയുമെല്ലാം ആരാധനയോടെ കണ്ടിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പേരിലുളള ബൊട്ടാണിക്കൽ ഗാർഡൻ ലോകനിലവാരം പുലർത്തുന്നതാണ്. റോസാപ്പൂക്കളെ ഏറ്റവുമധികം സ്‌നേഹിച്ചിരുന്ന നെഹ്രുവിന് ഉദ്യാനത്തിലെ ചെടികൾ വർണവൈവിദ്ധ്യമുളള പൂക്കൾ സമർപ്പിച്ച് പാദകാണിക്ക അർപ്പിക്കുന്നു. ജമ്മു കാശ്മീരിന്റെ മകനായ ഇന്ത്യയുടെ രാജകുമാരന് അർഹിക്കുന്ന സ്മാരകം തന്നെ!
ശ്രീനഗറിൽ നിന്ന് 60 കി.മീ. ദൂരത്തിലുള്ള സുഖവാസ കേന്ദ്രമാണ് ഗുൽമാർഗ്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഈ ഭൂപ്രദേശം അതീവ സുരക്ഷാ മേഖലയിലുള്ളതാണ്. സമുദ്രനിരപ്പിൽ നിന്ന് 2650 മീറ്റർ ഉയരത്തിലുളള ഗുൽമാർഗ് മുഗൾ രാജാക്കന്മാരുടെ കാലത്തും ബ്രിട്ടീഷ് ഭരണകാലത്തും വേനൽക്കാല തലസ്ഥാനമായിരുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിമക്കരടി, കസ്തൂരിമാൻ തുടങ്ങിയ വന്യജീവികളുടെ സംരക്ഷണവും വംശവർദ്ധനയും ലക്ഷ്യമാക്കി ആരംഭിച്ച 'ഗുൽമാർഗ് വന്യജീവി സങ്കേതം" പ്രത്യേക പരാമർശം അർഹിക്കുന്നു.
ലോകത്തുതന്നെ ഏറ്റവും ഉയരംകൂടിയ കേബിൾ കാർ റൈഡുകളിലൊന്നാണ് 'ഗുൽമാർഗ് ഹൊണ്ടോള റൈഡ്." മഞ്ഞിൽ പുതയാത്ത ഷൂസും കട്ടിയുള്ള ജാക്കറ്റുകളും കൈയുറകളും ചെവി മൂടുന്ന തൊപ്പിയുമൊക്കെ ധരിച്ചാലേ ഈ കേബിൾ കാറിൽ കയറാനാകൂ. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സഞ്ചാരികളുടെ വലിയ തിരക്കാണ് അവിടമാകെ. ഒരുമണിക്കൂറോളം ക്യൂവിൽ നില്ക്കേണ്ടിവന്നു. കേബിൾ കാറിലെ യാത്ര അതിരുകളില്ലാത്ത സുഖചക്രവാളം അനുഭവപ്പെടുത്തുന്നതായിരുന്നു. കേബിൾ കാറിൽ നിന്ന് പുറത്തിറങ്ങി, മഞ്ഞുമലയുടെ മുകൾപ്പരപ്പിൽ വിശാലമായിക്കിടക്കുന്ന മഞ്ഞുപാളികൾക്കു മുകളിലൂടെ നടക്കുമ്പോൾ ശൈത്യകാലത്തിന്റെ സുഖമുള്ള കുളിരിൽ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.
കുറച്ച് അകലെയായി കണ്ട തട്ടുകടയിൽ ചുടുചായ കിട്ടുമോ എന്നറിയാൻ അങ്ങോട്ടു നടന്നു. മഞ്ഞുരുകി വെള്ളമായി മാറിയതിന്റെ ഫലമായുണ്ടാകുന്ന വഴുക്കലിൽ കാലുകൾ തെന്നുന്ന അനുഭവം. ഇതിനിടയിൽ മൊട്ടുസൂചിയുടെ മൊട്ടിന്റെ വലിപ്പത്തിലുള്ള ചെറിയ മഞ്ഞുകണങ്ങൾ പറന്നുവന്ന് ദേഹമാകെ പതിക്കാൻ തുടങ്ങി. അധികം താമസിയാതെ നെന്മണിയുടെ വലിപ്പമുള്ള മഞ്ഞുകണങ്ങൾ പൊഴിയാൻ തുടങ്ങി. പെട്ടെന്ന് കോരിച്ചൊരിയുന്ന മഞ്ഞുമഴ, ചെറിയ ഐസുകട്ടകൾ...
കൊടിയ വേനലിന്റെ ചൂടിൽ നിന്ന് കാശ്മീരിന്റെ കുളിരിൽ ആശ്വാസം തേടിയെത്തിയ സഞ്ചാരികൾക്ക് ആവേശമായി. കാശ്മീർ യാത്രയിലെ ഏറ്റവും സുഖമുള്ള നിമിഷങ്ങൾ ഇതായിരുന്നു. മഞ്ഞുമഴ നനഞ്ഞ് വീണ്ടും കേബിൾകാറിൽ കയറി രണ്ടാം ഫേസിലേക്കുള്ള യാത്ര. ഹിമാലയത്തിലെ ഉയരം കൂടിയ കൊടുമുടികളിലൊന്നായ അഫർവത് (Apharwat) കൊടുമുടിയുടെ നെറുകയിലേക്കാണ് യാത്ര (ഉയരം 4200 മീറ്റർ). ഭൂമിയിലാണോ സ്വർഗത്തിലാണോ എന്നു തോന്നിക്കുന്ന അനുഭവം. മഞ്ഞുമലകളല്ലാതെ പൈൻമരങ്ങളോ; എന്തിന്, ഒരു പുൽക്കൊടിത്തുമ്പു പോലും കാണാനില്ലാത്ത അവസ്ഥ. ജന്മാന്തരങ്ങളുടെ വഴിത്താരയിൽ അത്യപൂർവമായ പുണ്യതീരങ്ങളിൽ ചെന്നുപെട്ട അനുഭവം. ജന്മപുണ്യം എന്ന വാക്കിന് അർത്ഥമുണ്ടെന്ന് അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്!
(ലേഖകന്റെ ഫോൺ: 94470 37877)