SignIn
Kerala Kaumudi Online
Monday, 04 May 2026 3.14 AM IST

ചേർത്തു പിടിക്കാം, സോളാറിനെ...

Increase Font Size Decrease Font Size Print Page

v

വൈദ്യുതിയാണ് എല്ലാ മേഖലകളേയും ചലിപ്പിക്കുന്ന 'ശക്തി'. ഒരു നിമിഷംപോലും അത് മുടങ്ങാൻ പാടില്ലാത്ത സാഹചര്യത്തിലേക്ക് സംസ്ഥാനം എത്തേണ്ടിയിരിക്കുന്നു. കെ.എസ്.ഇ.ബിയും ഊർജ്ജവകുപ്പും പുതിയ സർക്കാരും മനസുവച്ചാൽ 'പവർകട്ടില്ലാത്ത' 10 വർഷമല്ല, പതിറ്റാണ്ടുകൾ ഭാവിയിൽ സൃഷ്ടിക്കാനാകും. സോളാർ വൈദ്യുതിയാണ് നാളെയുടെ പ്രധാന ഊർജ്ജ സ്രോതസ് എന്ന തിരിച്ചറിവിലേക്ക് വൈകിയ വേളയിലെങ്കിലും കെ.എസ്.ഇ.ബി എത്തണമെന്നു മാത്രം. സോളാർ വൈദ്യുതി ഉത്പാദനം കൂട്ടി അത് ഫലപ്രദമായി ശേഖരിച്ച് 24 മണിക്കൂറും ഉപയോഗിക്കാവുന്ന നല്ല നാളെകൾ ഉണ്ടാകണം.

ജലവൈദ്യുത പദ്ധതികളേക്കാൾ സ്ഥാപിതശേഷി നേടി സോളർ പ്ലാന്റുകൾ വ്യാപിക്കുമ്പോൾ അവയിൽ നിന്നുള്ള വൈദ്യുതി ശേഖരണ പദ്ധതിക്കാണ് ഇനി കെ.എസ്.ഇ.ബി മുന്തിയ പരിഗണന നൽകേണ്ടത്. ഇതിനായി ബാറ്ററി എനർജി സ്റ്റോറേജുകൾ (ബെസ്) വ്യാപകമാക്കലാണ് പ്രധാനം. നിലവിൽ സംസ്ഥാനത്ത് ആറിടത്ത് ബെസ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവയിൽ അഞ്ചെണ്ണം 2026 ഒക്ടോബറിലും മറ്റൊന്ന് 2027 സെപ്തംബറിലും പ്രവർത്തന സജ്ജമാകുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

ബെസ് ആദ്യഘട്ടം വരുന്നതോടെ 500 മെഗാവാട്ട് പകൽസമയ വൈദ്യുതി ശേഖരിച്ച് രാത്രിയിലും ഉപയോഗിക്കാനാവും. ആറിടത്തുനിന്ന് 60 ഇടത്തേക്ക് ബസ് വ്യാപിപ്പിക്കാനായാൽ വൈദ്യുതി മിച്ച സംസ്ഥാനത്തിലേക്ക് കേരളത്തെ ഭാവിയിൽ എത്തിക്കാനാവും. ബെസ് സ്ഥാപിക്കൽ ചെലവേറിയതായതിനാൽ പി.പി.പി മാതൃക, തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം തുടങ്ങിയ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താം.

സോളാർ എനർജി കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് പുറമേ കേരളത്തിലും ഊർജ്ജരംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുള്ള കമ്പനികളുമായി സഹകരിച്ച് 'ബെസ്' ഗ്രാമങ്ങളിലടക്കം വ്യാപകമാക്കിയാൽ ഓരോ ഗ്രാമത്തെയും വൈദ്യുതി സ്വയം പര്യാപ്തതയിലെത്തിക്കാനാകും. ഒരുപക്ഷേ രാജ്യത്തുതന്നെ മികച്ച മാതൃക സോളാറിൽ സൃഷ്ടിക്കാൻ കേരളത്തിന് കഴിയും.

(പരമ്പര അവസാനിച്ചു)

സ്മാർട്ടാകണം പ്രസരണ,

വിതരണ ശൃംഖല
സോളാറിനെ പൂർണതോതിൽ ഉൾക്കൊള്ളുന്നതിൽ കെ.എസ്.ഇ.ബിയുടെ പ്രസരണ-വിതരണശൃംഖല ശക്തമാകൽ പ്രധാനമാണ്. സോളർ വൈദ്യുതി പകൽ വലിയതോതിൽ എത്തുന്നത് ട്രാൻസ്‌ഫോർമറുകളേയും ഗ്രിഡിനേയും ബാധിക്കുന്നുവെന്ന് ഇനിയും പരിഭവം പറഞ്ഞിരുന്നിട്ട് കാര്യമില്ല. കാലാനുസൃതമായി വൈദ്യുത ലൈനുകളും ട്രാൻസ്‌ഫോർമറുകളും ശക്തിപ്പെടുത്തണം. ജനങ്ങൾ ഇൻഡക്ഷൻ കുക്കറും എ.സിയും രാത്രിയിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് ഓവർലോഡുവന്ന് വൈദ്യുതി മുടങ്ങുന്നതെന്ന 'നിസഹായത' മാറ്റണം.

രാത്രി ഇലക്ട്രിക് വാഹനങ്ങൾ(ഇ.വി) ചാർജ്ജ് ചെയ്യരുതെന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്. പകൽ ഓടുന്ന ഇ.വികൾ രാത്രിയിൽ ചാർജ്ജ് ചെയ്യാനേ വഴിയുള്ളൂ. കേരളത്തിലാകട്ടെ ഇ.വികളുടെ എണ്ണം കൂടിവരികയുമാണ്. ഇതടക്കം മുന്നിൽകണ്ട് വൈദ്യുത വിതരണ ശേഷി കരുത്തുറ്റതാകണം.

നിലവിൽ പീക്ക് സമയ ഉപഭോഗം 6000 മെഗാവാട്ട് കടന്ന് വേനൽക്കാലത്ത് മുന്നോട്ടുപോകുന്നു. 6300 കടന്നാൽ പ്രസരണ-വിതരണശൃംഖല താങ്ങില്ല എന്ന ആശങ്ക മാറണം. അടുത്തവർഷം വേനലിൽ പീക്ക് സമയ ഉപയോഗം ഒരുപക്ഷേ 7000 മെഗാവാട്ടിലെത്താം. നാലോ അഞ്ചോ വർഷത്തിനകം 10,000 മെഗാവാട്ട് ആയേക്കാം. ഇതെല്ലാം മുന്നിൽക്കണ്ട് കൃത്യമായ ആസൂത്രണത്തോടെ വൈദ്യുത ലൈനുകളും, ട്രാൻസ്‌ഫോർമറുകളുമൊക്കെ ആധുനികവത്കരിച്ച് കുറ്റമറ്റതാക്കണം. സംസ്ഥാന സർക്കാർ ഇതിനായി ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കണം. കേന്ദ്ര സഹായവും പ്രയോജനപ്പെടുത്താം.

മാറ്റുവിൻ ചട്ടങ്ങളെ.....

സംസ്ഥാന വൈദ്യുതി റഗുലേറ്റി കമ്മിഷൻ അടുത്തിടെ തയ്യാറാക്കിയ പുനരുപയോഗ ഊർജ്ജ ചട്ടഭേദഗതിയിലെ പല നിർദ്ദേശങ്ങളും സോളാർ വൈദ്യുതി ഉത്പാദകർക്ക് പ്രോത്സാഹനം നൽകുന്നതല്ല. ഇതിലെ പല നിബന്ധനകളേയും സോളാർ ഉത്പാദകരുടെ സംഘടനകൾ ചോദ്യം ചെയ്യുന്നു. ചട്ടഭേദഗതി നിലവിൽ നിയമക്കുരുക്കിലുമാണ്. സോളാർ വൈദ്യുതി ഉത്പാദനത്തിൽ നിയന്ത്രണം കൊണ്ടുവന്ന് കെ.എസ്.ഇ.ബിയെ സഹായിക്കാനുള്ള ചട്ടങ്ങളാണ് ഇതിൽപലതുമെന്ന വിമർശനം നിലനിൽക്കുന്നു.

നെറ്റ് മീറ്ററിംഗ് നിയന്ത്രണമാണ് ഇതിൽ പ്രധാനം. 2020ലെ റെഗുലേഷൻ പ്രകാരം ഒരു മെഗാവാട്ട്

വരെ അനുവദനീയമായിരുന്ന നെറ്റ് മീറ്റിറിംഗ് പുതിയ റെഗുലേഷനിൽ 20 കിലോവാട്ടായി പരിമിതപ്പെടുത്തി. 'ദേശീയ ഊർജ്ജനയം 2026' അനുസരിച്ച് 500 കിലോവാട്ടിനു മുകളിൽ മാത്രം വേണ്ട സ്റ്റോറേജ് സംവിധാനങ്ങൾ ചെറിയ സോളാർ പ്ലാന്റുകൾക്കുപോലും ബാധകമാക്കുന്നത് പുതിയ സംരംഭകരെ ഇതിൽനിന്ന് അകറ്റും. ഒരു പ്രദേശത്തെ ട്രാൻസ്ഫോർമർ ശേഷിയുടെ 90 ശതമാനംവരെ മാത്രമേ ആ മേഖലയിലെ സോളാർ പ്ലാന്റുകൾക്ക് അനുമതി നൽകൂവെന്ന വ്യവസ്ഥയിലും മാറ്റംവേണമെന്ന് സോളാർ വൈദ്യുതി ഉത്പാദകർ ആവശ്യപ്പെടുന്നു.

സോളാർ പി.എം സൂര്യഘർ

പദ്ധതി കേരളത്തിൽ
(കേന്ദ്ര പദ്ധതി, 2026 മാർച്ച് 20

വരെയുള്ള കണക്ക്)


ആകെ അപേക്ഷകൾ.................................. 3,09,972 (1240 mw)
ഫീസിബിലിറ്റി നൽകിയത്.......................... 3,09,775 (1201 mw)
ഇൻസ്റ്റലേഷൻ പൂർത്തിയായത്................ 2,23,784 (872 mw)
പരിശോധന പൂർത്തിയായി

ഗ്രിഡ് കണക്ടഡ് ആയത്............................ 2,13,406 (833.5 mw)
ഗ്രിഡ് കണക്ടഡ്/പരിശോധന

നടക്കാനുള്ളത്........................................... 4882 (18 mw)
ഗ്രിഡ് കണക്ഷൻ നൽകാനുള്ളത്........... 5546 (20.5 mw)
സബ്‌സിഡി അനുവദിച്ചത്........................ 1,98,062 പേർക്ക്
സബ്‌സിഡി തുക......................................... 1546 കോടി രൂപ


പി.എം സൂര്യഘർ

മറ്റ് സംസ്ഥാനങ്ങളിൽ


ഗുജറാത്ത്

അപേക്ഷകൾ-7,42,697, സ്ഥാപിച്ചത്: 6,32,221


മഹാരാഷ്ട്ര

അപേക്ഷകൾ- 7,64,926, സ്ഥാപിച്ചത്: 5,34,862


ഉത്തർപ്രദേശ്

അപേക്ഷകൾ- 8,53,232, സ്ഥാപിച്ചത്: 4,79,855


രാജസ്ഥാൻ

അപേക്ഷകൾ- 3,38,925, സ്ഥാപിച്ചത്: 1,82,931


കേരളത്തിലെ

'ബെസ്' പദ്ധതി

(നിർമ്മാണം നടക്കുന്നവ, മെഗാവാട്ടിൽ)
മൈലാട്ടി (കാസർകോട്)........................... 125
ശ്രീകണ്ഠാപുരം (കണ്ണൂർ)........................... 40
മുള്ളേരിയ (കാസർകോട്)........................ 15
അരീക്കോട് (മലപ്പുറം)................................ 30
പോത്തൻകോട് (തിരു.)............................ 40
ബ്രഹ്മപുരം (എറണാകുളം)...................... 250

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.