കെ.പി. ധനപാലൻ അന്തരിച്ചു

Saturday 30 May 2026 9:45 PM IST

പറവൂർ: ചാലക്കുടി മുൻ എം.പിയും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു. ഇന്നലെ പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 5.30ന് മരണമടഞ്ഞു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തോന്ന്യകാവ് പൊതുശ്മശാനത്തി​ൽ സംസ്കാരം നടത്തി​. ഭാര്യ: സുമം. മക്കൾ: പരേതനായ കെ.ഡി. ബ്രിജിത്ത്, കെ.ഡി. മിലാഷ്. മരുമകൾ: ഹൃദ്യ.

മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ, കെ.പി​.സി​.സി പ്രസി​ഡന്റും വൈദ്യുതിമന്ത്രി​യുമായ സണ്ണി​ ജോസഫ്, വി​.എം. സുധീരൻ തുടങ്ങി​യവർ അന്ത്യാഞ്ജലി​ അർപ്പി​ച്ചു. ജില്ലയിലെ കോൺഗ്രസിന്റെ പ്രധാനി​കളി​ൽ ഒരാളായി​രുന്നു ധനപാലൻ. ആറുവർഷം ഡി.സി.സി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂരിൽ പരാജയപ്പെട്ടു. 2009ൽ ചാലക്കുടിയിൽനിന്ന് ലോക്‌സഭാംഗമായി. 2014ൽ തൃശൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസി​ഡന്റ്, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പറവൂർ നഗരസഭ കൗൺസിലർ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, മിൽമ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2001ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും ഗ്രൂപ്പ് തർക്കത്തി​ൽ പി​ൻവാങ്ങേണ്ടിവന്നു. കെ. കരുണാകരന്റെ അടുപ്പക്കാരനായ എം.എ. ചന്ദ്രശേഖരനെയാണ് സ്ഥാനാർത്ഥി​യാക്കി​യത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽനിന്ന് 71679 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.