ആറൻമുളയിൽ നിന്ന് വീശിയ കൊടുങ്കാറ്റ്

Wednesday 06 May 2026 12:55 AM IST

ജില്ലയുടെ ചെമ്പട്ട് മേലാപ്പ് യു.ഡി.എഫ് അഴിച്ചെട‌ുത്തു. എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന അഞ്ച് മണ്ഡലങ്ങളിൽ നാലും യു.ഡി.എഫിന്റെ കൂടെപ്പോന്നത് ചരിത്രത്തിലാദ്യം. പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഏറ്റവും കൂടുതൽ വിമർശനം നേരിട്ട ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് ആറൻമുളയിൽ അടിപതറി വീണത് എൽ.ഡി.എഫിനേറ്റ പ്രഹരമായി. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി വിജയിച്ചത് പത്തൊൻപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന്. ആറൻമുളയിൽ തുടർച്ചയായി രണ്ടുതവണ വിജയിച്ച വീണയുടെ ഹാട്രിക്ക് മോഹങ്ങളാണ് തകർന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ഭൂരിപക്ഷം നിലനിറുത്തിയായിരുന്നു അബിൻ വർക്കിയുടെ മുന്നേറ്റം. ഇരുപത്തൊന്നു റൗണ്ടിൽ ഒരുഘട്ടത്തിലും വീണാ ജോർജിന് ലീഡ് ഉയർത്താൻ സാധിച്ചില്ല. സംസ്ഥാന നേതാവായിട്ടും ഒന്നും രണ്ടും സ്ഥാനങ്ങളിലേക്ക് ഒരുറൗണ്ടിലും കടന്നെത്താൻ കഴിയാതെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനും നിരാശപ്പെടുത്തി. 2016 ൽ ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന എം.ടി. രമേശ് നേടിയ മുപ്പത്തിയേഴായിരം വോട്ടിന്റെ അടുത്തെത്താൻ കുമ്മനത്തിന് കഴിഞ്ഞില്ല. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിനെത്തുടർന്ന് വർഷങ്ങളോളം ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കേണ്ടി വന്ന കെ.കെ. ഹർഷീന അബിൻ വർക്കിയ്ക്കായി പ്രചാരണത്തിനെത്തിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ ആക്രമിച്ചെന്നാരോപിച്ച് ജയിലിലായ കെ.എസ്.യു പ്രവർത്തകരും അബിൻ വർക്കിക്കായി വോട്ടഭ്യർത്ഥിച്ച് മണ്ഡലത്തിലെത്തിയിരുന്നു.

തുരുത്തായി കോന്നി

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ഉണ്ടായപ്പോൾ ജില്ലയിൽ എൽ.ഡി.എഫിന് തുരുത്തായത് കോന്നി മാത്രമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പലതവണ ലീഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി. തുടർന്ന് യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വോട്ട് നില മാറി മറിഞ്ഞുകൊണ്ടിരുന്നു. മൂന്നാം തവണയാണ് ജനീഷ് കുമാർ കോന്നിയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 2019 ൽ അടൂർ പ്രകാശ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.യു. ജനീഷ് കുമാറിലൂടെ പിടിച്ചെടുത്ത മണ്ഡലം മൂന്നാം തവണയും നിലനിറുത്താനായതിന്റെ ആശ്വാസത്തിലാണ് എൽ.ഡി.എഫ്.

മൂന്ന് പതിറ്റാണ്ടിന്റെ കുത്തക തകർത്തു

മൂന്ന് പതിറ്റാണ്ടുകളായി ഇടതുകോട്ടയായിരുന്ന റാന്നിയി​ൽ യു.ഡി.എഫ് സ്ഥാനാർത്ഥി പഴകുളം മധു മികച്ച ഭൂരിപക്ഷത്തിനാണ് വിജയക്കൊടി പാറിച്ചത്. മണ്ഡലത്തിലെ വികസന മുരടിപ്പും കാർഷിക മേഖലയിലെ പ്രതിസന്ധികളും ഉയർത്തിക്കാട്ടിയുള്ള പ്രചാരണ തന്ത്രങ്ങൾ ജനങ്ങൾ നെഞ്ചേറ്റിയതാണ് വിജയത്തിന് കാരണമായത്. ജനകീയനായ നേതാവ് എന്ന പ്രതിച്ഛായയും താഴെത്തട്ടിലുള്ള പ്രവർത്തകരുടെ കെട്ടുറപ്പുള്ള പ്രവർത്തനവും പഴകുളം മധുവിന് തുണയായി. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിറുത്താൻ അദ്ദേഹത്തിന് സാധിച്ചു.

മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എയായത് സി.പി.എമ്മിലെ രാജു എബ്രഹാമാണ്. 1996 മുതൽ ഇരുപത്തിയഞ്ച് വർഷക്കാലം തുടർച്ചയായി അദ്ദേഹം റാന്നിയെ പ്രതിനിധീകരിച്ചു. കഴിഞ്ഞതവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺഗ്രസ് എമ്മിലെ അഡ്വ. പ്രമോദ് നാരായൺ വിജയിച്ചു.

അടൂരിൽ മിന്നി യു.ഡി.എഫ്

ഒന്നരപതിറ്റാണ്ടായി എൽ.ഡി.എഫ് കൈവശം വച്ചിരുന്ന അടൂരിൽ യു.ഡി.എഫ് മിന്നു‌ന്ന വിജയമാണ് നേടിയത്. അഡ്വ. സി.വി. ശാന്തകുമാറാണ് വിജയിച്ചത്. 2011 മുതൽ ചിറ്റയം ഗോപകുമാറിലൂടെ എൽ.ഡി.എഫ് ഹാട്രിക്ക് വിജയം നേടിയ മണ്ഡലത്തിലാണ് പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വിജയം നേടിയത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ വിവാദങ്ങളിൽ ഇടം നേടിയ മണ്ഡലമാണ് അടൂർ. പ്രിജി കണ്ണന്റെ പേര് വിവാദവും സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരന്റെ രാജിയും അടൂരിനെ വാർത്തകളിൽ നിറച്ചിരുന്നു.

തിരുവല്ല നൽകുന്ന സൂചന

രണ്ട് പതിറ്റാണ്ടായി തിരുവല്ല നിയോജകമണ്ഡലത്തിൽ തുടർച്ചയായി വിജയിച്ചുകൊണ്ടിരുന്ന എൽ.ഡി.എഫിനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫ് ചരിത്രവിജയം നേടിയത്. എൻ.ഡി.എയിലെ അനൂപ് ആന്റണിയെയാണ് യു.ഡി.എഫിലെ വർഗീസ് മാമ്മൻ പരാജയപ്പെടുത്തിയത്. നിലവിലെ എം.എൽ.എയും മുൻ മന്ത്രിയുമായിരുന്ന മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തിരുവല്ല മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. ഉറച്ചമണ്ഡലമായി എൽ.ഡി.എഫ് കരുതിയിരുന്ന തിരുവല്ലയിൽ മാത്യു ടി. തോമസിന്റെ പരാജയം കനത്ത തിരിച്ചടിയായി. കന്നി മത്സരത്തിനിറങ്ങിയ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി നാൽപ്പത്തിമൂവായിരം വോട്ടുകൾ നേടി രണ്ടാമതെത്തിയതും ചർച്ചയായിട്ടുണ്ട്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ആദ്യ റൗണ്ടുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി ലീഡ് ചെയ്‌തെങ്കിലും പിന്നീട് യു.ഡി.എഫിന്റെ മുന്നേറ്റമായിരുന്നു. അവസാന റൗണ്ടുവരേയും ആ മുൻ‌തൂക്കം നിലനിറുത്തി. മണ്ഡലത്തെ ഇളക്കിമറിച്ച് പ്രചാരണം നടത്തിയ എൻ.ഡി.എയും എൽ.ഡി.എഫും വിജയം പ്രതീക്ഷിച്ചി​രുന്നു.