
ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ലോകവ്യാപകമായി ഛിന്നഭിന്നമാകലും, വിതരണ ശൃംഖലയിലെ തടസങ്ങളും, ഊർജ്ജ അരക്ഷിതാവസ്ഥയും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും നിലനിൽക്കുന്ന സാഹചര്യത്തിൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും രാജ്യങ്ങൾ തങ്ങൾക്കു വിശ്വസിക്കാൻ കഴിയുന്ന പങ്കാളികളെ തേടിക്കൊണ്ടിരിക്കുകയാണ്. വെറും വാചകകസർത്തു നടത്തുന്നവരെയല്ല, മറിച്ച് പ്രായോഗിക പരിഹാരങ്ങൾ ചെയ്യാൻ കഴിയുന്നവരെയാണ് അവർ തേടുന്നത്. പ്രത്യയശാസ്‌ത്രപരമായുള്ള ഐക്യപ്പെടലിനല്ല, മറിച്ച്, ആശ്രയിക്കാൻ കഴിയുന്ന നേതൃത്വത്തെയാണ് അവർ അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിൽ, അത്തരം രാജ്യങ്ങൾ ഇന്ത്യയിലേക്ക് തിരിയുകയാണ്.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇന്ത്യ ഉയർന്നുവരുന്ന ശക്തി എന്നതിൽ നിന്ന് പ്രതികരിക്കാൻ ശക്തിയുള്ള രാജ്യമായി മാറിയിരിക്കുന്നു. സാമ്പത്തിക മുന്നേറ്റം, നയതന്ത്ര വിശ്വാസ്യത, പ്രതിസന്ധി ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുള്ള സാംസ്കാരിക ഗാംഭീര്യം എന്നിവയിലൂടെയാണ് ഇന്ത്യ പ്രതികരിക്കാൻ ശക്തിയുള്ള രാജ്യമായി മാറിയിരിക്കുന്നത്. സംഘർഷ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിലാകട്ടെ, മഹാമാരിയുടെ കാലത്ത് പ്രതിരോധ മരുന്നുകൾ നൽകുന്നതിലാകട്ടെ, അയൽ രാജ്യങ്ങൾക്കുവേണ്ടി ഇന്ധന വിപണി സുസ്ഥിരമാക്കുന്നതിലാകട്ടെ, ആഗോള രംഗത്ത് വികസ്വര രാഷ്ട്രങ്ങളുടെ ചാമ്പ്യനായി പ്രവർത്തിക്കുന്നതിലാകട്ടെ, ഇന്ത്യ ദക്ഷിണ മേഖലയിൽ ഏറ്റവും വിശ്വസനീയ ശബ്ദമായി മാറിയിരിക്കുകയാണ്. ഈ വിശ്വാസ്യതയുടെ ഫലമായാണ് ലോകം അന്താരാഷ്ട്ര വിഷയങ്ങളിൽ ന്യൂഡൽഹിയുടെ ശബ്ദത്തിനായി കാതോർക്കുന്നത്.
വികസ്വര രാഷ്ട്രങ്ങൾക്കുവേണ്ടിയാണ് ഇന്ത്യ ശബ്ദം മുഴക്കുന്നത്. പ്രഥമ ആഫ്രോ - ഏഷ്യൻ സമ്മേളനമായ ബന്ദുങ്ങ് കോൺഫ്രൻസ് മുതൽ ചേരിചേരാ പ്രസ്ഥാനം വരെ ഇന്ത്യ പുതുതായി സ്വാതന്ത്ര്യം പ്രാപിച്ച രാജ്യങ്ങളുടെ ശബ്ദം പ്രകടിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അവർക്ക് പരമാധികാരവും നീതിയുക്തമായ വികസനവും സ്വായത്തമാക്കുന്നതിനു വേണ്ടിയായിരുന്നു ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. ഇപ്പോൾ ഈ പാരമ്പര്യം കൂടുതൽ മൂർത്തമായി മാറി. ഇന്ത്യ ഇപ്പോൾ കേവലം ഒരു ധാർമിക വാദിയല്ല, മറിച്ച് പ്രായോഗികമായി ഇതെല്ലാം ലഭ്യമാക്കുന്നതിലുള്ള പങ്കാളിയാണ്. നാലു ട്രില്യണിലധികം ജി.ഡി.പിയും ലോകത്തെ അതിവേഗം വികസിക്കുന്ന സാമ്പത്തിക ശക്തിയും കൊണ്ട്, നയതന്ത്ര ചാതുരിയെ യഥാർത്ഥ സഹായമാക്കി ഉപയോഗപ്പെടുത്താൻ ഇന്ത്യയ്ക്കു കഴിയുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന നിർമ്മാണ അടിത്തറയും, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും, ഇന്ധന ശേഷിയും കൊണ്ട് വലിയതോതിൽ സഹായങ്ങൾ ചെയ്യാനും ഇന്ത്യയ്ക്കു കഴിയുന്നു. തത്വത്തിന്റെയും പ്രയോഗത്തിന്റെയും ഈ സമന്വയമാണ് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ സാംഗത്യം അടയാളപ്പെടുത്തുന്നത്.
പ്രതിസന്ധിഘട്ടങ്ങളിലെ
നായകത്വം
അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രകടിപ്പിക്കുന്ന നേതൃപാടവമാണ് യഥാർത്ഥ അളവുകോൽ. കൊവിഡ് -19 മഹാമാരിക്കാലത്ത് രാജ്യത്തിന്റെ വാക്‌സിൻ മൈത്രി സംരംഭം വഴി ഡസൻകണക്കിന് രാജ്യങ്ങൾക്ക് പ്രതിരോധ മരുന്നുകളും മറ്റ് മരുന്നുകളും ഇന്ത്യ നൽകി. അതുവഴി 'ലോകത്തിന്റെ ഫാർമസി" എന്ന പേര് ഇന്ത്യയ്ക്ക് ഊട്ടിയുറപ്പിക്കാൻ കഴിഞ്ഞു. അടുത്തിടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമുസ് കടലിടുക്കു വഴിയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടപ്പോൾ, കപ്പൽ മാർഗം സംരക്ഷിക്കാനും, എണ്ണ വിതരണം സുരക്ഷിതമാക്കാനും ഇന്ത്യ ഇടപെടൽ നടത്തി. കപ്പൽ ഗതാഗതം സുഗമമാക്കുന്നതിൽ ഇന്ത്യൻ നാവികസേനാ വിന്യാസം ഉപയോഗപ്പെട്ടു. ഒപ്പം തന്നെ ന്യൂഡൽഹി ഇതുമായി ബന്ധപ്പെട്ട പ്രാദേശിക ഭരണസംവിധാനങ്ങളുമായുള്ള ചർച്ചകളും സജീവമാക്കി. ഇന്ധനക്ഷാമം നേരിട്ട പല അയൽ രാജ്യങ്ങൾക്കും ഇന്ത്യ സഹായഹസ്തം നീട്ടി.
ഭക്ഷ്യ, ഇന്ധന, വിതരണ
ശൃംഖലാ സുരക്ഷ
വികസ്വര രാഷ്ട്രങ്ങളെ സംബന്ധിച്ച് പ്രായോഗിക വെല്ലുവിളികളാണ് ഏറെ ദുഷ്‌കരം. ഭക്ഷ്യസാധന വില, ഇന്ധന ലഭ്യത, സുഗമമായ വിതരണ ശൃംഖല എന്നിവയാണ് വേണ്ടത്. ഈ മൂന്നു രംഗങ്ങളിലും ഇന്ത്യ സുപ്രധാന പങ്കുവഹിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കാർഷികോത്‌പാദന രാജ്യം എന്ന നിലയിൽ അരി, ഗോതമ്പ്, പഞ്ചസാര, ഔഷധങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ പ്രധാന പങ്കുണ്ട് ഇന്ത്യയ്ക്ക്. ഇതുമൂലം ആഗോള ചരക്കു വിതരണത്തിലും ആരോഗ്യ സുരക്ഷയിലും വലിയ സ്വാധീനം ചെലുത്താൻ ഇന്ത്യയ്ക്കു കഴിയുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ഇന്ധന ഉപഭോക്താവെന്ന നിലയിൽ, ഇന്ധന വരവും സുഗമായി നിലനിറുത്തുന്നതിലും ക്ഷാമകാലത്ത് പ്രാദേശിക വിപണി സുസ്ഥിരമാക്കുന്നതിലും ഇന്ത്യ കഴിവു തെളിയിച്ചിട്ടുണ്ട്. ആഗോള വിതരണ ശൃംഖല വൈവിദ്ധ്യവത്ക്കരിക്കുന്നതിൽ, വിശേഷിച്ച് ഇലക്ട്രോണിക്സ്, സെമി കണ്ടക്ടേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിൽ ഇന്ത്യയെ വിശ്വസ്തരായ ബദലായി ലോകം കാണുകയാണ്. അതുകൊണ്ട് ഇന്ത്യയുമായുള്ള പല രാജ്യങ്ങളുടേയും പങ്കാളിത്തം വെറും പ്രതീകാത്മകമല്ല, മറിച്ച് നയതന്ത്രപരമാണ്.
ഡിജിറ്റൽ പബ്ലിക് അടിസ്ഥാന
സൗകര്യങ്ങൾ
ജനസംഖ്യാ വ്യാപനത്തിനനുസരിച്ച് എല്ലാവരേയും ഉൾക്കൊള്ളുന്ന ഡിജിറ്റൽ സംവിധാനം ആവിഷ്കരിച്ചു എന്നതും ഇന്ത്യയെ ദക്ഷിണ ഗോളത്തിലെ രാജ്യങ്ങൾ ശ്രദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. ആധാർ, യു.പി.ഐ, ഡിജിലോൺ എന്നീ സംവിധാനങ്ങൾ വഴി കോടിക്കണക്കിനാളുകൾക്ക് ബാങ്കിടപാടുകളും പണം കൈമാറ്റം ചെയ്യലും, സർക്കാർ സേവനങ്ങളും പ്രയോജനപ്പെടുത്താൻ കഴിയുന്നു. ടെക്നോളജി സൊലൂഷനുകളിൽ പരമാധികാരം ആഗ്രഹിക്കുന്ന വികസ്വര രാഷ്ട്രങ്ങൾ പലതും ഇന്ത്യയുടെ ഈ ചെലവു കുറഞ്ഞ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും രാജ്യങ്ങൾ കേവലം സാങ്കേതികവിദ്യക്കായി മാത്രമല്ല, ഈ ദിശയിലുള്ള ഭരണ മാതൃകകൾക്കായാണ് ഇന്ത്യയെ ഉറ്റുനോക്കുന്നത്.
വിശ്വസ്ത പങ്കാളി
ആഗോള വിഷയങ്ങളിൽ അങ്ങേയറ്റം സമതുലിതമായ ഇന്ത്യയുടെ നിലപാടാണ് അവരെ ആകർഷിക്കുന്നത്. നയതന്ത്രപരമായ സ്വയംഭരണാവകാശം സംരക്ഷിച്ചുകൊണ്ടുതന്നെ അമേരിക്ക, റഷ്യ, ഗൾഫ് രാഷ്ട്രങ്ങൾ, ആഫ്രിക്ക, തെക്ക് - കിഴക്കൻ ഏഷ്യ എന്നീ രാജ്യങ്ങളുമായി സുദൃഢ ബന്ധം കാത്തുസൂക്ഷിക്കാൻ ഇന്ത്യയ്ക്കു കഴിയുന്നുണ്ട്. മറ്റു പലരും ഓരോ സഖ്യത്തിൽ നിലകൊള്ളുമ്പോൾ, ഏതു രാഷ്ട്രങ്ങളുമായി ബന്ധപ്പെടാനും സമവായം ഉണ്ടാക്കാനും ഇന്ത്യയ്ക്കു കഴിയുന്നത് ഇതുകൊണ്ടാണ്. യു.എ.ഇയിലും സൗദി അറേബ്യയിലും ഇന്ത്യയെ ഏറ്റവും വിശ്വസ്തമായ സാമ്പത്തിക - സുരക്ഷാ പങ്കാളിയായാണ് കരുതുന്നത്.
തെക്കിന്റെ ശബ്ദം
ജി - 20 രാഷ്ട്രങ്ങളുടെ അദ്ധ്യക്ഷ പദവി വഴി ഇന്ത്യയ്ക്ക് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ശബ്ദമായി മാറാൻ കഴിഞ്ഞു. ഇവിടെ വികസ്വര രാഷ്ട്രങ്ങളുടെ വായ്പ, കാലാവസ്ഥാ സമ്പത്ത്, ആരോഗ്യം, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ പൊതുവിഷയങ്ങൾ പ്രകടിപ്പിക്കാൻ കഴിഞ്ഞു. മറ്റുള്ളവർക്കുവേണ്ടി സംസാരിക്കുകയല്ല, മറ്റു രാജ്യങ്ങൾക്ക് അതിലൂടെ അവരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ സവിശേഷത വ്യക്തമാണ്. കേവലം പ്രത്യയശാസ്‌ത്ര നിബന്ധനകൾക്കപ്പുറം, എല്ലാവരേയും കേൾക്കുന്ന, എല്ലാവരുമായും കൂടിയാലോചന നടത്തുന്ന, പ്രായോഗിക സഹകരണത്തിന്റെ നയതന്ത്ര ശൈലിയാണ് ജി - 20 ഉച്ചകോടിയിൽ ഇന്ത്യ പ്രകടിപ്പിച്ചത്.
എന്തുകൊണ്ട് ന്യൂഡൽഹി
കൂടുതൽ പ്രസക്തമാകുന്നു
ദക്ഷിണ രാജ്യങ്ങൾ ഒരു രക്ഷാധികാരിയെയല്ല തേടുന്നത്, മറിച്ച്, വികസന യാഥാർത്ഥ്യങ്ങൾ മനസിലാക്കുകയും, പ്രകടമായ ഫലസിദ്ധി നൽകാൻ കഴിയുകയും ചെയ്യുന്ന പങ്കാളിയെയാണ് അവർ അന്വേഷിക്കുന്നത്. ഇത്തരമൊരു കാര്യത്തിന് അനുയോജ്യമാണ് ഇന്ത്യ എന്ന് അവർ കാണുന്നു. വികസ്വര രാജ്യമെന്ന അനുഭവസമ്പത്തും ഒരു വൻശക്തി എന്ന നിലയിലുള്ള ശേഷിയും സമന്വയിക്കുന്ന ഒരു പങ്കാളിയായാണ് അവർ ഇന്ത്യയെ കാണുന്നത്. അതാകട്ടെ സാംസ്കാരിക സാധുത, സാങ്കേതിക നവീകരണം, സാമ്പത്തിക സാദ്ധ്യത, വികസിക്കുന്ന നയതന്ത്ര വിശ്വാസ്യത എന്നിവയിൽ അധിഷ്ഠിതമാണ്. ഏറ്റവും പ്രധാനം, മറ്റുള്ളവർ പലരും മടിച്ചുനിൽക്കുമ്പോൾ ഇന്ത്യ പ്രവർത്തിച്ചു കാണിക്കാൻ തയ്യാറാകുന്നു എന്നതാണ്. ഭക്ഷണം, ഇന്ധനം, വിതരണ ശൃംഖല എന്നിവയിലെ വെല്ലുവിളികൾ അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയത്തെത്തന്നെ പുനഃക്രമീകരിക്കുമ്പോൾ ദക്ഷിണ ഗോളത്തിലെ ഏറ്റവും ആശ്രയിക്കാവുന്ന നേതാവ് എന്ന നിലയിൽ വരും വർഷങ്ങളിൽ ഇന്ത്യയുടെ ശബ്ദം കൂടുതൽ ഫലപ്രദമാവുക തന്നെ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |