ചരിത്രത്തിനൊപ്പം നടന്ന കെ.ജി

Wednesday 20 May 2026 9:52 PM IST

കെ.ജി എന്ന ചുരുക്കപ്പേരിൽ അടുപ്പമുള്ളവർ വിളിച്ച കെ.ജി.പരമേശ്വരൻ നായർ കേരള രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾ ഹൃദയത്തിൽ ഒപ്പിയെടുത്ത ചരിത്രബോധമുള്ള പത്രപ്രവർത്തകനായിരുന്നു. കേരള നിയമസഭയുടെ ചരിത്രം കെ.ജി സാറിനെപ്പോലെ അറിയാവുന്ന പത്രപ്രവർത്തകർ അപൂർവമായിരുന്നു. നിയമസഭാംഗങ്ങൾപോലും സാറിനോട് സംശയങ്ങൾ ചോദിക്കുമായിരുന്നു. കേരളകൗമുദി പത്രത്തിന്റെ മുഖപേജിൽ 'കെ.ജി.പരമേശ്വരൻ നായർ ' എന്ന ബൈലൈൻ (പേരു വച്ചെഴുതുന്ന റിപ്പോർട്ട് ) വാർത്തകൾ നിറഞ്ഞുനിന്ന കാലമുണ്ടായിരുന്നു. എത്രയെത്ര രാഷ്ട്രീയ വാർത്തകൾ. എക്സ്ക്ളൂസീവ് റിപ്പോ

ർട്ടുകൾ.

ഡി.ബാബുപോൾ ധനകാര്യ സെക്രട്ടറിയായിരുന്ന കാലം. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന വിവരം അന്ന് കേരളകൗമുദി ലേഖകനായ കെ.ജി.പരമേശ്വരൻനായർക്കു ലഭിച്ചു. മന്ത്രിയോട് തിരക്കിയപ്പോൾ അങ്ങനെയൊരു പ്രശ്‌നമേയില്ലെന്നായിരുന്നു മറുപടി. കെ.ജി സെക്രട്ടേറിയറ്റിലെത്തി ബാബുപോളിനെ കണ്ടു. കുശല സംഭാഷണങ്ങൾക്കിടയിൽ ഈ വിഷയം എടുത്തിട്ടു. ബാബുപോൾ വിശദമായി കാര്യങ്ങൾ പറഞ്ഞുകൊടുത്തു.

വർത്തമാനം പറഞ്ഞിരുന്ന കെ.ജി ഒന്നും കുറിച്ചെടുക്കാതിരുന്നപ്പോൾ വാർത്തയാക്കാനായിരിക്കില്ലെന്ന് ബാബുപോൾ കരുതി.എന്നാൽ അടുത്തദിവസം കേരളകൗമുദിയുടെ ഒന്നാം പേജിലെ മുഖ്യവാർത്തകളിലൊന്ന് കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്നതായിരുന്നു. റിപ്പോർട്ട് പ്രസിദ്ധീകരിച്ച് രണ്ടാംദിവസം ചരിത്രത്തിലാദ്യമായി ട്രഷറി പേയ്മെന്റുകളിൽ സർക്കാർ നിയന്ത്രണം പ്രഖ്യാപിക്കുകയും ചെയ്തു.

എക്സ്ക്ളൂസീവ്

റിപ്പോർട്ടുകൾ

സംസ്ഥാനത്ത് പ്രീഡിഗ്രി ബോർഡ് രൂപീകരിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനം കെ.ജി സാറിന്റെ എക്സ്ക്ളൂസീവ് റിപ്പോർട്ടായിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞ് അടുപ്പമുള്ള മന്ത്രിമാരിൽ ഒന്നു രണ്ടുപേരെ വിളിച്ചു. നേരത്തെയിറങ്ങി എന്നൊക്കെയുള്ള മറുപടിയാണ് ലഭിച്ചത്. ഒടുവിൽ മന്ത്രി എം.കമലത്തെ വിളിച്ചിട്ട് തീരുമാനം എടുത്തോയെന്ന് യെസ് ഓർ നോ പറഞ്ഞാൽ മതിയെന്ന് ആവശ്യപ്പെട്ടു.

കമലം യെസ് എന്ന് സമ്മതിച്ചപ്പോൾ പിന്നീട് വലിയ വിവാദങ്ങളിലേക്ക് കടന്ന പ്രീഡിഗ്രി ബോർഡ് രൂപീകരണ വാർത്ത അടുത്ത ദിവസത്തെ കേരളകൗമുദിയിൽ മുഖ്യവാർത്തയായി. ഇങ്ങനെ വ്യത്യസ്‌തങ്ങളായ വാർത്തകളുമായി മൂന്നരപ്പതിറ്റാണ്ടോളം കെ.ജി.പരമേശ്വരൻനായർ എന്ന ബൈലൈൻ കേരളകൗമുദിയിൽ സജീവമായിരുന്നു. റിട്ടയർമെന്റിനുശേഷം കോളമിസ്റ്റായും തുടർന്നു.

നിയമസഭാ റിപ്പോർട്ടിംഗ്

കേരള നിയമസഭയുടെ ചരിത്രം കണ്ണുമടച്ച് കെ.ജി പറയും 35 വർഷംനീണ്ട കെ.ജിയുടെ സഭാ റിപ്പോർട്ടിംഗിനെ രാഷ്ട്രപതി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കെ.ജിയുടെ 'കേരളനിയമസഭ ചരിത്രവും ധർമ്മവും' എന്ന പുസ്തകം പല പതിപ്പിലെത്തി. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഒരു ഇലയനങ്ങിയാൽ കെ.ജി അറിയുമായിരുന്നു. ഡഫേദാർ മുതൽ മുഖ്യമന്ത്രിവരെയുള്ളവരുമായി ബന്ധം സ്ഥാപിച്ചിരുന്നു.

വാർത്തകൾ, പ്രത്യേകിച്ചും എക്സ്ക്ളൂസീവ് റിപ്പോർട്ടുകൾ ലഭിക്കാൻ അന്നും ഇന്നും ഒരു വഴിയേയുള്ളുവെന്ന് കെ.ജി സാർ പറഞ്ഞിരുന്നു. 'അത് കോൺടാക്‌ടാണ്. റിപ്പോർട്ടർമാർ ഭരണസിരാകേന്ദ്രത്തിലിരിക്കുന്നവരുമായി നല്ല ബന്ധം ഉണ്ടാക്കണം. ഉദ്യോഗസ്ഥരുമായും ചങ്ങാത്തം ഉണ്ടാക്കണം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി അടുപ്പം സൃഷ്‌ടിക്കണം. അവരെ നേരിൽപ്പോയി കാണണം. വാർത്തയ്‌ക്കുവേണ്ടി മാത്രമാകരുത് ആ സന്ദർശനം.

അവരിൽ നമ്മളെക്കുറിച്ച് ഒരു മതിപ്പും വിശ്വാസ്യതയും സൃഷ്ടിക്കണം'. ഇന്നും പ്രസക്തമാണീ വാക്കുകൾ.

ഇ.എം.എസ് മുതൽ ഉമ്മൻചാണ്ടിവരെ വിവിധ കാലഘട്ടങ്ങൾ.പലപ്പോഴും മന്ത്രിമാർ വാർത്തകൾ വിളിച്ചു നൽകിയിട്ടുണ്ടെന്ന് കെ.ജി പറഞ്ഞിരുന്നു. അന്ന് ഇടതുമുന്നണിയോഗമൊക്കെ ചേർന്നാൽ സി.പി.എമ്മുകാർ ഒന്നും പറയില്ല.എന്നാൽ കെ.ജിക്ക് കൃത്യമായി വിവരങ്ങൾ കിട്ടും. മന്ത്രി ബേബിജോൺ യോഗം കഴിഞ്ഞ് ഇറങ്ങിയെന്ന് അറിഞ്ഞാലുടൻ കെ.ജി വിളിക്കും. ബേബിജോൺ ഒരിക്കലും കെ.ജിയെ നിരാശപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭാ സാമാജികൻ ആയപ്പോൾ മുതൽ കെ.ജി സാറുമായി അടുപ്പം പുലർത്തിയിരുന്നു.

1963 ആഗസ്റ്റ് എട്ടിനാണ് കെ.ജി കേരളകൗമുദിയിൽ റിപ്പോർട്ടറായി നിയമിതനാകുന്നത്. അപേക്ഷ നൽകിയിട്ടോ അഭിമുഖം നടത്തിയിട്ടോ ആയിരുന്നില്ല ആ നിയമനം. തിരുവനന്തപുരം ബ്യൂറോയിൽ കെ.വിജയരാഘവനെ സഹായിക്കുകയെന്നതായിരുന്നു ആദ്യ ദൗത്യം. പത്രാധിപർ കെ.സുകുമാരനുള്ള കാലമാണ്. ആ തലമുറകളുടെ മാത്രമല്ല വിരമിച്ചശേഷവും കേരളകൗമുദി കുടുംബത്തിന്റെ സ്നേഹം ഇന്നത്തെ ചീഫ് എഡിറ്റർ ദീപു രവിയിലൂടെ തുടരുന്നുണ്ടെന്ന് കെ.ജി പറയാറുണ്ടായിരുന്നു.

സിനിമാ മോഹം

ജീവിതത്തിൽ പത്രപ്രവർത്തകനാവുകയെന്നത് കെ.ജിയുടെ ലക്ഷ്യങ്ങളിലുണ്ടായിരുന്നില്ല. സിനിമാ നടനാകണമെന്നായിരുന്നു ആഗ്രഹം. തിരുവനന്തപുരം തൃക്കണ്ണാപുരമാണ് സ്വദേശം.അനശ്വരനായ നടൻ സത്യൻ നാട്ടുകാരനായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. കോളേജിലെ അഭിനയമത്സരത്തിൽ ബെസ്റ്റ് ആക്‌ടറായെങ്കിലും സിനിമയിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല. പി.സുബ്രഹ്മണ്യത്തിന്റെ ക്രിസ്‌മസ് രാത്രി, മധു നിർമ്മിച്ച ധീരസമീരെ യമുനാതീരെ എന്നീ രണ്ട് ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചുവെന്ന് മാത്രം.

കോളേജിൽ നിന്നിറങ്ങി കൂട്ടുകാരുമൊത്ത് പ്രൊഫഷണൽ നാടക സമിതിയൊക്കെ ഉണ്ടാക്കിയെങ്കിലും വിജയിച്ചില്ല. സാഹിത്യകാരനും ലോട്ടറി ഡയറക്‌ടറുമായിരുന്ന കെ.എസ്.കൃഷ്‌ണനാണ് കെ.ജിയെ കൗമുദിയിൽ ചേരാൻ പ്രേരിപ്പിച്ചത്. കെ.ബാലകൃഷ്‌ണനായിരുന്നു പത്രാധിപർ.വാർത്താ ഏജൻസി കോപ്പികൾ തർജ്ജമ ചെയ്യുകയെന്നതായിരുന്നു ആദ്യത്തെ ജോലി. പരിഭാഷപ്പെടുത്തിയ കോപ്പികളിലൊന്ന് ബാലകൃഷ്‌ണൻ വായിച്ചിട്ട് 'ദിസ് ബോയി ഈസ് എ പ്രോമിസിംഗ് വൺ' എന്ന് അഭിപ്രായപ്പെട്ടു.

കേരളകൗമുദിയിൽ വന്നപ്പോൾ ആദ്യം റിപ്പോർട്ട് ചെയ്തത് മൃഗശാല കാണാനെത്തിയ ഒരു കുടുംബത്തിന്റെ കൈകളിൽ നിന്ന് കരടിക്കൂട്ടിലേക്ക് വീണു കൊല്ലപ്പെട്ട ഒരു കുഞ്ഞിന്റെ ദാരുണമരണമായിരുന്നു. കരടിയെ കാണിക്കാനായി അമ്മ ഒക്കത്തിരുന്ന കുഞ്ഞിനെ താഴേക്ക് നീട്ടിയപ്പോൾ അബദ്ധത്തിൽ കൂട്ടിൽ വീഴുകയായിരുന്നു.കെ.ജി ചെന്നപ്പോൾ ആ കുഞ്ഞിനെ ഭക്ഷിക്കുന്ന കരടിയെയാണ് കണ്ടത്.മനുഷ്യരക്തം ആദ്യമായി രുചിച്ച കരടിയും നെഞ്ച് തകർന്ന അമ്മയുമെന്നായിരുന്നു ആ വാർത്തയുടെ തുടക്കം.

പത്രപ്രവർത്തന രംഗത്തെ ദീർഘകാലഘട്ടത്തിൽ പങ്കുവയ്‌ക്കാൻ കെ.ജി സാറിന് ഏറെ ഓർമ്മകളുണ്ടായിരുന്നു. സഭയിൽ വച്ച് ധനകാര്യമന്ത്രി കെ.ടി.ജോർജ് കുഴഞ്ഞുവീണു മരിച്ച സംഭവമടക്കം റിപ്പോർട്ട് ചെയ്തത് ഓർത്തു പറഞ്ഞിട്ടുണ്ട്. 1970ൽ പ്രതിപക്ഷത്തെ ചില അംഗങ്ങൾ സ്‌പീക്കറുടെ ഡയസിലേക്ക് ഓടിക്കയറിയതും സ്‌പീക്കർ ദാമോദരൻപോറ്റി ഓടി രക്ഷപ്പെട്ടതിനും നിയമസഭയിൽ സാക്ഷിയായിരുന്നു കെ.ജി സാർ.കേരളകൗമുദി അസോസിയേറ്റ് എഡിറ്ററായിരുന്ന കെ.വിജയരാഘവൻ സാറുമായുള്ള സൗഹൃദം ജീവിതത്തിൽ മറക്കാനാവില്ലെന്ന് കെ.ജി പറയുമായിരുന്നു.

പത്രപ്രവർത്തന രംഗത്തെ പുതിയ തലമുറയെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. സത്യസന്ധത എന്നും മുറുകെപ്പിടിച്ചു. പത്രപ്രവർത്തകന്റെ ഏറ്റവും വലിയ സമ്പാദ്യം വിശ്വാസ്യതയാണ്. അതൊരിക്കലും കളഞ്ഞുകുളിച്ചിട്ടില്ലെന്ന് അഭിമാനത്തോടെ കെ.ജി പറയുമായിരുന്നു.