പോക്സോ വകുപ്പിന്റെ ദുരുപയോഗം
വിവാഹ മോചന കേസുകളിൽ ഭർത്താവിനെതിരെ വ്യാജ പോക്സോ പരാതികൾ ആയുധമാക്കുന്ന രീതി വർദ്ധിച്ചു വരുന്നതിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കേസിലെ നേട്ടത്തിനായുള്ള നിയമത്തിന്റെ ദുരുപയോഗം നിരപരാധികളെ പ്രതിക്കൂട്ടിലാക്കുകയും ജുഡിഷ്യൽ സംവിധാനത്തിന് അധിക ഭാരമാവുകയും ചെയ്യുന്നു എന്നാണ് ഉന്നത കോടതി നിരീക്ഷിച്ചിരിക്കുന്നത്. യു.പിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഭാര്യ നൽകിയ പത്തോളം ക്രിമിനൽ കേസുകൾ റദ്ദാക്കിയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. പോക്സോ വകുപ്പും മാനഭംഗക്കുറ്റവുമടക്കമുള്ള കേസുകളാണ് കോടതി റദ്ദാക്കിയത്. പതിനാല് വയസുള്ള മകളെ ഭർത്താവും ഭർത്തൃസഹോദരനും മാനഭംഗപ്പെടുത്തിയെന്ന ആരോപണവും അവർ ഉന്നയിച്ചിരുന്നു. എന്നാൽ, അന്വേഷണത്തിൽ ഇവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ഇവ റദ്ദാക്കിക്കൊണ്ടാണ് ഇത്തരം വ്യാജ പരാതികൾ വർദ്ധിച്ചു വരുന്നതായി കോടതി അഭിപ്രായപ്പെട്ടത്.
കേരള ഹൈക്കോടതിയും സമാനമായ ആശങ്ക നേരത്തേ പ്രകടിപ്പിച്ചിട്ടുണ്ട്. പക തീർക്കാൻ മുതിർന്നവരുടെ സമ്മർദ്ദം മൂലം കുട്ടികൾ വ്യാജ പരാതികൾ നൽകാൻ നിർബന്ധിതമാകുന്ന സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികാരം തീർക്കാൻ പോക്സോ വകുപ്പ് എടുത്ത് പ്രയോഗിക്കുന്നതിന്റെ പ്രധാന കാരണം ഈ നിയമത്തിന്റെ കാഠിന്യമാണ്. പോക്സോ നിയമ പ്രകാരം പരാതി ലഭിച്ചാൽ പൊലീസ് ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണ് നിയമത്തിലുള്ളത്. ഈ കർശനമായ നടപടിക്രമമാണ് പലപ്പോഴും നിയമം ദുരുപയോഗം ചെയ്യാൻ കാരണമാകുന്നത്.
സാധാരണ ഇത്തരം പരാതി ലഭിച്ചാൽ പൊലീസ് ആകെ പരിശോധിക്കുന്നത് പീഡനത്തിനിരയായ കുട്ടിയുടെ പ്രായം മാത്രമാണ്. നിയമാനുസൃതമായ സർട്ടിഫിക്കറ്റ് പ്രകാരം 18 വയസിന് താഴെയാണെങ്കിൽ തുടർ അന്വേഷണം കൂടാതെ തന്നെ പോക്സോ കേസ് എടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഈ രീതി മാറേണ്ടതാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രാഥമിക അന്വേഷണം നടത്തി പരാതി അടിസ്ഥാനമുള്ളതാണെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ പോക്സോ കേസിലെ വകുപ്പ് ചുമത്താൻ പാടുള്ളൂ എന്ന് നേരത്തേ സുപ്രീംകോടതി തന്നെ മറ്റൊരു കേസിൽ നിർദ്ദേശിച്ചിട്ടുള്ളതാണെങ്കിലും അതൊന്നുമല്ല പോക്സോ കേസുകളുടെ കാര്യത്തിൽ നാട്ടിൽ നടക്കുന്നത്.
വിവാഹബന്ധത്തിൽ വിള്ളലുണ്ടാകുമ്പോൾ വ്യക്തിവൈരാഗ്യം തീർക്കാനും എതിർകക്ഷിയെ സമ്മർദ്ദത്തിലാക്കാനും ക്രിമിനൽ നിയമങ്ങളെ ആയുധമാക്കുകയാണ് ഇത്തരം വ്യാജ കേസുകൾ നൽകുന്നവർ ചെയ്യുന്നത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നിങ്ങനെ ഭർത്തൃവീട്ടുകാർക്കെതിരെ നൽകുന്ന കേസുകളിൽ പലതിലും തെളിവില്ലാതെയോ അടിസ്ഥാനമില്ലാതെയോ ഇത്തരം ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നു. സ്വന്തം താത്പര്യ സംരക്ഷണത്തിനായി കുട്ടിയെ തന്നെ അമ്മ ഉപയോഗിക്കുന്ന വ്യാജ പരാതികളും കുറവല്ല. ഇത്തരം വ്യാജ പരാതികൾ കൂടുന്നത് യഥാർത്ഥ ഇരകളുടെ നീതി വൈകിപ്പിക്കാനും ഇടയാക്കും.
പോക്സോ കേസിന്റെ മറ്റൊരു വശം ഇതിൽ പ്രതിയാക്കപ്പെടുന്ന വ്യക്തി സമൂഹത്തിന്റെ മുന്നിൽ അവഹേളനാ പാത്രമായി മാറുന്നു എന്നതാണ്. കേസിൽ കുറ്റമുക്തനാകുന്നത് പോലും അതുവരെ പ്രതി അനുഭവിച്ച മാനസിക പീഡനത്തിനും അവഹേളനത്തിനും സമൂഹത്തിന്റെ ഒറ്റപ്പെടുത്തലിനും പകരമാവില്ല. അതിനാൽ ഇത്തരം പരാതികളിൽ അവധാനപൂർവമായ പരിശോധന നടത്തേണ്ട ഉത്തരവാദിത്വം പൊലീസ് വിഭാഗത്തിനാണുള്ളത്. അതുപോലെ വ്യാജ പരാതികളെ പ്രോത്സാഹിപ്പിക്കാതെ അഭിഭാഷകരും കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതുണ്ട്.