SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.59 AM IST

ചിന്നക്കനാലിലെ ആനത്താരകൾ വീണ്ടെടുക്കുമ്പോൾ

encroachment

കേരളത്തിൽ മനുഷ്യവന്യജീവി സംഘർഷം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ഇടുക്കിയിലെ ചിന്നക്കനാൽ. ഇവിടെ കാട്ടാനകളുടെ സ്വൈര്യവിഹാരത്തിന് തടസ്സമായി നിന്നിരുന്ന വൻ വനം കൈയേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിൽ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം തിരിച്ചുപിടിച്ചത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള അണ്ടർ റിസർവ്വ് വനഭൂമിയിലെ ഒന്നര ഹെക്ടറോളം സ്ഥലം കൈയേറി നടത്തിയ ഏലക്കൃഷിയാണ് വനംവകുപ്പ് പൂർണമായും ഒഴിപ്പിച്ചത്. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള ആനയിറങ്കൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് പ്രധാനമായും ഈ കൈയേറ്റം നടന്നത്. ചിന്നക്കനാൽ വില്ലേജിൽ ഉൾപ്പെടുന്ന ഈ പ്രദേശം കാട്ടാനകളുടെ പ്രധാന ജലസ്രോതസും താവളവുമാണ്. 1969ൽ യൂക്കാലി പ്ലാന്റേഷനായും തുടർന്ന് 2001ൽ പൈൻ പ്ലാന്റേഷനായും വനംവകുപ്പ് നേരിട്ട് സംരക്ഷിച്ചുപോന്ന അതീവ സുരക്ഷാ മേഖലയാണിത്. ഈ വനഭൂമി കൈയേറി വൻതോതിൽ ഏലക്കൃഷി നടത്തുകയായിരുന്നു. ഇതോടൊപ്പം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പുതുതായി ഏക്കർ കണക്കിന് സ്ഥലം വെട്ടിത്തെളിച്ച് കൂടുതൽ കൃഷിയിറക്കാനുള്ള ഒരുക്കങ്ങളും കൈയേറ്റക്കാർ പൂർത്തിയാക്കിയിരുന്നു.

കാട്ടാനകളുടെ വഴിയടച്ച 'കമ്പിവേലി " പ്രതിരോധം
പതിനെട്ടോളം കാട്ടാനകൾ സ്ഥിരമായി സഞ്ചരിക്കുന്ന ചിന്നക്കനാലിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആനത്താരയാണിത്. കാട്ടാനകൾ തങ്ങളുടെ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ ക്രൂരവും ശാസ്ത്രീയവുമായ പ്രതിരോധ മാർഗങ്ങളാണ് കൈയേറ്റക്കാർ സ്വീകരിച്ചത്. കാടിനുള്ളിലെ വൻമരങ്ങളിൽ ഡ്രില്ലിംഗ് നടത്തി തുളകളുണ്ടാക്കി, അതിലൂടെ രണ്ട് ഇഞ്ചോളം കനമുള്ള കൂറ്റൻ കമ്പിവടങ്ങളും മുള്ളുവേലികളും വലിച്ച് കെട്ടിയാണ് ഇവർ പ്രതിരോധം തീർത്തത്. ജെ.സി.ബി ഉപയോഗിച്ച് വലിച്ചാൽ പോലും പൊട്ടാത്ത രീതിയിലുള്ള വടങ്ങളാണ് ആനകളെ തടയാൻ ഇവിടെ സ്ഥാപിച്ചിരുന്നത്. ഈ നിയമവിരുദ്ധ വേലികൾ കേവലം കൃഷി സംരക്ഷണത്തിന് മാത്രമായിരുന്നില്ല, മറിച്ച് പ്രദേശത്തെ മനുഷ്യവന്യജീവി സംഘർഷം ഇരട്ടിയാക്കാൻ കാരണമാവുകയും ചെയ്തെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. മുമ്പ് പലതവണ ജനവാസമേഖലയിലിറങ്ങിയ കാട്ടാനകളെ വനത്തിലേക്ക് ഓടിക്കാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം ശ്രമിച്ചിരുന്നു. എന്നാൽ കൈയേറ്റക്കാർ സ്ഥാപിച്ച ഈ കൂറ്റൻ കമ്പിവേലികൾ കാരണം ആനകൾക്ക് ഉൾക്കാട്ടിലേക്ക് പിൻവാങ്ങാൻ കഴിഞ്ഞിരുന്നില്ല. വനത്തിലേക്ക് മടങ്ങാനാകാതെ തടസ്സപ്പെട്ട കാട്ടാനക്കൂട്ടം നിരന്തരമായി ജനവാസ മേഖലകളിൽ തങ്ങാനും കൃഷിയിടങ്ങൾ നശിപ്പിക്കാനും മനുഷ്യർക്ക് നേരെ തിരിയാനും ഇതൊരു പ്രധാന കാരണമായി മാറി.

വനംവകുപ്പിന്റെ ശക്തമായ ഒഴിപ്പിക്കൽ
കൈയേറ്റം ശ്രദ്ധയിൽപ്പെട്ടതോടെ വനം വകുപ്പ് കർശന നടപടികളിലേക്ക് നീങ്ങി. വൻമരങ്ങളിൽ ഡ്രിൽ ചെയ്ത് സ്ഥാപിച്ചിരുന്ന കമ്പിവടങ്ങളും മുള്ളുവേലികളും പ്രത്യേക കട്ടറുകൾ ഉപയോഗിച്ചാണ് വനപാലകർ മുറിച്ചുമാറ്റിയത്. ഒഴിപ്പിക്കൽ നടപടിക്കിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും തടയാൻ ചില പ്രദേശവാസികൾ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഈ വെല്ലുവിളികൾക്ക് മുന്നിൽ ഉദ്യോഗസ്ഥർ പിൻവാങ്ങിയില്ല. വനഭൂമിയിൽ നിയമവിരുദ്ധമായി കൃഷിയിറക്കിയ ഏലച്ചെടികൾ പൂർണമായും പിഴുതുമാറ്റി ഭൂമി തിരിച്ചുപിടിച്ചു. മുള്ളുവേലികൾ പൂർണമായി നീക്കം ചെയ്തു. കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച വനംവകുപ്പ് ശക്തമായ നിയമനടപടികളിലേക്കാണ് കടക്കുന്നത്. വനം നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം വനംവകുപ്പ് നിലവിൽ കേസെടുത്തിട്ടുണ്ട്. കൈയേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച യഥാർത്ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഡാം പരിസരമായതിനാൽ ഇതുസംബന്ധിച്ച് അവർക്ക് വനംവകുപ്പ് അടിയന്തര റിപ്പോർട്ട് നൽകും. കൈയേറ്റക്കാർ വഴിതിരിച്ചുവിട്ട ആനത്താരകൾ ശാശ്വതമായി പുനഃസ്ഥാപിക്കുന്നതിനും ഭാവിയിൽ കൈയേറ്റങ്ങൾ തടയുന്നതിനുമായി ഈ പ്രദേശത്ത് പുതിയ ഔട്ട്‌പോസ്റ്റും വനംവകുപ്പ് ഷെഡും ഉടൻ സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫീസർ അരുൺ കുമാർ അറിയിച്ചിട്ടുണ്ട്. ചിന്നക്കനാലിലെ വനം കൈയേറ്റം ഒഴിപ്പിച്ചത് കേവലം ഭൂമി തിരിച്ചുപിടിക്കൽ മാത്രമല്ല, മറിച്ച് കാട്ടാനകളുടെ സ്വാഭാവിക സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള വലിയൊരു ചുവടുവയ്പ്പ് കൂടിയാണ്. പ്രകൃതിയെയും വന്യജീവികളെയും വകവരുത്തിക്കൊണ്ടുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശനമായ നിരീക്ഷണവും നിയമനടപടികളും വരും ദിവസങ്ങളിലും തുടരേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION