ജനസംഖ്യാ വ്യതിയാനം

Thursday 28 May 2026 12:54 AM IST

ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തായിരുന്ന ചൈനയെ പിന്തള്ളിയാണ് ഏകദേശം 146.39 കോടി ജനസംഖ്യയുമായി ഇന്ത്യ മുന്നിലെത്തിയിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 24 ശതമാനം പേർ 14 വയസിന് താഴെയുള്ളവരാണ്. 15 മുതൽ 64 വരെ പ്രായമുള്ളവരാണ് 68 ശതമാനത്തോളം വരുന്നത്. 2011ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. ഇത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 2.76 ശതമാനത്തോളം വരും. ഒരുകാലത്ത് കർശനമായ ജനസംഖ്യാ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യമാണ് ചൈന. ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം വർഷങ്ങളോളം അവർ നടപ്പാക്കിയത് തിരിച്ചടിയായെന്ന് കണ്ട് ഇപ്പോൾ അതവർ മാറ്റിയിരിക്കുകയാണ്.

കർശനമായ നിയന്ത്രണത്തിന്റെ ഭാഗമായി അവിടെ വയോജനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുകയും യുവജനങ്ങളുടെ എണ്ണം തുലോം കുറയുകയും ചെയ്തു. പട്ടാളത്തിൽ ചേരാൻ പോലും യുവാക്കളുടെ കാര്യത്തിൽ ക്ഷാമമുണ്ടാകുകയും പട്ടാളത്തിന്റെ ശരാശരി പ്രായം ഉയരുകയും ചെയ്തു. ചൈനയുടെ ചുവടുപിടിച്ച് ഇന്ത്യയും കുടുംബാസൂത്രണ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ അത് നിയമപരമായി അടിച്ചേൽപ്പിക്കുവാൻ കഴിയുമായിരുന്നില്ല. 'നാം രണ്ട് നമുക്ക് രണ്ട്' തുടങ്ങിയ പരസ്യങ്ങളിലും ഗർഭനിരോധന മാർഗങ്ങൾ വിപുലപ്പെടുത്തിയും മറ്റുമാണ് നമ്മൾ ജനസംഖ്യയെ നിയന്ത്രിച്ചിരുന്നത്. അതുപോലും നമുക്കും ഇപ്പോൾ തിരിച്ചടിയായി മാറിയിരിക്കുകയാണെന്നാണ് രാജ്യത്തെ ജനസംഖ്യാ വ്യതിയാനത്തിന്റെ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ജനസംഖ്യാ വ്യതിയാനത്തിലെ മാറ്റങ്ങൾ സസൂക്ഷ്മം പഠിച്ചാൽ മാത്രമേ ഓരോ രാജ്യത്തിനും ഭാവി വികസന പദ്ധതികൾ ആവിഷ്കരിക്കാനാവൂ. കഴിഞ്ഞ സ്വാതന്ത്ര്യ‌ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനസംഖ്യാ ദൗത്യത്തിന്റെ തുടർച്ചയെന്നോണം രാജ്യത്തെ ജനസംഖ്യാ വ്യതിയാനത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിയെ നിയമിച്ചിരിക്കുന്നു. ഇതിനെതിരെ രാഷ്ട്രീയമായ പല വിമർശനങ്ങളും ആക്ഷേപങ്ങളും പല കേന്ദ്രങ്ങളും ഉന്നയിക്കുമെങ്കിലും ഇത്തരം കാര്യങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച് ഡേറ്റകൾ സമാഹരിക്കേണ്ടത് ഇന്നത്തെ കാലത്ത് ഏതൊരു രാജ്യത്തിന്റെയും മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതമാണ്. സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് പ്രകാശ് പ്രഭാകർ നവ്‌ലേക്കർ ആണ് ജനസംഖ്യാ വ്യതിയാനം പഠിക്കാനുള്ള അഞ്ചംഗ സമിതിയുടെ അദ്ധ്യക്ഷൻ. ജനന നിരക്കിലെ വ്യത്യാസങ്ങൾ, അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം, സാമ്പത്തിക അവസരങ്ങൾ, മറ്റ് സാമൂഹിക-പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയുൾപ്പെടെ ജനസംഖ്യാ മാറ്റങ്ങളുടെ കാരണങ്ങളും സമിതി പഠിക്കുന്നതായിരിക്കും.

അനധികൃത കുടിയേറ്റങ്ങൾ ലോകത്ത് ഒരു രാജ്യവും ഇക്കാലത്ത് അനുവദിക്കുകയില്ല. ഒരുകാലത്ത് അങ്ങനെ അനുവദിച്ചിരുന്നതിന്റെ തിക്തഫലങ്ങളാണ് ഇപ്പോൾ അനധികൃത കുടിയേറ്റം എല്ലാ രാജ്യങ്ങളും തടയാൻ കാരണമായിട്ടുള്ളത്. ഇന്ത്യയും ആ മാർഗം സ്വീകരിക്കുമ്പോൾ അതിനെ രാഷ്ട്രീയമായി വിമർശിച്ചിട്ട് കാര്യമില്ല. വിദ്യാഭ്യാസമുള്ള ദമ്പതികൾ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഒരിക്കലും ഏതെങ്കിലും മതമേലദ്ധ്യക്ഷന്മാരുടെയോ രാഷ്ട്രീയ നേതാക്കന്മാരുടെയോ ആഹ്വാനപ്രകാരമായിരിക്കില്ല. നമ്മുടെ രാജ്യത്ത് കുട്ടികളുടെ എണ്ണം പൊതുവെ കുറയുന്നതിന്റെ പ്രധാന കാരണങ്ങൾ സാമ്പത്തിക വശവുമായി ബന്ധപ്പെട്ടതാണ്. പഠന, ആരോഗ്യ, പാർപ്പിട ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചുവരുന്നതാണ് കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താൻ ദമ്പതികളെ ഏറ്റവും കൂടുതൽ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. രണ്ട് ദശാബ്ദങ്ങൾക്കപ്പുറം ഇന്ത്യയുടെ ജനസംഖ്യാ വളർച്ച പിറകോട്ടാവും സഞ്ചരിക്കുക എന്നാണ് വിദഗ്ദ്ധന്മാർ പറയുന്നത്. അതിനാൽ രാജ്യത്തെ ജനസംഖ്യാ വ്യതിയാനത്തെക്കുറിച്ച് വിശദമായ പഠനം നടത്തേണ്ടത് ഒഴിവാക്കാനാകുന്ന സംഗതിയല്ല.