
അല്ലാഹുവിന്റെ കല്പന നിറവേറ്റാനുള്ള സഹനവും ത്യാഗവും അന്തിമ വിജയം നൽകുമെന്നാണ് ബലിപെരുന്നാൾ നൽകുന്ന പാഠം. ക്ഷമയും സമർപ്പണവും പരമമായ വിജയതീരത്തേക്ക് അടുപ്പിക്കുമെന്നത് ഉൾക്കൊണ്ടാവണം നമ്മൾ ബലിപെരുന്നാൾ ആഘോഷിക്കേണ്ടത്. ഐഹികമായ ഇച്ഛകളിൽ അഭിരമിക്കാതെ, പരലോക മോക്ഷം ലക്ഷ്യം വച്ചുള്ള ആഘോഷമായിരിക്കണം വിശ്വാസിയുടേത്.
വാർദ്ധക്യകാലത്ത് ലഭിച്ച കുഞ്ഞിനെ ബലിയർപ്പിക്കണമെന്ന കല്പനയെ ക്ഷമാപൂർവം നേരിട്ട ഇബ്രാഹീം നബിക്കും ഹാജറ ബീവിക്കും സർവലോക രക്ഷിതാവ് സന്തോഷം നൽകി. ആ സന്തോഷം മാനവ ലോകത്തിന്റെ മുഴുവൻ ആഘോഷമാക്കി മാറ്റി. ഇബ്രാഹീം നബിയുടെയും ഹാജറ ബീവിയുടെയും ജീവിത പ്രതിസന്ധികൾ ലോകം മുഴുവൻ അറിയാനും അനുഭവിക്കാനും ഹജ്ജ് എന്ന കർമ്മം സംവിധാനിക്കുകയും ചെയ്തു.
അല്ലാഹുവിലേക്ക് അടുക്കാനുള്ള ആത്മീയ വഴിയാണ് ഹജ്ജ്. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ തൂവെള്ള വസ്ത്രം ധരിച്ച്, ലബ്ബൈക്ക് ഉച്ചരിച്ച് ഹജ്ജാജികൾ ഒഴുകുന്നത് ഏകനാഥനിലേക്കാണ്. പാവനമായ ഹജ്ജ് യാത്ര പുതിയ അറിവുകളും തിരിച്ചറിവുകളും അനുഭവങ്ങളുമാണ് സമ്മാനിക്കുന്നത്. ഇബ്രാഹീം നബിയുടെ സമർപ്പണത്തിന്റെയും ഹാജറ ബീവിയുടെ സഹനത്തിന്റെയും ഇസ്മാഈൽ നബിയുടെ ആത്മവീര്യത്തിന്റെയും പാഠങ്ങൾ നമുക്കുള്ളിൽ നിറയ്ക്കുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഏറ്റവും പ്രിയപ്പെട്ടത് സമർപ്പിക്കാനുള്ള സന്നദ്ധതയും ആ ചരിത്രം നമുക്ക് നൽകുന്നു.
അതോടൊപ്പം ദേശത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും നിറത്തിന്റെയും പേരിൽ പരസ്പരം വിഘടിച്ചു നിൽക്കേണ്ടവരല്ല, മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശവും ഹജ്ജും പെരുന്നാളും നൽകുന്നു. അറഫയും മുസ്ദലിഫയും മിനായുമെല്ലാം പകർന്നു നൽകുന്നത് സാഹോദര്യത്തിന്റെ പാഠങ്ങൾ തന്നെയാണ്. വർഗ, വർണ്ണ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരും ഒരേമനസോടെ, ഒരേ ഈണത്തിൽ നാവിൽ തൽബിയത്തിന്റെ മന്ത്രങ്ങളും ഉരുവിട്ട് സ്രഷ്ടാവിനോടുള്ള ഭയഭക്തിയും പ്രാർത്ഥനകളുമായി ഹജ്ജ് കർമ്മം പൂർത്തീകരിക്കുന്നു. വിവേചനമില്ലാതെ പുണ്യഭൂമിയിൽ സമ്മേളിക്കുന്ന വിശ്വാസികൾ മാനവ ഐക്യത്തിന്റെ പ്രഖ്യാപനമാണ് ഹജ്ജിലൂടെ നടത്തുന്നത്.
ഇത്തവണ ഹജ്ജിന് പോകാൻ കഴിയാതെ വീടുകളിൽ പെരുന്നാൾ ആഘോഷിക്കാൻ വിധിക്കപ്പെട്ടവരും പെരുന്നാളിന്റെ പൊരുളറിഞ്ഞ്, മനസിൽ രൂപപ്പെട്ട വിയോജിപ്പിന്റെയും വിവേചനത്തിന്റെയും മതിൽക്കെട്ടുകൾ ഇല്ലാതാക്കി അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ച് ഈ ദിനം കഴിച്ചുകൂട്ടണം. ഭിന്നിപ്പുണ്ടാകാനും പരസ്പരം പുറംതിരിഞ്ഞു നിൽക്കാനും കേവലമായ കാരണങ്ങൾ മാത്രം ആവശ്യമുള്ള കാലത്ത് ഇത്തരം ആഘോഷ വേളകളെല്ലാം സൗഹൃദങ്ങൾ പുതുക്കാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും അന്യോന്യം യോജിപ്പുണ്ടാക്കാനുമുള്ള വേദികളാക്കി മാറ്റണം.
തക്ബീർ ധ്വനികളുയർത്തിയും ആരാധനകളിൽ മുഴുകിയും സ്‌നേഹബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ദിനത്തെ സജീവമാക്കണം. ത്യാഗപൂർണമായ ജീവിതത്തിന്റെ ഓർമ്മപുതുക്കലിനെ അതേവിശുദ്ധിയിൽ തന്നെയാണ് നാമോരോരുത്തരും ഉൾക്കൊള്ളേണ്ടത്. അതോടൊപ്പം പെരുന്നാളിന്റെ ആഘോഷങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും തടസങ്ങളുള്ളവർക്കായി പ്രാർത്ഥിക്കുകയും ചെയ്യണം. ലോകത്ത് യുദ്ധക്കെടുതിയുടെ വറുതിയിൽ ജീവിക്കുന്ന മാനവർക്കൊപ്പം നമ്മൾ ചേർന്ന് നിൽക്കണം.
രാജ്യത്ത് പലയിടങ്ങളിലുമുണ്ടാകുന്ന ചില സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ നാം വിവേകപൂർവം കൈകാര്യം ചെയ്യണം. ഇത്തരം പ്രവൃത്തികൾക്കെതിരെ പ്രതിഷേധിക്കുകയും നീതിന്യായ കോടതികളിൽ വാഗ്വാദങ്ങൾ ഉന്നയിക്കുകയും ചെയ്യണം. എന്നാൽ, വർഗീയ ചേരിതിരിവിന് ഇട നൽകാതെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്. ഇത്തരം ഘട്ടത്തിൽ സഹനത്തോടെയും ത്യാഗത്തോടെയും ജീവിക്കുക എന്നതായിരിക്കും നമ്മുടെ നിയോഗം. അതിനും അല്ലാഹു പുണ്യം നൽകും. ഇൻഷാഅല്ലാഹ്.
ചരിത്രം പകർന്നു നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട്, നമുക്ക് പ്രതിസന്ധികളെ മറികടക്കാം. സർവ്വശക്തൻ പുണ്യദിനം ശരിയായി വിനിയോഗിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ. അല്ലാഹു അക്ബർ.... വലില്ലാഹിൽ ഹംദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |