'കരയണോ, ചിരിക്കണോ'; 'രക്ഷാപ്രവർത്തനം' വീണ്ടും

Monday 01 June 2026 1:14 AM IST

'ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും.' കരയണോ, ചിരിക്കണോ എന്ന ധർമ്മ സങ്കടത്തിലായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ മുഖമന്ത്രി വി.ഡി.സതീശൻ. കൃത്യമായി പറഞ്ഞാൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാ‌ടക വീട്ടിൽ ഇ.ഡി അപ്രതീക്ഷിത റെയ്ഡ് നടത്തിയത് മുതൽ.

പിണറായിയുടെ മകൾ വീണയുമായി സി.എം.ആർ.എൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഒരേസമയം സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽ റെയ്ഡ്. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡൽഹിയിലെത്തിയ വി.ഡി.സതീശൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അതേ ദിവസമായിരുന്നു റെയ്ഡ്. അതിന്റെ തലേ ദിവസം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കേന്ദ്ര സർക്കാരും സതീശനും ചേർന്ന് ഒപ്പിച്ച പണി തന്നെയെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു.

അന്ന് തുടങ്ങിയതാണ് ഈ വിഷയത്തിലുള്ള സതീശന്റെ മൗനം. തുടർന്നുള്ള മൂന്ന് ദിവസം ചാനലുകാർ ഡൽഹിയിലും കേരളത്തിലുമായി 12 തവണയാണ് പിന്നാലെ നടന്ന് വായിൽ മൈക്ക് തിരുകി നോക്കിയത്. കിം ഫലം. അവർ തോറ്റു പിന്മാറി.നാലാം നാൾ സതീശൻ മൗനം ഭഞ്ജിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ താൻ അതിനു മുമ്പ് പത്രങ്ങളിലും,ചാനലുകളിലും മാത്രമേ കണ്ടിട്ടുള്ളൂ.മോദിയെ ഡൽഹിയിൽ ചെന്ന് നേരിട്ട് കണ്ടത് ജീവിതത്തിലാദ്യം. താൻ പറഞ്ഞിട്ടായിരുന്നോ റെയ്ഡ് ?.

എന്തായാലും ഒരു കാര്യത്തിൽ സതീശൻ സന്തോഷവാനാണ്. ആളുകളെ കണ്ടാൽ ചിരിക്കാതെ കക്ഷത്ത് ഡയറി വച്ചത് പോലെ മസിൽ പിടിച്ച് നടന്ന സി.പി.എം നേതാക്കൾ ഒടുവിൽ താൻ കാരണമെങ്കിലും തമാശ പറഞ്ഞു തുടങ്ങിയല്ലോ.സ്വകാര്യ വാഹനങ്ങളിൽ മോഡിഫിക്കേഷൻ അനുവദിക്കുമോ എന്ന വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായി,ചുണ്ട് കടിച്ച് കണ്ണുകൾ ഇറുക്കി പ്രത്യേക സ്റ്റൈലിലുള്ള വൈറൽ ചിരിയോടെ , 'പൂക്കി മുഖ്യമന്ത്രി' എന്ന പേരും പതിഞ്ഞു.



വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിൽ വച്ച അവസ്ഥയിലാണ് സി.പി.എമ്മെന്ന് അണികളും പറയുന്നു. പിണറായിയുടെ മകൾ വീണയുടെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വാടക വീട്ടിൽ ഉൾപ്പെടെ ഇ.ഡി എട്ടര മണിക്കൂർ നേരം നടത്തിയ റെയ്ഡിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങളും ഉണ്ടാവാം. ഇ.‌ഡി റെയ്ഡ് നേരിടുന്ന പ്രതിപക്ഷ പാർട്ടികളുടെ മുഖ്യമന്ത്രിമാരും മറ്റ് നേതാക്കളും നേരേ പോയി ബി.ജെ.പിയിൽ ചേർന്നാലുടൻ ഇ.ഡി ആ കേസിന്റെ കട്ടയും പടവും മടക്കുമെന്നതിന് ഉദാഹരണം,​ കോൺഗ്രസുകാരനായിരുന്ന ഹിമന്ത ബിശ്വാസ് ശർമ്മ ഇപ്പോൾ അസാമിൽ ബി.ജെ.പി മുഖ്യമന്ത്രിയായിരിക്കുന്നത് തന്നെ.

പക്ഷേ,പിണറായിയെ അല്ല,ആ വീട്ടിൽ താമസിക്കുന്ന മകൾ വീണയെ ചോദ്യം ചെയ്യുകയും, രേഖകളുണ്ടെങ്കിൽ പിടിച്ചെടുക്കുകയുമായിരുന്നു ഇ.ഡിയുടെ ലക്ഷ്യം. ഇ.ഡി തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് പിണറായി തന്നെ വെളിപ്പെടുത്തിയതാണല്ലോ. പിന്നെ എന്തിനായിരുന്നു,റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെയും അവർ സഞ്ചരിച്ച വാഹനങ്ങളേയും സി.പി.എം ഉന്നത നേതാക്കളുടെ സാന്നിദ്ധ്യത്തിൽ പാർട്ടി പ്രവർത്തകർ ആക്രമിച്ചത്?. നേതാക്കൾ ഇടപെട്ട് ആക്രമണം തടയാതിരുന്നതെന്ത്?.

ആക്രമണം നടത്തിയ ഇരുപത്തിയഞ്ചോളം പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസ്.അതിൽ ചിലർ റിമാൻഡിലാണ്. പിണറായി വി‌ജയന്റെ മകളാണെങ്കിലും, വീണയ്ക്കെതിരായ കേസ് തികച്ചും വ്യക്തിപരമാണ്.അത് പാർട്ടിക്കോ,പിണറായിക്കോ പോലും എതിരല്ല. പിന്നെ എന്തിനാണ് പാർട്ടിക്കെതിരായ നടപടിയായി അതിനെ ചിത്രീകരിക്കാൻ പാർട്ടി മുതിർന്നത്?. ആക്രമണം തെറ്റായിപ്പോയെന്ന് പിന്നീട് കുമ്പസരിച്ചിട്ട് എന്ത് കാര്യം?.

2020ൽ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷുമായി ബന്ധപ്പെട്ട കേസിൽ,​ അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡി റെയ്ഡ് നടന്നപ്പോൾ പാർട്ടി അതിനെതിരെ ഒരു പ്രതിരോധവും ഉയർത്തിയില്ല. കോടിയേരി പോലും അതേറ്റെടുത്തില്ല.ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന നിലപാടെടുത്ത കോടിയേരിയിൽ കണ്ടത് യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവിനെയാണ്. വൈകാതെ അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുകയും ചെയ്തു.

ആ റെയ്ഡിനെക്കുറിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പറഞ്ഞത്,അന്വേഷണ ഏ‌ജൻസിക്ക് എന്തെങ്കിലും തെളിവ് കിട്ടിക്കാണുമെന്നും, കേസിനെ ആ കുടുംബം നിയമപരമായി നേരിടുമെന്നുമായിരുന്നു. ഇപ്പോൾ പിണറായിയുടെ വീട്ടിൽ നടന്ന റെയ്ഡിനെതിരെ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചവരുടെ മുൻനിരയിൽ ബിനീഷ് കോടിയേരിയും ഉണ്ടായിരുന്നുവെന്നതാണ് കൗതുകകരം. അതിന്റെ പേരിലെങ്കിലും,​ ബിനീഷിന് നിഷേധിക്കപ്പെട്ടിരുന്ന പാർട്ടി അംഗത്വം തിരിച്ചു കിട്ടിയല്ലോ.



സി.എം.ആർ.എൽ എന്ന കമ്പനിയിൽ നിന്ന് പകരം സേവനം നൽകാതെ അവിഹിതമായി 2.78 കോടി രൂപ കൈപ്പറ്റിയെന്നതാണല്ലോ പിണറായിയുടെ മകൾ വീണയ്ക്കെതിരായ കേസ്. കൈപ്പറ്റിയത് കള്ളപ്പണമല്ലെന്ന് തെളിയിക്കേണ്ട ബാദ്ധ്യത വീണയ്ക്ക് മാത്രമാണ്.പാർട്ടിക്കല്ല. പിന്നെ എന്തിന് പാർട്ടിയുടെ വിഷയമായി അതേറ്റെടുത്തു എന്നതാണ് ഉയരുന്ന എതിർവാദം.

ജനരോഷത്തിൽ നിലം പൊത്തിയ പാർട്ടിയും മുന്നണിയും ജനവിശ്വാസമാർജ്ജിച്ച് ഉയിർത്തെഴുന്നേൽക്കേണ്ടത് ജനകീയ വിഷയങ്ങളിൽ അവരെ അണിനിരത്തിയുള്ള നിരന്തര സമരങ്ങളിലൂടെയാവണം. അല്ലാതെ, അഴിമതിക്കേസുകളിൽ പ്രതിരോധം തീർത്തു കൊണ്ടല്ലെന്ന ചിന്ത പാർട്ടിയിൽ തന്നെ ഉയരുന്നു. ഇ.ഡി സംഘത്തെ ആക്രമിച്ചത് പാർട്ടി പ്രവർത്തകരല്ല,പിണറായിയുടെ ആരാധകരാണെന്നാണ് സി.പി.എം നേതാവ് ഇ.പി.ജയരാജന്റെ വ്യാഖ്യാനം.ഇങ്ങനെ കുറെ ആരാധകരുണ്ടായാൽ മതി പാർട്ടിക്ക് രക്ഷപ്പെടാൻ.

സി.പി.എമ്മിന്റെ ആക്രമണം ഇങ്ങനെയല്ലെന്നാണ് പാർട്ടിയുടെ അഭിനവ താത്വികാചാര്യൻ എം.സ്വരാജിന്റെ ഭാഷ്യം. അപ്പോൾ,യഥാർത്ഥ ആക്രമണം ഇ.ഡി സംഘത്തിന് താങ്ങാവുന്നതിലും അപ്പുറമാവുമോ?. യാഥാർത്ഥ്യം ഇനിയും ഉൾക്കൊള്ളാതെ, ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമം പാർട്ടിക്ക് എത്ര മാത്രം ഗുണം ചെയ്യുമെന്നതാണ് ചോദ്യം. ഇ.ഡി സംഘത്തെ പാർട്ടി പ്രവർത്തകർ ആക്രമിച്ചിട്ടില്ലെന്ന് പിണറായി വിജയൻ. അപ്പോൾ അവിടെ നടന്നത് അടുത്ത 'രക്ഷാപ്രവർത്തന'മായിരുന്നോ എന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ ട്രോളുകൾ.



സ്ത്രീകളെ ആദരിക്കുകയെന്നത് സാംസ്കാരിക ഉന്നമനത്തിന്റെ ലക്ഷണമാണ്.സ്ത്രീ പക്ഷം ചേർന്നു നിന്നുള്ള സതീശൻ സർക്കാരിന്റെ നടപടികളിൽ ആദ്യ കൈയടി നേടിയത് കെ.എസ്.ആർ.ടി.സി ബസിലെ സൗജന്യ യാത്രാ പ്രഖ്യാപനം. സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ കാലത്ത് മൂന്ന് ദിവസം അവധി, അസംഘടിത

മേഖലകളിലെ ജീവനക്കാരികൾക്കും ആറ് മാസത്തെ പ്രസവാവധി, തൊഴിലിടങ്ങളിൽ തുല്യ വേതനം, പ്രധാന പട്ടണങ്ങളിൽ സ്ത്രീകൾക്ക് പൊതു വിശ്രമ മുറികൾ, പൊതുഇടങ്ങൾ സ്ത്രീ സൗഹൃദം. തുടക്കം കൊള്ളാം. പിന്നീടത്, പുത്തനച്ചി പുരപ്പുറം തൂത്തതു പോലെയാകാതിരുന്നാൽ മതി.

(വിദുരരുടെ ഫോൺ:9946108221)