SignIn
Kerala Kaumudi Online
Monday, 01 June 2026 2.44 AM IST

പാഠം ഒന്ന്, പുതുയുഗ വിദ്യാലയം

education-

വീണ്ടുമൊരു അദ്ധ്യയന വർഷത്തിലേക്ക് നമ്മുടെ പൊതുവിദ്യാലയങ്ങൾ വാതിൽ തുറക്കുമ്പോൾ, അറിവിന്റെ മാത്രമല്ല, ഒരു പുതിയ ലോകക്രമത്തിന്റെ വിശാലമായ വാതായനമാണ് നാം തുറക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേവലം സാങ്കേതികവിദ്യയല്ല, നമ്മുടെ ചിന്തയെയും തൊഴിലിനെയും ജീവിതത്തെയും മാറ്റിമറിക്കുന്ന ഊർജ്ജസ്രോതസാണ്. ഈ നൂതനമായ മാറ്റത്തിനൊപ്പം സാമൂഹിക അവബോധത്തിന്റെ കരുത്തും ചേർന്നാൽ മാത്രമേ നമ്മുടെ ഭാവി വിദ്യാഭ്യാസം അർത്ഥപൂർണമാകൂ.


എ.ഐ കാലത്തെ ക്ലാസ് മുറികളും വിദ്യാർത്ഥികളുടെ വ്യക്തിഗത പഠനവും അദ്ധ്യാപകരിൽ ആശങ്ക ജനിപ്പിക്കേണ്ടതില്ല. മറിച്ച്, ഓരോ വിദ്യാർത്ഥിയുടെയും പഠനവേഗവും ശൈലിയും തിരിച്ചറിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അദ്ധ്യാപകരെ സഹായിച്ചു കൊണ്ടിരിക്കും. പിന്നാക്കം പോകുന്ന കുട്ടിയെ കണ്ടെത്തി പ്രത്യേക ശ്രദ്ധനൽകാൻ ഇത് കൂടുതൽ സഹായിക്കും. 'ഒരു വിദ്യാർത്ഥിയെയും പിന്നിലാക്കില്ല' എന്ന നമ്മുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായിത് മാറും. ഒപ്പം എല്ലാ അദ്ധ്യാപകരെയും സമർത്ഥരാക്കാൻ കഴിയുന്ന ഒരു പുതിയ അദ്ധ്യാപന- പഠനപ്രക്രിയയ്ക്ക് വഴിതെളിക്കും.

വീടകങ്ങളിൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഗാഡ്‌ജെറ്റുകളിലൂടെ നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ആൽഫ-ബീറ്റ- ഐപാഡ് കിഡ്സുകളുടെ മുന്നിൽ രണ പരാജിതരായ ചക്രവർത്തിമാരെപോലെ അദ്ധ്യാപകർ മാറിക്കൂടാ. എ.ഐ ടൂൾ അദ്ധ്യാപകന്റെ ഒരു പ്ലാനിംഗ് അസിസ്റ്റന്റ് ആയിരിക്കണം. അദ്ധ്യാപകന്റെ ബോസ് ആയിട്ടല്ല എ.ഐ പ്രവർത്തിക്കേണ്ടത്.


വിദ്യാർത്ഥികൾക്കിടയിൽ അദ്ധ്യാപകർക്ക് പകർന്നു നൽകാൻ കഴിയുന്ന സർഗാത്മകത ഒരിക്കലും എ.ഐക്ക് കഴിയില്ല. ചോദ്യം ചോദിക്കാൻ കുട്ടിയെ പഠിപ്പിക്കുന്നത് അദ്ധ്യാപകനാണ്. സംവാദം, കല, നാടകം, പരീക്ഷണം ഇതെല്ലാം അദ്ധ്യാപകന്റെ നേതൃത്വത്തിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ്. കുട്ടികളോട് വൈകാരികമായി ഇഴചേർന്ന് നിൽക്കാൻ അദ്ധ്യാപകർക്ക് മാത്രമേ കഴിയൂ. ക്ലാസിൽ എപ്പോഴും മൗനിയായിരിക്കുന്ന വിദ്യാർത്ഥിയുടെ മാനസിക പ്രശ്നങ്ങൾ തിരിച്ചറിയാൻ എ.ഐക്ക് കഴിയില്ല.

2020- 2025 വർഷങ്ങളിൽ കേരളത്തിൽ മൊത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതിനായിരത്തിലേറെ പോക്സോ കേസുകളാണ്. ഇതിൽ മിക്ക കേസുകളും വെളിച്ചത്തു കൊണ്ടുവരാൻ കാരണമായത് നല്ലവരായ അദ്ധ്യാപകരുടെ സ്നേഹ മസൃണമായ ഇടപെടലുകളിലൂടെയാണ്. അദ്ധ്യാപനം മൂല്യബോധനത്തിനു കൂടിയാണെന്ന തിരിച്ചറിവിൽ നിന്നാണ് മാതൃകാ അദ്ധ്യാപകർ പിറവിയെടുക്കുന്നത്.

നമ്മുടെ അദ്ധ്യാപകർ സാമ്പ്രദായികമായ അദ്ധ്യാപന രീതി തുടരുന്നതിനാൽ ഇപ്പോഴും ജോലിഭാരത്തിന് ഒട്ടും കുറവില്ല. ഇപ്പോൾ അദ്ധ്യാപകരുടെ 40ശതമാനം സമയവും ഹാജർ എടുക്കാനും പരീക്ഷാപേപ്പർ നോക്കാനും റിപ്പോർട്ട് തയ്യാറാക്കാനും മറ്റുമാണ് ചെലവഴിക്കുന്നത്. എ.ഐ ഇതെല്ലാം സെക്കന്റുകൾക്കുള്ളിൽ ചെയ്തുതീർക്കും. അതോടെ അദ്ധ്യാപകന് കുട്ടികളുടെ കൂടെ ചെലവഴിക്കാൻ കൂടുതൽ സമയം കിട്ടും. പിന്നാക്കം നിൽക്കുന്ന കുട്ടിക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കാനും, പാഠം പഠിപ്പിക്കുന്നതിലെ പുതിയ രീതികൾ പരീക്ഷിക്കാനും സമയം കിട്ടും. അതായത് അദ്ധ്യാപകന് ജോലി നഷ്ടപ്പെടുകയല്ല, ജോലിയുടെ 'ഗുണനിലവാരം' കൂടുകയാണ് ചെയ്യുന്നത്.

കുട്ടികൾ അദ്ധ്യാപകരോട് നിരന്തരം ചോദ്യം ചോദിച്ചു കൊണ്ടിരിക്കണമെന്നതുപോലെ എ.ഐയോട് ചോദ്യങ്ങൾ ചോദിക്കുവാനുള്ള കഴിവ് (പ്രോംപ്റ്റ് എൻജിനിയറിംഗ്) അദ്ധ്യാപകർ നേടിയെടുക്കണം. ChatGPT, Gemini, Khanmigo, Google note book പോലുള്ള എ.ഐ ടൂളുകൾ അനായസം കൈകാര്യം ചെയ്യാൻ കഴിയണം. സമീപഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് എ.ഐ ടൂളുകളുടെ കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കും.

മൂന്ന് ലക്ഷത്തിലധികം കുരുന്നുകളാണ് ഈ വർഷം ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഇന്നലെവരെ വീടായിരുന്നു അവരുടെ കുഞ്ഞുലോകം. ഇന്നുമുതൽ അവർ വിദ്യാലയത്തിന്റെ പുതിയൊരു എക്കോ സിസ്റ്റത്തിലേക്ക് പ്രവേശിക്കുകയാണ്. ഇനി അദ്ധ്യാപകരാണ് അവരുടെ രക്ഷിതാക്കൾ. അദ്ധ്യാപകരുടെ കൈപിടിച്ച് അവർ വളരണം.

നല്ല പാഠങ്ങൾ പഠിക്കണം

നമ്മുടെ കുഞ്ഞുമക്കൾ ജീവിത യാത്രയിലെ ഒരു പടവുകൂടി മുകളിലേക്ക് കയറുകയാണ്. പ്രൊമോഷൻ, അഥവാ ക്ലാസ് കയറ്റമെന്നത് കേവലം ഒരു ക്ലാസിൽ നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം മാത്രമല്ല. മറിച്ച് അറിവിന്റെയും അനുഭവങ്ങളുടെയും മറ്റൊരു ചുവടുകൂടി പിന്നിടലാണ്. അവിടെ നിങ്ങൾ നല്ല പാഠങ്ങൾ പഠിക്കണം. നല്ല സൗഹൃദങ്ങളുണ്ടാകണം. സഹപാഠിയെയും സഹജീവിയെയും കുറിച്ചുള്ള കരുതലുണ്ടാകണം. ഓരോ പടവിലും ചുവടുറപ്പിച്ചു വേണം മുന്നോട്ടു കുതിക്കേണ്ടത്. അവിടെ നിങ്ങൾക്ക് താങ്ങായും തണലായും ചുവടു പിഴയ്ക്കുമ്പോൾ കൈതാങ്ങായും നിങ്ങളുടെ അദ്ധ്യാപകരുണ്ടാകും.

പൊതുവിദ്യാഭ്യാസ മേഖലയിൽ നാം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ സർക്കാർ സംവിധാനങ്ങൾക്കും അദ്ധ്യാപർക്കുമൊപ്പം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കൂടിയുണ്ട്. നമ്മുടെ കുട്ടികൾ അവരുടെ ഒരു ദിവസത്തിന്റെ മൂന്നിലൊന്നും ചെലവഴിക്കുന്ന ഇടങ്ങളെന്ന നിലയിൽ നമ്മുടെ വീടിന്റെ മറ്റൊരു മുറിയായിതന്നെ വിദ്യാലയങ്ങളെ കാണണം. അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പഠന പാഠ്യേതര പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിലും രക്ഷിതാക്കൾ ജാഗ്രതയോടെ ഇടപെടണം.

ലോകോത്തര

നിലവാരം ലക്ഷ്യം

രാജ്യത്തിന് മാതൃകയായ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭാഷയിലും ശാസ്ത്രത്തിലും ഗണിതത്തിലും അടിസ്ഥാന പാഠങ്ങൾ സ്വായത്തമാക്കുന്നതോടൊപ്പം, ആത്മവിശ്വാസത്തോടെ ലോകത്തെ അഭിമുഖീകരിക്കാനുള്ള കഴിവും പ്രതിഭയും കുട്ടിക്ക് ആർജിക്കാൻ കഴിയണം. പാഠ്യപദ്ധതിയിലും അദ്ധ്യാപന-പഠന രീതികളിലും അതിനനുസരിച്ചുള്ള കാലോചിത മാറ്റങ്ങൾ വരണം.

വിദ്യാഭ്യാസവും തൊഴിലും ആഗോളവത്കരിക്കപ്പെട്ട കാലത്ത് ഏറ്റവും ചലനാത്മകതയുള്ള സമൂഹമായി മലയാളികൾ മാറിയിട്ടുണ്ട്. സ്വാഭാവികമായും സംസ്ഥാനത്ത് നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും കുട്ടികളുടെ സ്കൂൾ മാറ്റവും (School Transfer) സർവസാധാരണമായിട്ടുണ്ട്. അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള അക്കാഡമിക വഴക്കം (Academic Flexibility) നാം കൈവരിക്കേണ്ടതുണ്ട്. അതിനനുസൃതമായ പാഠ്യപദ്ധതി രൂപീകരിക്കേണ്ടതുണ്ട്.

6 മുതൽ 14 വയസുവരെയുള്ള എല്ലാ കുട്ടികളെയും സ്കൂളുകളിലെത്തിക്കാൻ മാത്രമല്ല അവർക്ക് മാനസിക സംഘർഷങ്ങളില്ലാത്ത പഠനം ഉറപ്പാക്കാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

ആദിവാസികൾ, ദളിത്- പിന്നാക്ക-ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി സാമ്പത്തിക സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ള എല്ലാ ദുർബലജനവിഭാഗങ്ങൾക്കും വിദ്യാഭ്യാസത്തിൽ സർക്കാർ സവിശേഷ പരിഗണന നല്കും. നിലവിലെ ആനുകൂല്യങ്ങൾക്ക് പുറമേ, വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായ പദ്ധതികൾ ആലോചിക്കും.

ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസമാണ് മറ്റൊരു പ്രധാന വിഷയം. സർക്കാർ, എയ്ഡഡ്,സ്വകാര്യ മേഖലകളിൽ അവർക്ക് വേണ്ടി പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനുപുറമേ പൊതു വിദ്യാലയങ്ങൾകൂടി ഭിന്നശേഷി സൗഹൃദമാകേണ്ടതുണ്ട്.

ചുരുക്കത്തിൽ, സാമൂഹ്യ പിന്നാക്കാവസ്ഥയോ, സാമ്പത്തിക പരാധീനതകളോ, ശാരീരിക,മാനസിക വെല്ലുവിളികളോ ഒരു കുട്ടിയുടെയും വിദ്യാഭ്യാസം നിഷേധിക്കാൻ കാരണമായിക്കൂടാ എന്നതാണ് സർക്കാരിന്റെ നിലപാട്. എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവർക്കും പ്രാപ്യമാകുന്ന സമത്വത്തിലും സാമൂഹ്യനീതിയിലും ഊന്നിനിൽക്കുന്ന ഒരു പൊതുവിദ്യാഭ്യാസ സംവിധാനമാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. അതിലേക്കുള്ള ഒരു പുതുയുഗയാത്രയുടെ തുടക്കമാകട്ടെ ഈ വിദ്യാഭ്യാസ വർഷം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY