തിരുവിതാംകൂർ രാജവംശവുമായി അടുത്തബന്ധം, ചരിത്ര പ്രാധാന്യമുള്ള കൊല്ലമ്പുഴ ദേവീ മൂർത്തി ക്ഷേത്രം

Tuesday 26 May 2026 2:00 PM IST

വെള്ളിയാഴ്ചകളിൽ മൂർത്തീദർശനവും ചൊവ്വാഴ്ചകളിൽ ദേവീ ദർശനവും ഏറെ പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒരു ക്ഷേത്രം തലസ്ഥാന ജില്ലയിലുണ്ട്. വെള്ളിയും ചൊവ്വയും മാത്രമാണ് ക്ഷേത്രം തു‌റക്കുന്നതും. നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ആറ്റിങ്ങൾ കൊല്ലമ്പുഴ ദേവീ മൂർത്തി ക്ഷേത്രത്തിന് തിരുവിതാംകൂർ രാജവംശവുമായും അടുത്തബന്ധമാണുളളത്. രാജകുടുംബത്തിന്റെ കുലദേവതയായ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാജകുടുംബത്തിലെ പല ആചാരങ്ങളും ചടങ്ങുകളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്. ഇതിന് സമീപത്താണ് കോയിക്കൽ കൊട്ടാരം. വാമനപുരം നദിയുടെ ആറ്റിങ്ങൽ ഭാഗമാണ് കൊല്ലമ്പുഴ എന്നപേരിൽ അറിയപ്പെടുന്നത്. ആറിനോട് ചേർന്നാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ടാണ് കൊല്ലമ്പുഴ എന്ന പേരുവന്നതെന്നാണ് കരുതപ്പെടുന്നത്.

പുരാതന പ്രകൃതി ആരാധനയുടെ തുടർച്ചയായാണ് ക്ഷേത്രത്തിൽ ശിവനെ ആരാധിക്കുന്നത്. മാ‌ടൻ, മറുത, യക്ഷി, നാഗം, ഗണപതി തുടങ്ങിയ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. ശിവനെ ആരാധിക്കുന്നതിലൂടെ ശത്രുക്കൾ അകലുമെന്നും രോഗ ദുരിതങ്ങൾ ഒഴിയുമെന്നുമാണ് വിശ്വസിക്കുന്നത്. ഇവിടെ എത്തുന്ന ഭക്തർ ശിവന് കോഴിയും പട്ടുതുണിയും സമർപ്പിക്കാറുണ്ട്. ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കുന്ന ശക്തികേന്ദ്രം എന്നനിലയിലാണ് പലരും ക്ഷേത്രത്തെത്ത കണക്കാക്കുന്നത്.

കൊല്ലമ്പുഴ ദേവീ മൂർത്തി ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങളുണ്ട്. എന്നാൽ ഉത്ഭവത്തെക്കുറിച്ച് ചരിത്രരേഖകളൊന്നും ലഭ്യമല്ല.എൻ എച്ചിന് സമീപത്തായതിനാൽ കേരളത്തിൽ എവിടെനിന്നും എളുപ്പത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേരാം.