ബംഗളൂരു മഡിവാള ബലാത്സംഗക്കേസ്; ഒന്നാംപ്രതി ഹെെനസ് അറസ്റ്റിൽ, പിടികൂടിയത് വയനാട്ടിൽ നിന്ന്?
ബംഗളൂരു: മഡിവാളയിൽ മലയാളി യുവതി ബലാത്സംഗത്തിനിരയായ കേസിലെ ഒന്നാംപ്രതി അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹെെനസിനെയാണ് പിടികൂടിയത്. വെള്ളിയാഴ്ച വെെകിട്ട് ഇയാളെ വയനാട്ടിൽ നിന്ന് കർണാടക പൊലീസ് പിടികൂടിയെന്നാണ് സൂചന. വെെദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റ് ഉപയോഗിച്ച് കർണാടകയിലെത്തിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ തുടർനടപടികൾക്ക് ശേഷം കോടതിയിലെത്തിക്കും.
മേയ് 12നാണ് ബംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്തുവച്ച് ബലാത്സംഗത്തിനിരയാക്കിയത്. യുവതി സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടെെം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്തെത്തിയാണ് ഹെെനസ് യുവതിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു യുവതി. ഇതിനിടെ ഹെെനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തതെന്നും യുവതി പറഞ്ഞു.
13നാണ് യുവതിയും സുഹൃത്തുക്കളും പരാതിയുമായി മഡിവാള പൊലീസിനെ സമീപിച്ചത്. രാവിലെ ഏഴുമണിയോടെ സ്റ്റേഷനിലെത്തിയ ഇവർ രാത്രി 11 മണിവരെ സ്റ്റേഷനിൽ തുടരേണ്ട സാഹചര്യമുണ്ടായി. പരാതി നൽകിയപ്പോൾ പൊലീസ് എഫ്ഐആർ ഇടാൻ പോലും തയ്യാറായിരുന്നില്ലെന്നും യുവതി പറഞ്ഞു.
ഇതിനിടെ, പൊലീസുകാരിൽ നിന്നടക്കം ഭീഷണി നേരിട്ടു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസുകാർ യുവതിയെയും സുഹൃത്തുക്കളെയും അറിയിച്ചു. തുടർന്നാണ് ഇവർ ഡിസിപിയെ സമീപിച്ചത്. പിന്നാലെ പരാതിയിൽ കേസെടുക്കുകയായിരുന്നു.